തിരുവനന്തപുരം: മേയിലെ റേഷൻ വിതരണം പൂർത്തിയാക്കുന്നതിന് റേഷൻ കടകൾ ഞായറാഴ്ച തുറന്നുപ്രവർത്തിപ്പിക്കണമെന്ന സിവില്‍ സപ്ലൈസ് ഡയറക്ടറുടെ നിർദേശം അംഗീകരിക്കില്ലെന്ന് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ. ഇതുസംബന്ധിച്ച് സംസ്ഥാന പ്രസിഡൻറ് ജോണി നെല്ലൂരും ജനറൽ സെക്രട്ടറി ടി. മുഹമ്മദാലിയും ഭക്ഷ്യമന്ത്രി പി. തിലോത്തമന് കത്ത് നൽകി. ഇ-പോസ് മെഷീനിെൻറ സർവർ തകരാറും ഗോഡൗണുകളിൽ തൊഴിലാളികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയുമാണ് മേയിലെ വിതരണം താളംതെറ്റിച്ചത്. ഇതുസംബന്ധിച്ച് പലതവണ മന്ത്രിക്കും സിവിൽ സപ്ലൈസ് ഡയറക്ടർക്കും കത്ത് നൽകിയതാണെന്നും ഇതൊന്നും പരിഗണിക്കാതെ വ്യാപാരികളുടെ മേൽ ജോലിഭാരവും മാനസിക സമർദവും അടിച്ചേൽപ്പിക്കാനുള്ള നടപടി അംഗീകരിക്കാനാകില്ലെന്നും സംഘടനാ നേതാക്കൾ മന്ത്രിയെ അറിയിച്ചു. നേരത്തെ മേയിലെ റേഷൻ വിതരണം പൂർത്തിയാകാത്തതിനെ തുടർന്ന് ജൂൺ അഞ്ച് വരെ സമയം നീട്ടി സിവിൽ സപ്ലൈസ് ഡയറക്ടർ ഉത്തരവിറക്കിയിരുന്നു. വ്യാപാരികളുടെ അവധി ദിവസമായ ജൂൺ മൂന്നിന് കടകൾ തുറന്നുപ്രവർത്തിക്കണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഇതിെൻറ പശ്ചാത്തലത്തിലാണ് സംഘടനാപ്രതിനിധികൾ മന്ത്രിക്ക് കത്ത് നൽകിയത്. തിരുവനന്തപുരമടക്കം സംസ്ഥാനത്തെ ഭൂരിഭാഗം ജില്ലകളിലും മേയ് അവസാനമാണ് റേഷൻസാധനങ്ങൾ കടകളിലെത്തിയത്. ഒരാഴ്ചകൊണ്ട് ഒരുമാസത്തെ റേഷൻ സാധനങ്ങൾ വിറ്റഴിക്കാൻ കഴിയില്ലെന്നും പകരം ജൂൺ 10 വരെയെങ്കിലും വിതരണത്തിന് സമയം നീട്ടിനൽകണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. ഇതോടെ മേയിലെ റേഷൻ വിതരണ തീയതി നീട്ടിനൽകാൻ ഭക്ഷ്യവകുപ്പ് നിർബന്ധിതമായിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് പലഭാഗങ്ങളിലും ഇ-പോസ് മെഷീന്‍ വഴിയുള്ള സർവർ തകരാറുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ പരിഹരിച്ചുവരുന്നതായി സിവില്‍ സപ്ലൈസ് ഡയറക്ടർ തേജ് ലോഹിത് റെഡി അറിയിച്ചു. ശനിയാഴ്ചകളിലും മാസാവസാനവുമാണ് സർവർ തകരാറിലാകുന്നത്. കാര്‍ഡുടമകള്‍ കൂട്ടത്തോടെ മേല്‍പറഞ്ഞ ദിവസങ്ങളില്‍ കടയില്‍ എത്തുന്നതാണ് പ്രശ്നത്തിന് കാരണം. ഇതിനു പകരം മാസത്തിലെ മറ്റുദിവസങ്ങളിൽ കടകളിലെത്തി സാധനങ്ങള്‍ വാങ്ങണമെന്നും വാങ്ങുന്ന സാധനങ്ങളുടെ ബില്ല് വ്യാപാരിയിൽനിന്ന് ചോദിച്ച് വാങ്ങണമെന്നും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.