കാവനാട്: കവി ഇടപ്പള്ളി രാഘവൻപിള്ളയുടെ 82ാം ചരമദിനത്തിൽ ഇടപ്പള്ളി സ്മാരക സമിതിയുടെ കാവ്യാഞ്ജലിയും അനുസ്മരണ സമ്മേളനവും നടത്തി. വ്യാഴാഴ്ച രാവിലെ മുളങ്കാടകത്തെ ഇടപ്പള്ളി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയോടെയാണ് അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചത്. കവിയെ സ്നേഹിക്കുന്നവരും കൊല്ലം ടൗൺ യു.പി.എസിലെയും മുളങ്കാടകം ഗവ.ഹൈസ്കൂളിലേയും വിദ്യാർഥികളും അധ്യാപകരും പുഷ്പാർച്ചനയിൽ പങ്കാളികളായി. കൊല്ലം മധു നേതൃത്വം നൽകി. ആസാദ് ആശീർവാദ്, ടൗൺ യു.പി.എസ് പ്രധാനാധ്യാപകൻ എസ്. അജയകുമാർ, അധ്യാപകൻ ഗ്രഡിസൺ, പി.ടി.എ പ്രസിഡൻറ് ജെ. ബിജു എന്നിവർ സംബന്ധിച്ചു. കുട്ടികൾ ഇടപ്പള്ളിയുടെ കവിത ചൊല്ലി. ഉച്ചക്ക് കാവ്യാഞ്ചലി നടന്നു. ഗോപകുമാർ തെങ്ങമം ഉദ്ഘാടനം ചെയ്തു. എം. സങ് അധ്യക്ഷത വഹിച്ചു. അപ്സര ശശികുമാർ സ്വാഗതം പറഞ്ഞു. വൈകീട്ട് അനുസ്മരണ സമ്മേളനം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്തു. മുളങ്കാടകത്തെ ഇടപ്പള്ളി സ്മൃതി മണ്ഡപത്തിനോട് ചേർന്ന് ഇടപ്പള്ളി സ്മാരകം മൂന്നു മാസത്തിനകം നിർമിച്ച് ഉദ്ഘാടനം ചെയ്യുമെന്ന് മേയർ പറഞ്ഞു. ഇതിനുള്ള പ്രവർത്തനം കോർപറേഷൻ തുടങ്ങി കഴിഞ്ഞതായി അദ്ദേഹം സൂചിപ്പിച്ചു. മലയാള കവിതയും ഇടപ്പള്ളി പ്രസ്ഥാനവും എന്ന വിഷയത്തിൽ സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എസ്. രാജശേഖരൻ പ്രഭാഷണം നടത്തി. ഇടപ്പള്ളി സ്മാരക സമിതി ചെയർമാൻ കൊല്ലം മധു അധ്യക്ഷത വഹിച്ചു. കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ഡോ.ഡി. സുജിത്, കൗൺസിലർ എസ്. രാജ്മോഹൻ എന്നിവർ സംസാരിച്ചു. ആശ്രമം ഓമനക്കുട്ടൻ സ്വാഗതവും വി. മാധവൻകുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.