പുനലൂർ-ചെങ്കോട്ട പാത ഉദ്​ഘാടനം ഇന്ന്

പുനലൂർ: തെക്കൻകേരളത്തിലെ ട്രെയിൻ ഗതാഗതത്തിന് പുത്തൻ പ്രതീക്ഷ നൽകി പുനലൂർ- ചെങ്കോട്ട ബ്രോഡ്ഗേജ് പാത ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. പാതയിൽ കഴിഞ്ഞ മാർച്ച് 31 മുതൽ ഭാഗികമായി സർവിസ് തുടങ്ങിയെങ്കിലും ലൈൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരുന്നില്ല. ഒന്നേകാൽ നൂറ്റാണ്ടിന് മുമ്പ് കേരളത്തിനും തമിഴ്നാടിനുമിടയിൽ തീവണ്ടി ഗതാഗതത്തിനായി തുറന്ന കൊല്ലം-ചെങ്കോട്ട പാതയുടെ ഭാഗമായ പുനലൂർ - ചെങ്കോട്ട ലൈൻ എട്ടുവർഷമായി സർവിസ് നിലച്ചിരുന്നു. രാജ്യത്തെ ആദ്യ മീറ്റർ ഗേജുകളിലൊന്നായ പാത ബ്രോഡ്ഗേജാക്കുന്നതി​െൻറ ഭാഗമായാണ് സർവിസ് നിർത്തിവെച്ചിരുന്നത്. പുനലൂരിനും ചെങ്കോട്ടക്കും ഇടയിൽ 49 കിലോമീറ്റർ ദൂരത്തിൽ ഗേജ്മാറ്റത്തിനായി 375 കോടി രൂപയാണ് റെയിൽവേ ചെലവിട്ടത്. പുനലൂർ റെയിൽവേ സ്റ്റേഷൻ അങ്കണത്തിൽ ഉച്ചക്ക് ഒന്നിന് കേന്ദ്ര റെയിൽവേ സഹമന്ത്രി രജൻഗോഹൈൻ ഉദ്ഘാടനം ചെയ്യും. പുതിയ സർവിസുകളുടെ പ്രഖ്യാപനവും മന്ത്രി നിർവഹിക്കും. കേരളത്തിലെയും തമിഴ്നാട്ടിലെയും എം.പിമാരടക്കമുള്ള ജനപ്രതിനിധികൾ സംബന്ധിക്കും. പഴയ മദിരാശിയിൽനിന്ന് കേരളത്തിലെ പ്രധാനവാണിജ്യകേന്ദ്രമായ കൊല്ലത്തേക്ക് റെയിൽപാത സ്ഥാപിക്കുയെന്ന ആശയം അന്നത്തെ മദിരാശി ഗവർണറുടേതായിരുന്നു. യാത്രാസൗകര്യത്തിലുപരി കേരളവനത്തിലെ വനവിഭവങ്ങൾ കൊണ്ടുപോകാനായിരുന്നു പാത നിർമിച്ചത്. 1890ലാണ് നിർമാണം തുടങ്ങിയത്. കോട്ടവാസലിലെ തുരങ്കം കൂടാതെ ഈ മേഖലയിൽതന്നെ രണ്ടേകാൽ കിലോമീറ്ററോളം ദൂരം വരുന്ന മറ്റ് നാലുതുരങ്കങ്ങളും ഇതിനായി നിർമിച്ചു. രണ്ടുവർഷം കൊണ്ട് കൊല്ലം- പുനലൂർ പാത പൂർത്തിയാക്കി. 1902ൽ പരീക്ഷണാർഥം ഗുഡ്സ് വാഗൺ ഓടിച്ചു. അടുത്ത രണ്ടുവർഷം കൊണ്ട് പുനലൂർനിന്ന് ചെങ്കോട്ടവരെയും പാത പൂർത്തിയാക്കി. 1904 ജൂൺ ഒന്നിന് ചെങ്കോട്ടയിൽനിന്ന് കൊല്ലത്തേക്ക് ആദ്യ ട്രെയിൽ ഓടിക്കാൻ തീരുമാനിച്ചു. കനത്ത മഴയിൽ കോട്ടവാസൽ തുരങ്കത്തി​െൻറ ചുമർ ഇടിഞ്ഞത് കാരണം അവിടെനിന്നുള്ള സർവിസ് നടന്നില്ല. പകരം കൊല്ലത്തുനിന്ന് പുനലൂരിലേക്ക് ട്രെയിൻ ഓടിച്ചു. തുരങ്കം ബലപ്പെടുത്തി 1904 നവംബർ 26നാണ് കൊല്ലം- ചെങ്കോട്ട സർവിസ് ആരംഭിക്കുന്നത്. ഗേജ്മാറ്റം പൂർത്തിയായത് തടസ്സങ്ങളുടെ പാളങ്ങൾ കടന്ന് പുനലൂർ: രാജ്യത്തെ മീറ്റർ ഗേജുകൾ മാറ്റുന്നതി​െൻറ ഭാഗമായി കൊല്ലം- ചെേങ്കാട്ട പാത ബ്രോഡ്ഗേജാക്കാൻ 2005ലാണ് തീരുമാനമായത്. എന്നാൽ, പദ്ധതി ലക്ഷ്യത്തിലെത്താൻ നീണ്ടകാത്തിരിപ്പ് വേണ്ടിവന്നു. നിർമാണത്തി​െൻറ ഭാഗമായി ആദ്യം പുനലൂർ മുതൽ കൊല്ലം വരെ 2007 മേയ് ഒന്നിന് സർവിസ് നിർത്തി. രണ്ടുവർഷം കൊണ്ട് പൂർത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും 2010 മേയ് 12വരെ കാത്തിരിക്കേണ്ടിവന്നു. പുനലൂർ-ചെങ്കോട്ട ലൈനിലെ സർവിസ് 2010 സെപ്റ്റംബർ 20ന് നിർത്തി. മൂന്നുവർഷംകൊണ്ട് പണി പൂർത്തിയാക്കി സർവിസ് ആരംഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ആദ്യത്തെ മൂന്നുവർഷം പണിയൊന്നും നടത്തിയില്ല. കഴിഞ്ഞവർഷം പുനലൂർ മുതൽ ഇടമൺവരെയും ചെങ്കോട്ടയിൽനിന്ന് ഭഗവതിപുരം വരെയും ഭാഗികമായി സർവിസ് തുടങ്ങി. പഴയ അലൈമ​െൻറിൽ ചെറിയ മാറ്റങ്ങൾ വന്നതോടെ പാലങ്ങളും തുരങ്കങ്ങളും വീതി കൂട്ടി. പതിമൂന്ന് കണ്ണറ പാലം അടക്കം ബലപ്പെടുത്തുകയായിരുന്നു. നിർമാണത്തി​െൻറ ആദ്യഘട്ടംമുതൽ റെയിൽവേ അധികൃതർ കാട്ടിയ ഉദാസീനതയും അവഗണനയും പാതയുടെ ഉദ്ഘാടനപരിപാടിയുടെ സംഘാടനത്തിലും പ്രകടമായിട്ടുണ്ട്. - ബി. ഉബൈദ്ഖാൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.