പുനലൂർ: ഉടമസ്ഥാവകാശം സംബന്ധിച്ച് സർക്കാറുമായി തർക്കത്തിലുള്ള ഭൂമിയിൽ സ്ഥിതിചെയ്യുന്ന തെന്മല പൊലീസ് സ്റ്റേഷൻ മാറ്റി സ്ഥാപിച്ച് എസ്റ്റേറ്റ് ഉടമയെ സഹായിക്കാനുള്ള നീക്കം വിവാദമാകുന്നു. തെന്മല ജങ്ഷനിൽ തോട്ടമുടമ അനധികൃത കൈമാറ്റത്തിലൂടെ സ്വന്തമാക്കിയ എസ്റ്റേറ്റിൽ കാലങ്ങളായി സ്ഥിതിചെയ്യുന്ന സംസ്ഥാന അതിർത്തിയിലുള്ള പൊലീസ് സ്റ്റേഷനാണിത്. ഹാരിസൺ മലയാളം പ്ലാേൻറഷനിൽ നിന്നും പത്ത് വർഷം മുമ്പാണ് 206 എക്കറോളം വരുന്ന എസ്റ്റേറ്റ് തോട്ടമുടമ സ്വന്തമാക്കിയത്. എന്നാൽ, ഭൂമി കൈമാറ്റം അനധികൃതമാെണന്ന് കണ്ട് റവന്യൂ സ്പെഷൽ ഓഫിസർ മൂന്ന് വർഷം മുമ്പ് എസ്റ്റേറ്റ് സർക്കാർ ഏറ്റെടുത്തതായി ഉത്തരവിറക്കിയിരുന്നു. തെന്മലയിൽ പൊലീസ് സ്റ്റേഷൻ സ്ഥാപിതമായ കാലംമുതൽ ജങ്ഷനിലുള്ള എസ്റ്റേറ്റ് ഭൂമിയിലെ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. സ്റ്റേഷൻ ഇവിടെ നിന്നും മാറ്റി സ്ഥാപിക്കാൻ എസ്റ്റേറ്റ് ഉടമകൾ വളരെക്കാലമായി പരിശ്രമിക്കുകയാണ്. എന്നാൽ, സ്റ്റേഷൻ നിലനിൽക്കുന്നത് സർക്കാർഭൂമിയിലായതിനാൽ ഈ ആവശ്യം പരിഗണിക്കാൻ അധികൃതർ തയാറായിരുന്നില്ല. എന്നാൽ, കെട്ടിടത്തിെൻറ ഇപ്പോഴത്തെ ശോച്യാവസ്ഥ കണക്കിലെടുത്ത് സ്റ്റേഷൻ സമീപത്തുള്ള കല്ലട ഇറിഗേഷൻ പധതിയുടെ കെട്ടിടത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിെൻറ ഭാഗമായി കലക്ടർ ഡോ.എസ്. കാർത്തികേയനും സംഘവും തെന്മലയിലെത്തി കെ.ഐ.പിയുടെ ഡാം ജങ്ഷനിലെ ഇൻസ്പെക്ഷൻ ബംഗ്ലാവ് അടക്കം പരിശോധിച്ചു. ഇത് സംബന്ധിച്ച് സർക്കാറിന് നൽകുന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ തുടർനടപടികളുണ്ടാകുമെന്ന് അധികൃതർ സൂചിപ്പിച്ചു. കാലപ്പഴക്കത്താൽ ജീർണിച്ച കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. അറ്റകുറ്റപ്പണി ഇല്ലാത്തതിനാൽ മഴയായാൽ ചോർന്നൊലിക്കും. കുരങ്ങ്, പാമ്പ് തുടങ്ങിയ ജീവികളുടെ ശല്യവും ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതുകാരണം ഇവിടെ ജോലിചെയ്യുന്ന പൊലീസുകാരും പ്രയാസപ്പെടുന്നു. പുതിയ കെട്ടിടം നിർമിക്കാൻ രണ്ടുവർഷം മുമ്പ് 30 ലക്ഷം ബജറ്റിൽ വകയിരുത്തിയിരുന്നു. എന്നാൽ, കെട്ടിടവും ക്വോർട്ടേഴ്സുകളും നിർമിക്കാൻ ആവശ്യമായ സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ നിർമാണം നടന്നില്ല. കെ.ഐ.പിയുടെ കൂടാതെ സമീപത്തെ വനംവകുപ്പിെൻറ അരയേക്കറും തെന്മല തടിഡിപ്പോയോട് അനുബന്ധിച്ചുള്ള റവന്യൂഭൂമിയും സംഘം പരശോധിച്ചു. എന്നാൽ, ഈ ഭൂമികളുമായി ബന്ധപ്പെട്ട് വനംവകുപ്പ് തർക്കമുള്ളതിനാൽ പൊലീസ് സ്റ്റേഷന് വേണ്ടി വിട്ടുകിട്ടാൻ പ്രയാസമാണ്. പുതിയ കെട്ടിടം നിർമിക്കാൻ സർക്കാർ അടിയന്തരനടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സ്ഥലപരിശോധനക്ക് എത്തിയ കലക്ടറോട് പൊതുപ്രവർത്തകർ ഇക്കാര്യം സൂചിപ്പിച്ചു. സ്റ്റേഷൻ എസ്റ്റേറ്റ്ഭൂമിയിൽ നിന്നും മാറ്റുന്നത് ഉടമക്ക് സഹായമാകുമെങ്കിലും ഉടമസ്ഥവകാശം സംബന്ധിച്ചുള്ള കേസുകളിലടക്കം സർക്കാറിന് തിരിച്ചടിയുണ്ടാകുമെന്നും അഭിപ്രായമുണ്ട്. എങ്ങനെയും സ്റ്റേഷൻ ഇവിടെ നിന്നും മാറ്റാൻ ചില ഭരണകക്ഷിനേതാക്കൾ സജീവമായി രംഗത്തുണ്ടന്ന ആക്ഷേപവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.