കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കോഴ്സുകൾ സമയബന്ധിതമാക്കണം- മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: കേരള സർവകലാശാല വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലെ കോഴ്സുകൾ കൃത്യവും സമയബന്ധിതവുമായി പൂർത്തിയാക്കാനും സെമസ്റ്റർ പരീക്ഷകൾ കൃത്യമായി നടത്താനും നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. സെമസ്റ്റർ പരീക്ഷകൾ കൃത്യമായ ഇടവേളകളിൽ നടത്തിയാൽ അഫിലിയേറ്റഡ് കോളജുകളിലെ വിദ്യാർഥികളെ പോലെ വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിലെ വിദ്യാർഥികൾക്കും ഒരു വർഷം പോലും പാഴാക്കാതെ വിജയിച്ച് ഉന്നത വിദ്യാഭ്യാസത്തിന് അവസരം ലഭിക്കുമെന്ന് കമീഷൻ ജൂഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. വിദ്യാർഥികൾ നൽകിയ പരാതിയിലാണ് ഉത്തരവ്. കമീഷൻ കോഴ്സ് ഡയറക്ടറിൽനിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. 25 ബിരുദ, ബിരുദാനന്തര കോഴ്സുകളാണ് വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്നത്. പ്രവേശന നടപടികൾ പൂർത്തിയാക്കാൻ നവംബർ 30 വരെ സമയമെടുക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അതിനാൽ ആദ്യ സെമസ്റ്റർ വൈകാനുള്ള സാധ്യതയുണ്ടെന്ന് കമീഷൻ വിലയിരുത്തി. പിന്നീടുള്ള സെമസ്റ്ററുകളെ ബാധിക്കാത്ത തരത്തിൽ ആദ്യ സെമസ്റ്ററിലെ പരീക്ഷ നടത്തണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. ആദ്യ സെമസ്റ്ററിലെ പഠനോപകരണങ്ങൾ പോലും നൽകിയിട്ടില്ലെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.