ഹരിത കേരളം മിഷന്‍: പുലമണ്‍ തോട് നവീകരണം സമയബന്ധിതമായി പൂർത്തിയാക്കും

കൊട്ടാരക്കര: ഹരിത കേരളം മിഷന് കീഴില്‍ മാതൃകാ പദ്ധതിയായി പുലമണ്‍ തോട് നവീകരണം പൂര്‍ത്തിയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ പി. െഎഷാപോറ്റി എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എം.എല്‍.എയുടെ നേതൃത്വത്തില്‍ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയനും മേഖലയിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘം പുലമണ്‍ ജങ്ഷന്‍ മുതല്‍ മീന്‍പിടിപ്പാറവരെ തോടി​െൻറ വശങ്ങളില്‍ സംയുക്ത പരിശോധന നടത്തിയശേഷമാണ് നഗരസഭാ കാര്യാലയത്തില്‍ യോഗംചേര്‍ന്നത്. പുലമണ്‍തോട് നവീകരണം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ആവശ്യമാണെന്നും ഇതിനായി കുറ്റമറ്റപ്രവര്‍ത്തനമാണ് ആസൂത്രണം ചെയ്യേണ്ടതെന്നും എം.എല്‍.എ നിര്‍ദേശിച്ചു. മാതൃകാപദ്ധതി എന്ന നിലയില്‍ നവീകരണം നടപ്പാക്കുന്നതിന് എല്ലാവിഭാഗം ആളുകളും സഹകരിക്കണമെന്നും എം.എൽ.എ അഭ്യര്‍ഥിച്ചു. നവീകരണത്തിന് മുന്നോടിയായി അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുകയും മലിനീകരണം തടയുകയും ചെയ്യണമെന്ന് കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍ പറഞ്ഞു. പദ്ധതി നടപ്പാക്കുന്നതിന് പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്ന് കൊട്ടാരക്കര നഗരസഭാ ചെയര്‍പേഴ്സണ്‍ ബി. ശ്യാമളയമ്മ അറിയിച്ചു. നഗരസഭാ പരിധിയില്‍ കൈയേറ്റങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായിവരികയാണെന്നും മൈലം, മേലില, കുളക്കട ഗ്രാമപഞ്ചായത്തുകളിലെ കൈയേറ്റ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിന് പ്രത്യേകസര്‍വേ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും തഹസില്‍ദാര്‍ അറിയിച്ചു. സര്‍വേ ജോലികള്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാകും. തോട് നവീകരണത്തിന് വിവിധവകുപ്പുകള്‍ തയാറാക്കിയ പദ്ധതി നിര്‍ദേശങ്ങള്‍ ഏകീകരിച്ച് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കിയിട്ടുണ്ട്. മൈനര്‍ ഇറിഗേഷന്‍, ടൂറിസം, മണ്ണ് പര്യവേഷണ-മണ്ണ് സംരക്ഷണ വകുപ്പുകളുടെ ഫണ്ട്, ജില്ലാ പദ്ധതി വിഹിതം, എം.പിയുടെയും എം.എല്‍.എയുടെയും പ്രാദേശിക വികസന ഫണ്ട്, കൊട്ടാരക്കര നഗരസഭയുടെയും മൈലം, മേലില, കുളക്കട ഗ്രാമപഞ്ചായത്തുകളുടെയും വിഹിതം എന്നിവയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ സേവനവും ലഭ്യമാക്കും. നഗസഭയിലെ ജനപ്രതിനിധികളും വിവിധ വകുപ്പുകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.