* ഡെങ്കിപ്പനി: മരണം ഇതുവരെ 47 * എലിപ്പനി: മരണം ഇതുവരെ 57 തിരുവനന്തപുരം: ഇടവിട്ട് പെയ്യുന്ന മഴ ശക്തമായതോടെ സംസ്ഥാനത്ത് ഡെങ്കിപ്പനിയും എലിപ്പനിയും വ്യാപകമാകുന്നു. ആരോഗ്യവകുപ്പിെൻറ കണക്ക് പ്രകാരം ഇൗ വർഷം ഇതുവരെ ഡെങ്കിപ്പനിയും ഡെങ്കി ലക്ഷണങ്ങളുമായി 47 പേരും എലിപ്പനിയും എലിപ്പനി ലക്ഷണങ്ങളുമായി 57 പേരും മരിച്ചു. 2811 പേർക്ക് ഡെങ്കി ഇതുവരെ സ്ഥിരീകരിച്ചു. ഡെങ്കി ലക്ഷണങ്ങളുമായി 10579 പേർ ചികിത്സതേടി. എലിപ്പനിബാധിച്ച് ഇതുവരെ 439 പേരും എലിപ്പനി ലക്ഷണങ്ങളുമായി 781 പേരും ചികിത്സതേടി. അതേസമയം, പകർച്ചപ്പനി ബാധിച്ച് 14.5 ലക്ഷത്തോളം പേർ വിവിധ ആശുപത്രികളിൽ ചികിത്സതേടി. 34 മരണവും സംഭവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി കൂടുതൽ റിപ്പോർട്ട് ചെയ്തത്. എലിപ്പനി തിരുവനന്തപുരം ജില്ലയിലാണ് പടരുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡെങ്കിപ്പനിയും എലിപ്പനിയും ബാധിച്ചവരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടുണ്ടെങ്കിലും മഴഭീഷണിയാണ്.തിങ്കളാഴ്ച മാത്രം 20 പേർക്ക് ഡെങ്കിപ്പനിയും എട്ടുപേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഇടക്കിടെയുള്ള മഴ, ശുദ്ധജലം കെട്ടിക്കിടക്കുന്ന സാഹചര്യം, മാലിന്യം മൂടിക്കിടക്കുന്ന അവസ്ഥ എന്നിവ ഡെങ്കിപ്പനിക്കും എലിപ്പനിക്കും കാരണമാവുകയാണ്. ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകിന് വളരാനുള്ള അനുകൂല സാഹചര്യമാണ് മഴ മൂലം സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞതവണത്തെ സാഹചര്യം ഉണ്ടാകാതിരിക്കാൻ സർക്കാറും ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും കാലേകൂട്ടി പ്രതിരോധപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. എന്നാൽ, ഒന്നും കാര്യക്ഷമമായി പൂർത്തിയാക്കാനായില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്യൂണിറ്റിമെഡിസിൻ വിഭാഗം നടത്തിയ പഠനത്തില്‍ ഈഡിസ് കൊതുകിെൻറ ഉറവിടം ഏറെയും വീടുകള്‍ക്കുള്ളിലാണെന്ന് കണ്ടെത്തിയിരുന്നു. അതിനാൽ പരിസരശുചിത്വം പാലിക്കാനും ഡ്രൈഡേ ആചരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈഡിസ് കൊതുകുവഴി പകരുന്ന ചികുൻഗുനിയ 36 പേര്‍ക്ക് കണ്ടെത്തി. ചെള്ളുപനി 82 പേര്‍ക്ക് പിടിപെട്ടപ്പോള്‍ ഒരു മരണവും സംഭവിച്ചു. ഇതുള്‍പ്പെടെ ഏഴുമാസത്തിനിടെ വിവിധതരം പകര്‍ച്ചവ്യാധി ബാധിച്ച് മരിച്ചവരുടെ എണ്ണം 178 ആയി. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.