പുനലൂർ അടിപ്പാത: റെയിൽവേ ലൈൻ പൂർണമായി കമീഷൻ ചെയ്താലും യാഥാർഥ്യമാകില്ല

lead.... പുനലൂർ: ഏറെ വിവാദങ്ങൾക്ക് വഴിതെളിച്ച പുനലൂർ റെയിൽവേ അടിപ്പാത അടുത്തെങ്ങും യാഥാർഥ്യമാകില്ലന്ന് ഉറപ്പായി. പുനലൂർ--ചെങ്കോട്ട റെയിൽവേ ലൈൻ ബ്രോഡ്ഗേജ് മാറ്റം കഴിഞ്ഞ് ൈവകാതെ കമീഷൻ ചെയ്യുമെന്ന് ഉറപ്പായിരിക്കെ അടിപ്പാത പുനലൂരിനെ കുഴക്കുന്ന സാഹചര്യമാണ്. അടിപ്പാതക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്തുനൽകാൻ സംസ്ഥാന സർക്കാർ കാട്ടിയ അലംഭാവമാണ് കാരണം. കൊല്ലം-ചെേങ്കാട്ട ലൈനിൽ കൂടുതൽ ട്രെയിനുകൾ എത്തുന്നതോടെ മിക്ക സമയത്തും പേപ്പർമിൽ റോഡിലെ ഗേറ്റ് അടയുന്നത് ഗതാഗത കുരുക്കുമൂലം പുനലൂർ പട്ടണം സ്തംഭിക്കാൻ ഇടയാക്കും. പുനലൂർ-ഇടമൺ ലൈൻ ബ്രോഡ്ഗേജ് നിർമാണം രണ്ടുവർഷം മുമ്പ് പൂർത്തിയായ മുറക്ക് പേപ്പർമിൽ റോഡിലെ ഗേറ്റ് ഒഴിവാക്കാൻ റെയിൽവേ തൊട്ടടുത്ത് അടിപ്പാലം നിർമിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ചുള്ള റോഡ് നിർമിക്കേണ്ട ഭാഗത്തെ ഭൂമി സർക്കാർ പുറമ്പോക്കും സ്വകാര്യ വ്യക്തികളുടേതുമാണ്. എതുനിലയിലും റോഡ് നിർമാണം പൂർത്തിയാക്കി അടിപ്പാത ഉപയോഗപ്പെടുത്തണമെന്ന് റെയിൽവേ ഉന്നത അധികൃതർ കലക്ടറടക്കം ഉള്ളവരെ പലതവണ രേഖാമൂലം അറിയിച്ചു. എന്നാൽ, ആദ്യമൊക്കെ അധികൃതർ ഈ ആവശ്യത്തിന് വേണ്ടത്ര പരിഗണന നൽകിയില്ല. ഏറ്റെടുക്കുന്ന വസ്തുവി​െൻറ ഉടമകൾക്ക് നൽകാൻ പണം കണ്ടെത്താൻ കഴിയാത്തതാണ് ആദ്യം ഇതിന് തടസ്സമായി അധികൃതർ പറഞ്ഞിരുന്നത്. ജനപ്രതിനിധികളുടെയടക്കം സമ്മർദത്തെ തുടർന്ന് വസ്തു ഏറ്റെടുക്കുന്നതിന് ആവശ്യമായ പണം ഒന്നരവർഷം മുമ്പ് സർക്കാർ അനുവദിച്ച് പൊതുമരാമത്ത് വകുപ്പിന് കൈമാറി. എന്നിട്ടും മറ്റ് നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ റവന്യൂ അധികൃതരടക്കം തയാറായില്ല. എന്നാൽ, റെയിൽവേയാകട്ടെ അടിപ്പാതയുടെ കാര്യം അവഗണിച്ച് കഴിഞ്ഞ മാർച്ചിൽ പുനലൂരിൽനിന്ന് ഇടമണ്ണിലേക്ക് സർവിസ് ആരംഭിച്ചു. സർവിസ് തുടങ്ങിയതോടെ ദിവസവും പകൽ ആറും ഏഴും തവണ ഈ ഗേറ്റ് അടച്ചിടുന്നത് ഗതാഗത പ്രശ്നം സൃഷ്ടിച്ചുവരികയാണ്. ട്രെയിൻ സർവിസ് പൂർണതോതിൽ ആരംഭിക്കാൻ പോകുകയാെണന്ന് സൂചന ലഭിച്ചതിനെ തുടർന്ന് അടുത്തിടെയാണ് ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ അധികൃതർ ഉണർന്നത്. സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ. രാജു, കലക്ടർ അടക്കം ഉന്നത അധികൃതർ സ്ഥലത്തെത്തി ഭൂമി ഏറ്റെടുക്കൽ ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചിട്ടും കാര്യമായ പുരോഗതി ഉണ്ടായില്ല. ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായി ജില്ലതല സാമൂഹിക പ്രത്യാഘാത വിലയിരുത്തൽ സംഘം ഇതിനെക്കുറിച്ച് റിപ്പോർട്ട് നൽകേണ്ടതുണ്ട്. ഭൂ ഉമടകൾക്ക് ന്യായമായ നഷ്ടപരിഹാരവും സുതാര്യതയും പുനരധിവാസവും തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഈ സംഘം റിപ്പോർട്ട് നൽകേണ്ടത്. ഈ സംഘം അടുത്തിടെ പുനലൂരിലെത്തി പഠനം നടത്തിയിരുന്നു. സംഘത്തെ നിയോഗിച്ചുകൊണ്ട് കഴിഞ്ഞ 23നാണ് കലക്ടറുടെ വിജ്ഞാപനം ഉണ്ടായതുതന്നെ. ഏഴു സർവേ നമ്പറിലുള്ള 0.0577 ഹെക്ടർ സ്ഥലം എറ്റെടുക്കുന്നതിനെ സംബന്ധിച്ച വിലയിരുത്തലാണ് ഈ സംഘം ചെയ്യേണ്ടത്. രണ്ടു മുതൽ ആറുമാസം വരെയാണ് റിപ്പോർട്ട് നൽകാനുള്ള കാലാവധി. ഈ സംഘം അടുത്തിടെ പുനലൂരിലെത്തി പഠനം നടത്തിയെങ്കിലും ഇതുവരെയും റിപ്പോർട്ട് നൽകിയിട്ടില്ല. ഉടനെ റിപ്പോർട്ട് നൽകിയാലും ഭൂമി ഏറ്റെടുക്കുന്നതിന് പിന്നെയും കടമ്പകളേറെയുണ്ട്. വില സംബന്ധിച്ച് തർക്കമുെണ്ടങ്കിൽ ഭൂവുടമകൾ കോടതിയെ സമീപിച്ചാൽ ഭൂമി ഏറ്റെടുക്കൽ പിന്നെയും വൈകാനാണ് സാധ്യത.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.