അധ്യാപികയെ പട്ടാമ്പിയിലേക്ക് മാറ്റിയ നടപടി റദ്ദാക്കണം -മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: അർബുദരോഗത്തിന് ആർ.സി.സിയിൽ ചികിത്സ തുടരുന്ന കോളജ് അധ്യാപികയെ പട്ടാമ്പി സംസ്കൃത കോളജിലേക്ക് സ്ഥലംമാറ്റിയ നടപടി ഉടൻ റദ്ദാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. തിരുവനന്തപുരത്തെ ഏതെങ്കിലും കോളജിൽ നിയമിച്ചശേഷം രേഖാമൂലം അറിയിക്കണം. സംസ്കൃത കോളജിൽ മലയാള വിഭാഗം അസി. പ്രഫസറായിരുന്ന അധ്യാപികയെ ചികിത്സിക്കുന്ന ആശുപത്രിയിൽനിന്ന് 360 കിലോമീറ്റർ അകലേക്ക് മാറ്റിയ നടപടി കടുത്ത മനുഷ്യാവകാശലംഘനമാണെന്നും കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. രോഗിയായ തന്നെ തിരുവനന്തപുരത്തുനിന്ന് സ്ഥലംമാറ്റരുതെന്ന അധ്യാപികയുടെ പരാതി മനുഷ്യാവകാശ കമീഷനിൽ ഉള്ളപ്പോഴാണ് പട്ടാമ്പിയിലേക്ക് മാറ്റിയത്. കമീഷൻ കോളജ് വിദ്യാഭ്യാസ ഡയറക്ടറിൽനിന്ന് റിപ്പോർട്ട് വാങ്ങിയിരുന്നു. 2008 മുതൽ 2015 വരെ അധ്യാപികയെ തിരുവനന്തപുരത്ത് നിലനിർത്തിയത് പ്രത്യേക പരിഗണന നൽകിയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 2017 ഫെബ്രുവരി 25നുള്ള സർക്കാർ ഉത്തരവ് പ്രകാരം സർക്കാർ ജീവനക്കാരുടെ പൊതുസ്ഥലം മാറ്റത്തിൽനിന്നുള്ള പരിരക്ഷ അഞ്ച് വർഷമായി നിജപ്പെടുത്തി. 2017-18 പൊതുസ്ഥലം മാറ്റത്തിൽനിന്ന് പരാതിക്കാരിയെ ഒഴിവാക്കിയതിനെതിരെ പരാതിയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.