ഇരവിപുരം: കായലിന് കാവൽ മതിലായി ഹരിതഭംഗി വിളിച്ചോതി നിൽക്കുന്ന കണ്ടൽച്ചെടികൾ സഞ്ചാരികൾക്ക് കൗതുക ക്കാഴ്ചയാകുന്നു. പരവൂർ കായലിൽ കക്കാ കടവിന് കിഴക്കുഭാഗത്താണ് കായലിൽ മതിൽ നിർമിച്ച പോലെ കണ്ടൽച്ചെടികൾ വളർന്നു പന്തലിച്ചു നിൽക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് റിസോർട്ട് നിർമിക്കാനെത്തിയവരാണ് ഇവിടെ കണ്ടൽച്ചെടികൾ നട്ടുപിടിപ്പിച്ചത്. ഓരോ പരിസ്ഥിതി ദിനത്തിലും കണ്ണിന് കുളിർമയേകുന്ന ഈ കണ്ടൽ കാണാൻ വിദ്യാർഥി സംഘങ്ങളടക്കം നിരവധിപേർ എത്താറുണ്ട്. ഏക്കറുകൾ വിസ്തൃതിയിലാണ് കണ്ടലുകൾ വളർന്നുനിൽക്കുന്നത്. കായലിൽ ചുറ്റുമതിൽ പോലെ നീളത്തിൽ നിൽക്കുന്നതിനാൽ കാഴ്ചഭംഗി ഏറെയാണ്. തീരസംരക്ഷണത്തിനും മത്സ്യസമ്പത്തിനും പക്ഷികളുടെ ആവാസത്തിനും ഏറെ സഹായകമായ ഈ കണ്ടൽച്ചെടികൾക്കിടയിൽ പക്ഷിസങ്കേതം പോലെ വിവിധയിനം പക്ഷികളും കൂടുകൂട്ടിയിട്ടുണ്ട്. കണ്ടൽചെടികൾ നിൽക്കുന്നതിനാൽ കായലിൽ ഈ ഭാഗത്തുനിന്ന് മത്സ‍്യം ധാരാളമായി ലഭിക്കാറുണ്ടെന്ന് മത്സ‍്യത്തൊഴിലാളികൾ പറയുന്നു. ഒരു ചെടിയിൽനിന്ന് തന്നെ നിരവധി വേരുകൾ ഇറങ്ങിയാണ് വലിയ കണ്ടലായി മാറിയത്. കായൽ കരയിൽനിന്ന് വളരെ ദൂരത്തിലുള്ള ഈ കണ്ടലിെൻറ ഭംഗി ആസ്വദിക്കാമെങ്കിലും അടുത്തു കാണണമെങ്കിൽ വള്ളത്തിൽ പോകണം. മയ്യനാട് മുക്കത്തും കായലിൽ ഹെൽപ് ഫൗണ്ടേഷെൻറ മേൽനോട്ടത്തിൽ കണ്ടൽചെടികൾ നട്ടുപിടിപ്പിക്കുന്നുണ്ട്. സ്വന്തമായി നഴ്സറി സ്ഥാപിച്ചാണ് പ്രഫ. പീറ്റർ പ്രദീപിെൻറ നേതൃത്വത്തിൽ കണ്ടൽച്ചെടികൾ വെച്ചുപിടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.