വെള്ളനാട്-ചെറ്റച്ചൽ റോഡി​െൻറ നവീകരണം അവസാനഘട്ടത്തിലേക്ക്

ആര്യനാട്: സ്പെഷൽ പാക്കേജ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന വെള്ളനാട്-ചെറ്റച്ചൽ റോഡി​െൻറ നവീകരണം അവസാനഘട്ടത്തിലേക്ക്. എന്നാൽ ജങ്ഷന്‍ വികസനവും ട്രാന്‍സ്ഫോര്‍മറുകളും വൈദ്യുതി-ടെലിഫോണ്‍ തൂണുകളും മാറ്റുന്നത് ഇഴഞ്ഞുനീങ്ങുകയാണ്. നാല് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 22 കിലോമീറ്റർ ദൂരമുള്ള റോഡിന് 40 കോടിയാണ് നിർമാണചെലവ്. കോടികള്‍ മുടക്കി പണിയുന്ന റോഡി​െൻറ നിർമാണം അവസാന ഘടത്തിലെത്തുമ്പോഴും നാട്ടുകാർ പരാതിയുമായി രംഗത്തെത്തി. വനമേഖലയിൽ വീതികൂട്ടി ടാറിങ് നടത്തുന്നതിന് വനംവകുപ്പി​െൻറ അനുമതി ലഭിക്കാനുള്ള കാലതാമസം പണി വൈകിച്ചു. പറണ്ടോട്-വിനോബ നികേതൻ പ്രദേശങ്ങൾക്കിടെയാണ് പ്രശ്നമുണ്ടായത്. കൂടാതെ വിനോബ ജങ്ഷനിൽ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നു. ഈ സ്ഥലങ്ങളിൽ 1100 മീറ്റർ ദൂരത്തിൽ മാത്രമാണ് ടാറിങ് അവശേഷിക്കുന്നതെന്ന് റോഡ് പണി ചെയ്യുന്ന കമ്പനി അധികൃതർ പറഞ്ഞു. കൂടാതെ വെള്ളനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മുൻവശം 50 മീറ്റർ നീളത്തിൽ ഓടയും ചെയ്യാനുണ്ട്. ഡിപ്പോയുടെ മുൻവശത്തെ മതിൽ പൊളിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഓട നിർമാണം തടസ്സപ്പെടുത്തിയത്. ഇൗ റൂട്ടിലെ പൊൻമുടി സംസ്ഥാന ഹൈവേയിൽപെട്ട ഇരുത്തലമൂല മുതൽ പേരയത്തുപാറ വരെയും ഷൊർലക്കോട് റോഡിലെ ആര്യനാട് മുതൽ കാഞ്ഞിരംമൂട് വരെയുള്ള ഭാഗങ്ങളും ഇൗ പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ല. നിർമാണം അവസാനഘട്ടത്തിലേക്ക് കടന്നെങ്കിലും റോഡിലെ ടാറിങിനോട് അടുത്ത് നിൽക്കുന്ന ട്രാൻസ‌്ഫോമറുകളും വൈദ്യുത തൂണുകളും മാറ്റാൻ നടപടിയില്ല. ചാങ്ങ കലുങ്ക്, വയലിക്കട, കാഞ്ഞിരംമൂട് തുടങ്ങിയ ഭാഗങ്ങളിലാണ് റോഡിനോട് ചേർന്ന് ട്രാൻസ‌്ഫോമർ സ്ഥിതി ചെയ്യുന്നത്. ട്രാൻസ്‌ഫോമർ മാറ്റി സ്ഥാപിക്കാൻ ഫണ്ട് അനുവദിക്കാത്തതാണ് കാലതാമസം നേരിടുന്നതെന്നാണ്‌ അധിക്യതരുടെ വാദം. അതേസമയം പലയിടത്തും റോഡി​െൻറ വീതി കുറവാണെന്നും ഓട നിർമാണത്തിൽ അപാകതയുണ്ടെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ആര്യനാട് പാലം, ചെറ്റച്ചൽ എന്നിവിടങ്ങളിൽ ജങ്ഷൻ വികസനവും വൈകുന്നുണ്ട്. ചെറ്റച്ചലിൽ വീതികൂട്ടി ടാറിങ് നടത്താനുണ്ട്. കാലാവസ്ഥ പ്രതികൂലമായതാണ് ജോലികൾ വൈകിയതെന്ന് അധികൃതർ പറയുന്നു. ആര്യനാട് പാലം ജങ്ഷനിലെ ജോലികൾ ഏങ്ങുമെത്തിയില്ല. ജങ്ഷനിൽനിന്ന് കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മുൻവശം വരെ നവീകരണം നടത്തുന്നതിന് കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.