ചവറ: ദേവസ്വം ബോർഡ് ഭൂമി കൈയേറിയവരെ ഹൈകോടതി ഉത്തരവ് പ്രകാരം ഒഴിപ്പിച്ചു. പന്മന മേക്കാട് കൈപ്പള്ളിക്കാവ് ക്ഷേത്രംവക ഭൂമി തലമുറകളായി ചിലർ കൈയേറി കൈവശം വെച്ചതിനെ തുടർന്ന് ദേവസ്വംബോർഡ് നൽകിയ പരാതിയിലാണ് ഒഴിപ്പിക്കൽ നടന്നത്. ഏഴര സെൻറ് വസ്തുവാണ് രണ്ട് വ്യക്തികൾ കൈയേറിയതായി അധികൃതർ കണ്ടെത്തിയിരുന്നത്. തുടർന്ന് 2010ൽ ദേവസ്വം ബോർഡ് നൽകിയ പരാതിയെ തുടർന്ന് കേസെടുക്കുകയും 2017ൽ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കാൻ കോടതി ഉത്തരവിട്ടു. തുടർന്നാണ് കഴിഞ്ഞദിവസം രാവിലെ 11.30 ഓടെ ദേവസ്വം ബോർഡ് പ്രത്യേക തഹസിൽദാർ സുനിൽ എസ്. നായർ, ദേവസ്വം ബോർഡ് അസി. കമീഷണർ ഇൻ ചാർജ് കെ. ശ്രീലത, ചവറ സി.ഐ ചന്ദ്രദാസ് എന്നിവർ സ്ഥലത്തെത്തി ഭൂമി തിരികെ പിടിച്ചെടുക്കുകയായിരുന്നു. മാധവിയുടെ ഷീറ്റ് മേഞ്ഞ വീട് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചു മാറ്റി. ഹരിദാസ് കൈയേറിയ സ്ഥലത്തെ വേലികളും നീക്കംചെയ്തു. എന്നാൽ, ബന്ധപ്പെട്ട അധികൃതരിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള പേപ്പറുകൾ ഒന്നുംതന്നെ ലഭ്യമായില്ലെന്ന് വർഷങ്ങളായി താമസിച്ചുവരുന്ന മാധവി പറഞ്ഞു. നിലവിൽ കൈപ്പള്ളിക്കാവ് ക്ഷേത്രത്തിന് 57 സെൻറ് വസ്തു ഉണ്ടെന്നാണ് ദേവസ്വം ബോർഡ് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.