എ.ടി.എം കവർച്ച: മോഷ്​ടാക്കൾ എത്തിയത്​ വൻ സന്നാഹങ്ങളുമായി

കൊട്ടിയം: തഴുത്തലയിൽ എ.ടി.എം തകർത്ത് പണം കവർന്ന കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നൽകുന്ന വിവരം ഞെട്ടിപ്പിക്കുന്നത്. അന്തർസംസ്ഥാന മോഷണസംഘം വൻ സന്നാഹങ്ങളുമായാണ് കേരളത്തിലെത്തിയത്. മോഷണം നടക്കുന്നതിന് പത്തു ദിവസം മുമ്പാണ് ആറംഗസംഘം ഹരിയാനയിൽനിന്ന് തിരിച്ചത്. പതിനെട്ടാം തീയതി കൊല്ലത്തെത്തിയ ഇവർ ഗൂഗിൾ മാപ്പ് ഉപയോഗിച്ച് എ.ടി.എമ്മുകളുള്ള പ്രദേശങ്ങൾ കണ്ടെത്തി. പലയിടത്തും കാവൽക്കാരോ ഇടപാടുകാരോ ഉണ്ടായിരുന്നതിനാൽ കവർച്ച നടത്താൻ കഴിഞ്ഞില്ല. ഡീസൻറ്മുക്കിലെ എ.ടി.എം കവരാൻ ശ്രമിച്ചെങ്കിലും പണമെടുക്കാൻ ആളെത്തിയതിനാൽ നടന്നില്ല. തുടർന്നാണ് തഴുത്തലയിലെ എ.ടി.എം തെരഞ്ഞെടുത്തത്. കൂറ്റൻ ട്രക്കിലും കാറിലുമായാണ് സംഘം കേരളത്തിലെത്തിയത്. ബൈപാസ് റോഡിൽ ട്രക്ക് പാർക്ക് ചെയ്തശേഷം അഞ്ചുപേർ കാറിലെത്തിയാണ് കവർച്ച നടത്തിയത്. കൗണ്ടറിലെ കാമറകൾ നശിപ്പിച്ചശേഷം ഗ്യാസ് കട്ടർ ഉപയോഗിച്ച് എ.ടി.എമ്മി​െൻറ പൂട്ട് തകർത്ത് പതിനഞ്ച് മിനിറ്റുകൊണ്ട് 'ഓപറേഷൻ' പൂർത്തിയാക്കി മടങ്ങുകയായിരുന്നു. കവർച്ചക്കുശേഷം ട്രക്കിൽ സ്ഥാപിച്ച അഡീഷനൽ ഡീസൽ ടാങ്കിൽ പണവും ആയുധങ്ങളും നിറച്ച് മടങ്ങി. പിടിയിലായവരിൽ ഒരാൾ ഡൽഹി പൊലീസ് അഡീഷനൽ എസ്.ഐയുടെ മകനും ബിരുദവിദ്യാർഥിയും വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യനുമാണ്. തഴുത്തലയിൽനിന്ന് 6,16,200 രൂപ കവർന്ന് കോഴിക്കോട്, മൈസൂരു വഴി മഹാരാഷ്ട്രയിലെത്തി അവിടെയും കവർച്ച നടത്തിയശേഷം മധ്യപ്രദേശിൽ എത്തിയപ്പോഴാണ് പിടിയിലായത്. തഴുത്തലയിൽനിന്ന് കവർന്ന പണം വീതിച്ചെടുത്തെന്നും തങ്ങൾക്ക് ഒന്നര ലക്ഷം വീതം ലഭിച്ചെന്നും റിമാൻഡിലുള്ള പ്രതികൾ പറയുന്നു. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. കൊള്ളയടിച്ചുകിട്ടുന്ന പണം ഇവർ തീവ്രവാദികൾക്ക് കൈമാറുന്നെന്ന വിവരത്തി​െൻറ അടിസ്ഥാനത്തിൽ കേസ് എൻ.ഐ.എക്ക് കൈമാറുന്ന കാര്യം പൊലീസ് ആലോചിക്കുന്നുണ്ട്. ഹരിയാനയിലെ മേവാത്ത് ഗ്രാമം മുഴുവൻ ഹൈടെക് മോഷണത്തിന് പരിശീലനം ലഭിച്ചവരാണത്രെ. ചാത്തന്നൂർ എ.സി.പി ജവഹർ ജനാർദ്, കൊട്ടിയം പൊലീസ് ഇൻസ്പെക്ടർ അജയ് നാഥ്, ക്രൈം എസ്.ഐ തൃദീപ്ചന്ദ്രൻ, എസ്.ഐമാരായ അനൂപ്, സുന്ദരേശൻ, എസ്.സി.പി.ഒ അജയൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ ചോദ്യംചെയ്യുന്നത്. രക്ഷപ്പെട്ട പ്രതികളെ തേടി മറ്റൊരു സംഘം 26ന് ഹരിയാനയിലേക്ക് പോകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.