തിരുവനന്തപുരം: ഹൈടെക് കള്ളന്മാർക്ക് മുന്നിൽ സംസ്ഥാനത്തെ സൈബർ പൊലീസ് സംഘം പരാജയപ്പെട്ടതോടെ ജില്ലയിൽ വീണ്ടും എ.ടി.എം തട്ടിപ്പ്. ഇത്തവണ നെയ്യാറ്റിൻകര സ്വദേശിക്ക് നഷ്ടമായത് 9,000 രൂപ. മൂന്നാഴ്ചക്കിടയിൽ തലസ്ഥാനത്ത് നടക്കുന്ന നാലാമത്തെ എ.ടി.എം തട്ടിപ്പാണിത്. നെയ്യാറ്റിൻകര കടവട്ടാരം സ്വദേശി രാജേഷ് കുമാറിനാണ് വെള്ളയമ്പലം ആൽത്തറമൂട് എസ്.ബി.ഐ ശാഖയിൽനിന്ന് പണം നഷ്ടമായത്. ഇതുസംബന്ധിച്ച് മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായി അറിയിച്ചുകൊണ്ട് വ്യാഴാഴ്ചയാണ് രാജേഷിന് മൊബൈൽ ഫോണിൽ എസ്.എം.എസ് സന്ദേശം ലഭിച്ചത്. തുടർന്ന് ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. രാജേഷ് കുമാറിെൻറ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി മൊബൈൽ അപ്ലിക്കേഷൻ വഴി പണം ചോർത്തിയെന്നാണ് ഇതുസംബന്ധിച്ച് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം. പരാതി പൊലീസ് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. നേരത്തേ നെട്ടയം എസ്.ബി.ഐ ശാഖയിൽനിന്ന് ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥക്ക് 56,000 രൂപയും എ.ടി.എം കാർഡ് ഒരുതവണപോലും ഉപയോഗിച്ചിട്ടില്ലാത്ത ബാലരാമപുരം സ്വദേശിനിയുടെ അക്കൗണ്ടിൽനിന്ന് 1,32,927യും കുറവൻകോണം സ്വദേശിയായ ഡോക്ടറുടെ അക്കൗണ്ടിൽനിന്ന് 30,000 രൂപയും സമാനരീതിയിൽ തട്ടിപ്പുനടന്നിരുന്നു. എന്നാൽ, നാളിതുവരെ മൂന്ന് പരാതികളിലും ഒരുതുമ്പ് പോലും കണ്ടെത്താൻ സൈബർ പൊലീസിന് സാധിച്ചില്ല. കഴിഞ്ഞമാസം 29ന് രാത്രി 11.50നും അടുത്തദിവസം പുലർച്ചെ 12.10നും ഇടയിലാണ് ഐ.എസ്.ആർ.ഒ ഉദ്യോഗസ്ഥയുടെ അക്കൗണ്ടിൽനിന്ന് ആറുതവണയായി പണം പിൻവലിച്ചത്. 10,000 രൂപ വീതമുള്ള അഞ്ച് ഇടപാടുകളും ആറായിരം രൂപയുടെ ഇടപാടുമാണ് നടന്നത്. പണം നഷ്ടമായതോടെ ഇ-മെയിൽ വഴി എ.ടി.എം കാർഡ് ബ്ലോക്ക് ചെയ്തതിനാൽ കൂടുതൽ പണം നഷ്ടമായില്ല. പ്രാഥമിക അന്വേഷണത്തിൽ സേലം ശിവജിപുരത്തെ എ.ടി.എം കൗണ്ടറിൽനിന്നാണ് പണം പിൻവലിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.