കുണ്ടറ: മുളവനയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ആയുർവേദ ഡിസ്പെൻസറി മുക്കടയിലേക്ക് മാറ്റുന്നതിനെ നാട്ടുകാരും രാഷ്ട്രീയ നേതാക്കളും എതിർത്തതോടെ പഞ്ചായത്ത് അധികൃതർ തീരുമാനം മരവിപ്പിച്ചു. 35 വർഷമായി മുളവന കുണ്ടറവിളമുക്കിൽ വടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആശുപത്രി മാറ്റുന്നതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നത്. സമീപപ്രദേശങ്ങളിൽ വാടകക്ക് കെട്ടിടം കിട്ടാത്തതിനെ തുടർന്നാണ് ആശുപത്രി മറ്റുന്നതെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. നിലവിൽ 1500 രൂപയാണ് പ്രതിമാസ വടകയായി നൽകുന്നത്. മുക്കടയിലേക്ക് മാറ്റാനായി വാടകക്കെടുത്ത കെട്ടിടത്തിന് 9000 രൂപ വാടക നൽകാനാണ് കരാറായിട്ടുള്ളത്. മുളവനയിൽ 500 രൂപ അധികം നൽകാൻ മടികാണിച്ച പഞ്ചായത്ത് അധികൃതർ, മുക്കടയിൽ 9000 രൂപ നൽകുന്നതിന് പിന്നിൽ പഞ്ചായത്ത് കമ്മിറ്റിയിലെ ചിലരുടെ സാമ്പത്തിക താൽപര്യമാണെന്ന് നട്ടുകാർ ആരോപിക്കുന്നു. നാട്ടുകാർ പ്രതിഷേധം അറിയിച്ചിട്ടും വാർഡ് അംഗം എത്താത്തതും നാട്ടുകാരെ ചൊടിപ്പിച്ചു. ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ഇവിടെ എത്തുന്നത്. സാധാരണക്കാരും കൂലിപ്പണിക്കാരും തിങ്ങിപ്പാർക്കുന്ന പ്രദശത്തുനിന്നും ആയുർവേദ ഡിസ്പെൻസറി മുക്കടയിലേക്ക് മാറ്റുന്നതിനെതിരെ ചില വാർഡ് മെംബർമാർ പഞ്ചായത്ത് കമ്മിറ്റിയിൽ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. പട്ടികജാതി കോളനികളും കശുവണ്ടി ഫാക്ടറിയും ഉൾെപ്പടെ സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്നും ഡിസ്പെൻസറി മാറ്റുന്ന വിവരം രണ്ടു ദിവസം മുമ്പാണ് സമീപവാസികൾ അറിഞ്ഞത്. പ്രതിഷേധം ശക്തമായതോടെ കുണ്ടറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പ്രസിഡൻറും സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. തീരുമാനം പുനഃപരിശോധിക്കാമെന്ന് അവർ ഉറപ്പ് നൽകി. സമീപ പ്രദേശത്തു തന്നെ 10 ദിവസത്തിനകം കെട്ടിടം കണ്ടെത്തിക്കൊടുക്കാമെന്ന് നാട്ടുകാരും പഞ്ചായത് അധികൃതർക്ക് ഉറപ്പുനൽകി. കോൺഗ്രസ് കുണ്ടറ മണ്ഡലം പ്രസിഡൻറ് സി.പി. മന്മഥൻ നായർ, മുൻ പഞ്ചായത്ത് അംഗം ജി. അനിൽകുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി അംഗം മോഹൻ പിള്ള, ആർ.എസ്.പി ജില്ല കമ്മിറ്റി അംഗം കെ. ബാലകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി പി. വിശ്വനാഥൻ, പെൻഷനേഴ്സ് യൂനിയൻ ചിറ്റുമല ബ്ലോക്ക് കമിറ്റി അംഗം എൻ. കുട്ടൻ പിള്ള, ജെ. സോളമൻ, മോഹൻ ഫിലിപ്, മാമച്ചൻ, ദിനേശൻ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. വായനപക്ഷാചരണ സമാപനം കുണ്ടറ: ചെറുമൂട് കൈരളി ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായന പക്ഷാചരണവും ഐ.വി. ജോസ് അനുസ്മരണവും നടന്നു.വി. മോഹനൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് വി. ശിവരാമൻ അധ്യക്ഷത വഹിച്ചു. ശിവൻ വേളിക്കാട്, ടി. യേശുദാസൻ, ആർ. രാധാകൃഷ്ണപിള്ള, കുണ്ടറ സോമൻ എന്നിവർ സംസാരിച്ചു. അഖിലേന്ത്യ കിസാൻസഭ കൺെവൻഷൻ കുണ്ടറ: അഖിലേന്ത്യ കിസാൻസഭ കുണ്ടറ മണ്ഡലം സമ്മേളനം നടന്നു. ജില്ല സെക്രട്ടറി അജയഘോഷ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. യോഹന്നാൻ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ സജികുമാർ കാർഷി പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ, കെ. ശിവശങ്കരൻ ഉണ്ണിത്താൻ, ആർ.ഓമനക്കുട്ടൻപിള്ള, സെക്രട്ടറി എം. ചന്ദ്രശേഖരൻപിള്ള, കെ. ഗോപിനാഥൻപിള്ള, ഇ.ഫ്രാൻസിസ്,സെബാസ്റ്റ്യൻ,വേണുഗോപാൽ, ജി.മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.