ദേശീയ വനവത്​കരണത്തിലെ തട്ടിപ്പ്: തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മൂന്നാർ ഡിവിഷനിലെ ദേശീയ വനവത്കരണത്തിലെ തട്ടിപ്പിൽ തുടരന്വേഷണത്തിന് ഉത്തരവ്. പദ്ധതിയിൽ സർക്കാർ പണം ദുരുപയോഗം ചെയ്തുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റെയിഞ്ച് ഓഫിസർ ജോഷി സെബാസ്റ്റ്യൻ, ബീറ്റ് ഓഫിസർമാരായ ഡി. അനിൽ ഘോഷ്, ആർ. റോയി, എസ്. ഹരികുമാരൻ നായർ എന്നിവർ കുറ്റക്കാരാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. ഇവർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുന്നതിന് മുന്നോടിയായാണ് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ സി.ടി. േജാർജിനോട് തുടരന്വേഷണം നടത്താൻ നിർദേശിച്ചത്. മൂന്നാർ റേഞ്ചിൽ 2012-13 കാലത്താണ് വനവത്കരണപദ്ധതി പ്രകാരം വ്യാപകമായി ക്രമക്കേടുകളും അഴിമതിയും നടന്നത്. ഇടമലക്കുടി, മുളകുതറ, മീൻകുത്തി എന്നീ ആദിവാസി വനസംരക്ഷണസമിതി മേഖലയിൽ നടന്ന ക്രമക്കേടുകളെപ്പറ്റി പ്രിൻസിപ്പൽ ചീഫ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനും റിപ്പോർട്ട് നൽകിയിരുന്നു. 2.94 കോടിയുടെ ബില്ലുകൾ പാസാക്കിയിരുന്നു. എന്നാൽ, പരിശോധനയിൽ അർഹതപ്പെട്ടത് 1.03 കോടി രൂപയുടേതാണെന്ന് കണ്ടെത്തി. അതിൽ 50 ലക്ഷം രൂപ ഗുണഭോക്താക്കൾക്ക് നൽകാനുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ 35.03 ലക്ഷം രൂപയാണ് ആദിവാസികൾക്ക് ലഭിച്ചത്. ക്രമക്കേടുകൾക്ക് ഉത്തരവാദികൾ ആറ് ഉദ്യോഗസ്ഥരാണെന്നും സർക്കാറിന് നഷ്ടമായ 1.63 കോടി അവരിൽനിന്ന് ഈടാക്കണമെന്നും അച്ചടക്കനടപടി സ്വീകരിക്കണമെന്നും ശിപാർശചെയ്തു. കേസിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.