കിഴക്കന്‍മേഖലയില്‍ വ്യാജ ചാരായ നിര്‍മാണവും വില്‍പനയും വ്യാപകം

കുന്നിക്കോട്: ഓണം ലക്ഷ്യമിട്ട് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാജ ചാരായ നിര്‍മാണവും വില്‍പനയും വ്യാപകം. കര്‍ശന നിര്‍ദേശമുണ്ടായിട്ടും പരിശോധന നടത്താന്‍ എക്സൈസ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ലെന്ന് പരാതിയുണ്ട്. വനമേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാജവാറ്റ് സംഘങ്ങള്‍ തമ്പടിച്ചിരിക്കുന്നത്. കാലങ്ങളായി പരിശോധനകൾ നടക്കാത്തത് ഇത്തരം സംഘങ്ങൾക്ക് പ്രോത്സാഹനമാണ്. ഓണത്തിന് വന്‍തോതിലുള്ള കച്ചവടം ലക്ഷ്യമിട്ട് വനമേഖല കേന്ദ്രീകരിച്ച് വ്യാജചാരായ മാഫിയ രൂപംകൊണ്ടതായും സൂചനയുണ്ട്. ഏറെക്കാലമായി നിര്‍ജീവമായിരുന്ന സംഘമാണ് വീണ്ടും ശക്തകാനുള്ള ശ്രമം നടത്തുന്നത്. കറവൂര്‍, നടുമുരുപ്പ്, തൊണ്ടിയാമണ്‍, പൂങ്കുളഞ്ഞി, അച്ചന്‍കോവില്‍, പാടം തുടങ്ങിയ മേഖലകളിലും സംഘങ്ങള്‍ കേന്ദ്രീകരിച്ചിട്ടുണ്ട്. പലപ്പോഴും രഹസ്യവിവരങ്ങള്‍ ലഭിച്ചിട്ടും പരിശോധന നടത്താന്‍ എക്സൈസ് അധികൃതരോ, വനപാലകരോ തയാറാകാത്തത് ആക്ഷേപത്തിനിടയാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ നിസ്സംഗതയാണ് ജില്ല പൊലീസ് അധികാരിക്ക് വിവരം നൽകാന്‍ പ്രേരിപ്പിച്ചതെന്നും പറയുന്നു. വാണിജ്യാടിസ്ഥാനത്തില്‍ വ്യാജ ചാരായം നിര്‍മിക്കാന്‍ നിയോഗിക്കപ്പെട്ട തൊഴിലാളികളാണിവരെന്നും വന്‍സംഘം പിന്നിലുണ്ടെന്നും സൂചനയുണ്ട്. ഉദ്യോഗസ്ഥവൃന്ദങ്ങളില്‍ പോലും സ്വാധീനമുള്ള ഇവരെ ഭയന്നാണ് വിവരം പലരും പുറത്തുപറയാത്തത്. പലപ്പോഴും പേരിനുവേണ്ടി നടത്തുന്ന പരിശോധനകള്‍ പ്രഹസനമാവുകയാണ് പതിവ്. സംഘത്തില്‍പെട്ടവര്‍ വ്യാപകമായി മൃഗവേട്ട നടത്തുന്നതായും വിവരമുണ്ട്. പൊലീസ്, വനം എക്സൈസ് വകുപ്പുകളുടെ യോജിച്ചുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം തടയാന്‍ സാധിക്കൂ. ഇല്ലെങ്കില്‍ ഈ ഓണക്കാലത്ത് കിഴക്കന്‍ മേഖല വലിയ ദുരന്തങ്ങള്‍ക്ക് സാക്ഷിയാകേണ്ടി വരുമെന്നും നാട്ടുകാർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.