സെൻറിന് ഏഴുലക്ഷം വിലമതിക്കുന്നിടത്താണ് 73,532 രൂപ നിശ്ചയിച്ചത് കൊല്ലം: ദേശീയപാത വികസനത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് തുച്ഛമായ വില നിശ്ചയിച്ച ദേശീയപാത അതോറിറ്റിയുടെ നടപടി പ്രക്ഷോഭം ക്ഷണിച്ചുവരുത്തുന്നു. ചേർത്തല-കഴക്കൂട്ടം പാതക്ക് ഏറ്റെടുക്കുന്ന ഭൂമിക്ക് ശരാശരി സെൻറിന് 73,532 രൂപയാണ് ദേശീയപാത അതോറിറ്റി തയാറാക്കിയ പദ്ധതിരേഖയിൽ നിശ്ചയിച്ചിരിക്കുന്നത്. ഇതിനെതിരെ സമരപരിപാടികൾ ആവിഷ്കരിക്കുകയാണ് ഹൈവേ ആക്ഷൻ ഫോറം. പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കണമെങ്കിൽ ഭൂമി വിട്ടുനൽകുന്നവരിൽ 70 ശതമാനംപേരുടെ സമ്മതം ആവശ്യമാണെന്നാണ് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം അനുശാസിക്കുന്നത്. ദേശീയപാതയോരത്ത് ഭൂമിക്ക് ശരാശരി ഏഴുലക്ഷം രൂപയെങ്കിലും വിലമതിക്കുമെന്നിരിക്കെയാണ് 73,532 രൂപ നിശ്ചയിച്ചിരിക്കുന്നത്. ഇൗവിലയ്ക്ക് ഭൂമി നൽകാൻ ആരും തയാറാവില്ല. ഇതോടെ പദ്ധതി വൻ വിവാദങ്ങൾക്കും സമരങ്ങൾക്കും വഴിെവക്കുമെന്ന് വ്യക്തം. ചേർത്തല മുതൽ - കഴക്കൂട്ടംവരെ 632 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിനായി നീക്കിെവച്ചിരിക്കുന്നത് 464.72 കോടി രൂപയാണ്. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം ഫെബ്രുവരി ഒമ്പത് 15 തീയതികളിലായി പുറത്തിറങ്ങിയിരുന്നു. ഏറ്റെടുക്കുന്ന ഭൂമികളുടെ സർവേ നമ്പറുകൾ, അളവ് എന്നിവ വിശദമാക്കുന്ന പത്രപരസ്യം ഒരാഴ്ചക്കകം പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും പരാതികളും ഉള്ളവർ പത്രപരസ്യം വന്ന് 21 ദിവസത്തിനകം അത്, ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കലക്ടറുടെ ഒാഫിസിൽ നൽകണം. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന വില അപര്യാപ്തമായതിനാൽ പരാതിപ്രളയമായിരിക്കും ഉണ്ടാവുക. 45 മീറ്റർ പാതയുടെ ഇരുവശങ്ങളിലും 80 മീറ്റർ ദൂരപരിധിയിൽ നിർമാണ നിയന്ത്രണമുണ്ടാകുമെന്നതു കൂടി ഉയർത്തിക്കാട്ടി പാതനിർമാണത്തിനെതിരെ വൻ പ്രചാരണം ഹൈവേ ആക്ഷൻ കൗൺസിൽ തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച ആക്ഷൻ കൗൺസിൽ യോഗം േചർന്ന് സമരപരിപാടികൾക്ക് രൂപം നൽകി. ഭൂമി വിട്ടുനൽകുന്നതിന് 70 ശതമാനം പേരുടെ സമ്മതം ആവശ്യമാണെന്ന വ്യവസ്ഥ ഉപയോഗപ്പെടുത്തി പരമാവധി ചെറുത്തുനിൽപ് സംഘടിപ്പിക്കാനാണ് തീരുമാനം. നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കാതെ ഭൂമി ഏറ്റെടുക്കുന്നതിനുള്ള 'ത്രീ എ' വിജ്ഞാപനം പുറത്തിറക്കിയത് പദ്ധതി ബാധിതരോടുള്ള വെല്ലുവിളിയായാണെന്ന് യോഗം വിലയിരുത്തി. ഏറ്റെടുക്കുന്ന ഭൂമിക്ക് 2013െല ഭൂമി ഏറ്റെടുക്കലും പുനരധിവാസവും നിയമം അനുസരിച്ച് പ്രതിഫലം നൽകും. ഭൂമിക്ക് കേമ്പാള വിലയുടെ ഇരട്ടി, 30 വർഷംവരെ പഴക്കമുള്ള കെട്ടിടങ്ങൾക്കും പുതുതായി നിർമിക്കുന്നതിനു വേണ്ടി വരുന്ന തുക കണക്കാക്കി നൽകും. മറ്റു നിർമിതികൾ, മരങ്ങൾ അവയിൽനിന്നുള്ള ആദായം എന്നിവയും കണക്കാക്കി പ്രതിഫലം നൽകും. എന്നെല്ലാമായിരുന്നു അതോറിറ്റിയുടെ വാഗ്ദാനങ്ങൾ. അതോറിറ്റി തയാറാക്കിയ പദ്ധതി രേഖപുറത്തുവന്നതോടെ നിയമവും വാഗ്ദാനവുമെല്ലാം നോക്കുകുത്തിയാകുമെന്ന ആശങ്കയാണ് പരന്നിട്ടുള്ളത്. ബിനു. ഡി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.