സപ്ലൈകോയിൽ 'ഹോർലിക്സ്' തിരിമറി: എ.ഐ.ടി.യു.സി സംസ്ഥാനനേതാവടക്കം ഏഴ് പേർക്ക് സസ്പെൻഷൻ

*3,53,246 രൂപയുടെ തിരിമറിയാണ് കണ്ടെത്തിയത് തിരുവനന്തപുരം: സപ്ലൈകോയിൽനിന്ന് മൂന്നരലക്ഷം രൂപയുടെ ഹോർലിക്സ് തിരിമറി നടത്തിയ സംഭവത്തിൽ എ.ഐ.ടി.യു.സി സംസ്ഥാന നേതാവടക്കം ഏഴ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേ‍യമായി സസ്പെൻഡ് ചെയ്തു. സപ്ലൈകോ വിജിലൻസ് എസ്.പി ബി. സുനിൽകുമാർ നൽകിയ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനും ഒരു ഉദ്യോഗസ്ഥനെ ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റാനും എം.ഡി. മുഹമ്മദ് ഹനീഷ് ഉത്തരവിട്ടത്. വലിയതുറ ഡിപ്പോയിലെ കസ്റ്റോഡിയനും എ.ഐ.ടി.യുസി സംഘടനയായ സപ്ലൈകോ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹിയുമായ വി. വിനോദ്, വി. മധു (വഴുതക്കാട് പൈപ്പർ മാർക്കറ്റ്), ജി. ഗോപകുമാർ -(പഴവങ്ങാടി പീപിൾസ് ബസാർ), എസ്. ബാലചന്ദ്രൻ-(തിരുവല്ലം സൂപ്പർ മാർക്കറ്റ്) ബിനുകുമാർ-(പോത്തൻകോട് സൂപ്പർ മാർക്കറ്റ്) കെ. രമേഷ് (ഞാണ്ടൂർക്കോണം സൂപ്പർ മാർക്കറ്റ്), ജി. സന്തോഷ് കുമാർ (കണിയാപുരം സൂപ്പർ മാർക്കറ്റ്) എന്നിവർക്കാണ് സസ്പെൻഷൻ. പീപിൾസ് ബസാറിലെ ജീവനക്കാരൻ എൻ.എസ്. ഷിബുലാലിനെയാണ് ജില്ലക്ക് പുറത്തേക്ക് സ്ഥലം മാറ്റാൻ നിർദേശിച്ചിരിക്കുന്നത്. നടപടിക്ക് വിധേയരായിരിക്കുന്നവരെല്ലാം സി.പി.ഐയുടെയും എ.ഐ.ടി.യു.സിയുടെയും സജീവ പ്രവർത്തകരാണ്. കഴിഞ്ഞ മാസം 15നാണ് സപ്ലൈകോ വിജിലൻസ് എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തി‍​െൻറ അടിസ്ഥാനത്തിൽ വലിയതുറ ജില്ല ഡിപ്പോ നോൺ മാവേലി ഗോഡൗണിൽ വിജിലൻസ് ഫ്ലയിങ് സ്ക്വാഡ് പരിശോധന നടത്തിയത്. പരിശോധനയിൽ ഗ്ലാക്സോ കമ്പനിയുടെ ഉൽപന്നങ്ങളിൽ 3,53,246 രൂപയുടെ കുറവ് കണ്ടെത്തി. ഹോർലിക്സാണ് കമ്പനി വിതരണം ചെയ്യുന്ന പ്രധാന ഉൽപന്നം. ഇതിന് പുറമെ നിലവിലുള്ള നടപടിക്രമം അനുസരിച്ചല്ല ഡിപ്പോയിൽനിന്ന് ഔട്ട് ലെറ്റുകളിലേക്കും തിരികെയും സാധനങ്ങൾ കൈമാറ്റം ചെയ്തിരിക്കുന്നതെന്നും അന്വേഷണസംഘം കണ്ടെത്തി. കേടുവന്നതും കാലാവധി കഴിഞ്ഞതുമായ സാധനങ്ങൾ ഔട്ട് ലെറ്റുകളിൽ ഇരിക്കുന്നതിനാലാണ് ഈ കുറവു വന്നതെന്നായിരുന്നു ഇതിന് വിനോദ് വിജിലൻസിന് നൽകിയ വിശദീകരണം. വിശദീകരണെത്ത തുടർന്ന് ഔട്ട് ലെറ്റുകളിലുള്ള പഴയ സ്റ്റോക്കുകളുടെ കണക്കുകൾ സമർപ്പിക്കാൻ മൂന്നു ദിവസത്തെ സാവകാശം അന്വേഷണ സംഘം നൽകി. എന്നാൽ, ഈ ദിവസങ്ങളിൽ ജില്ലയിലെ ഏഴ് മാവേലി വിൽപന കേന്ദ്രങ്ങളിലുള്ള പഴയ സ്റ്റോക്ക് വലിയതുറ ഗോഡൗണിലെത്തിച്ച് കുറവ് പരിഹരിക്കാനാണ് ബന്ധപ്പെട്ടവർ ശ്രമിച്ചത്. ഇതിെനക്കുറിച്ച് വിവരം ലഭിച്ചതോടെ ഏഴ് മാവേലി ഔട്ട് ലൈറ്റുകളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തി. ഇവിടെ സൂക്ഷിച്ചിട്ടുള്ള പഴയ സ്റ്റോക്കിലും കുറവ് കണ്ടെത്തിയതോടെയാണ് കുറ്റക്കാരെ അന്വേഷണത്തി‍​െൻറ ഭാഗമായി മാറ്റിനിർത്തണമെന്ന് വിജിലൻസ് എസ്.പി സപ്ലൈകോ എം.ഡിയോട് ആവശ്യപ്പെട്ടത്. അതേസമയം സിവിൽ സപ്ലൈസ് വകുപ്പിൽനിന്ന് സപ്ലൈകോയിലേക്ക് വരുന്ന ജീവനക്കാരും സപ്ലൈകോയിലെ തനത് ജീവനക്കാരും തമ്മിലുള്ള വടംവലിയാണ് നടപടികൾക്ക് പിന്നിലെന്നാണ് സപ്ലൈകോ എംപ്ലോയീസ് സംയുക്ത സമരസമിതിയുടെ നിലപാട്. സസ്പെൻഷനും സ്ഥലംമാറ്റവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച മേഖല ഓഫിസ് ഉപരോധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.