ചാത്തന്നൂർ: സ്കൂളിൽ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനിടെ സാമ്പാർ ശരീരത്ത് വീണ് ഒന്നാം ക്ലാസ് വിദ്യാർഥിക്ക് പൊള്ളലേറ്റു. ഉളിയനാട് സ്കൂളിനു സമീപം താമസിക്കുന്ന ദിനേശ് കുമാർ- ശാലിനി ദമ്പതികളുടെ മകനും ഉളിയനാട് ഗവ. ഹൈസ്കൂളിലെ വിദ്യാർഥിയുമായ കൈലാസ്നാഥിനാണ് പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം ഉച്ചക്ക് സ്കൂളിൽ ഉച്ചഭക്ഷണം നൽകുന്നതിനിടയിലാണ് സംഭവം. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി സാമ്പാർ വിളമ്പുന്നതിനിടെ കൈതട്ടി കൈലാസ്നാഥിെൻറ ശരീരത്ത് വീഴുകയായിരുന്നു. പൊള്ളലേറ്റ കുട്ടിയെ ചാത്തന്നൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. എന്നാൽ, നിർധന കുടുംബത്തിൽപെട്ട കൈലാസിന് പൊള്ളലേറ്റിട്ട് കുട്ടിയെ സന്ദർശിക്കാൻ സ്കൂളിലെ പ്രഥമാധ്യാപിക ശ്രമിച്ചില്ലെന്നും വ്യാഴാഴ്ച ചിലരുടെ സമ്മർദങ്ങൾക്ക് വഴങ്ങി വീട്ടിലെത്തുകയായിരുന്നെന്നും ആക്ഷേപമുണ്ട്. സ്കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യേണ്ടത് അധ്യാപകരോ അവരുടെ നിർദേശപ്രകാരം മുതിർന്നവരോ ആയിരിക്കണമെന്നിരിക്കെ വിദ്യാർഥികളെക്കൊണ്ട് ഭക്ഷണം വിതരണം ചെയ്യിപ്പിച്ചതാണ് പിഞ്ചുകുട്ടിക്ക് സാരമായി പൊള്ളലേൽക്കാൻ കാരണമെന്നും ആരോപണമുണ്ട്. ഇറച്ചി- മത്സ്യക്കടകളിൽ പരിശോധന: പഴകിയ മത്സ്യങ്ങൾ പിടികൂടി കൊട്ടിയം: തൃക്കോവിൽവട്ടം ഗ്രാമ പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും ചേർന്ന് ഇറച്ചിക്കടകൾ, മത്സ്യ മാർക്കറ്റ്, പൗൾട്രി ഫാമുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. മാർക്കറ്റിൽ കൂടുതലും വിൽപന നടത്തിയിരുന്നത് പഴകിയ മത്സ്യങ്ങളാണന്ന് കണ്ടെത്തി. അവയൊക്കെ പിടിച്ചെടുത്ത് നശിപ്പിച്ചു. ലൈസൻസ് ഇല്ലാത്തതും ശാസ്ത്രീയമായ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലാത്തതും പൊതുജനങ്ങൾക്ക് ഭീതി ഉണ്ടാക്കുന്ന വിധം അറവുമാടുകളുടെ മാംസവും അറുത്തുമാറ്റിയ തലയും കടകളുടെ മുന്നിൽ പ്രദർശിപ്പിക്കുകയും ചെയ്ത ഇറച്ചി കച്ചവടക്കാർക്ക് നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ നോട്ടീസ് പ്രകാരമുള്ള നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ പഞ്ചായത്തീരാജ് നിയമ പ്രകാരവും പൊതുജനാരോഗ്യ നിയമ പ്രകാരവും നടപടി സ്വീകരിച്ച് സ്ഥാപനം അടച്ചുപൂട്ടുമെന്ന് പഞ്ചായത്ത് സെക്രട്ടറി ജയചന്ദ്രൻ നായരും ഹെൽത്ത് ഇൻസ്പെക്ടർ വി. അജയകുമാറും അറിയിച്ചു. ലൈസൻസില്ലാതെയും വൃത്തിഹീനവുമായി മൈലാപ്പൂരിൽ പ്രവർത്തിക്കുന്ന പൗൾട്രി ഫാം അടച്ചുപൂട്ടി. വരും ദിവസങ്ങളിലും പരിശോധന തുടരും. പഞ്ചായത്ത് പ്രസിഡൻറ് ജെ. സുലോചന, വൈസ് പ്രസിഡൻറ് എ. സുകു, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീല, പഞ്ചായത്തംഗങ്ങളായ അജിത് കുമാർ, ലാല ആറാട്ടുവിള, ജെ.എച്ച്.ഐമാരായ സൂരജ്, ശ്രീലേഖ, പ്രദീപ് കുമാർ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.