കൊല്ലം: ബാങ്ക് അക്കൗണ്ട് സംബന്ധമായ വിവരങ്ങൾ ആരുമായും പങ്കുവെക്കരുതെന്ന ഉപദേശം നിരവധി തവണ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെങ്കിലും തട്ടിപ്പിനൊരു കുറവുമില്ല. കഴിഞ്ഞദിവസം കൊല്ലം സ്വദേശിയുടെ ഒരുലക്ഷമാണ് ഒാൺലൈൻ ഇടപാടിലൂടെ തട്ടിയെടുത്തത്. ബാങ്കിെൻറ ചീഫ് മാനേജറുടെ പേരിൽ വിളിച്ച് അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പട്ടതായി വിശ്വസിപ്പിച്ച് പിൻ നമ്പർ ചോദിച്ചറിഞ്ഞായിരുന്നു തട്ടിപ്പ്. അക്കൗണ്ട്, എ.ടി.എം പിൻ നമ്പർ എന്നിവ സംബന്ധിച്ച് ഉപഭോക്താക്കളെ വിളിക്കാറില്ലെന്ന് ബാങ്കിെൻറ അറിയിപ്പ് നിരന്തരം സന്ദേശമായി ഫോണിൽ എത്തുമ്പോഴും പുതിയ തന്ത്രങ്ങളുമായി തട്ടിപ്പുകാർ വിലസുകയാണ്. പിൻനമ്പർ ചോർത്തി പണം തട്ടുന്ന കേസുകൾ വർധിച്ച സാഹചര്യത്തിൽ കഴിഞ്ഞ ആഗസ്റ്റിൽ കേരള പൊലീസിെൻറ സൈബർ ഡോം വഴി വാട്സ്ആപ് ഗ്രൂപ് തുടങ്ങിയിരുന്നു. ആദ്യമാസം തന്നെ 600 കേസുകളിൽനിന്ന് 26 ലക്ഷം തിരിച്ചുപിടിച്ചിരുന്നു. നടപടി ശക്തമാക്കിയതിനെ തുടർന്ന് തട്ടിപ്പ് സംഘങ്ങൾ പതിയെ പിൻവലിഞ്ഞിരുന്നു. പുതിയ രൂപത്തിലും ഭാവത്തിലുമാണ് ഓരോ തവണയും തട്ടിപ്പ് സംഘങ്ങൾ എത്തുന്നത്. ഓൺലൈൻ വിപണിയെ ആശ്രയിച്ചുള്ള തട്ടിപ്പാണ് ഇപ്പോൾ നടക്കുന്നത്. തട്ടിപ്പിനിരയായാൽ രണ്ട് മണിക്കൂറിനുള്ളിൽ സൈബർസെല്ലിൽ വിളിച്ചറിയിച്ചാൽ നഷ്ടപ്പെട്ട പണം തിരികെപ്പിടിക്കാനാവും. ക്രൈം സ്റ്റോപ്പർ നമ്പറായ 1090 വഴിയും വിളിക്കാം. തുക പിൻവലിച്ചെന്ന് കാണിച്ച് മൊബൈൽ ഫോണിൽ ലഭിച്ച എസ്.എം.എസ് അടക്കമുള്ള വിവരങ്ങളും വേഗത്തിൽ പൊലീസിന് കൈമാറണം. പരാതി ലഭിച്ചാലുടൻ അതാത് പണമിടപാട് സ്ഥാപനത്തിെൻറ പ്രതിനിധി ഇടപാട് മരവിപ്പിക്കാൻ നടപടി സ്വീകരിക്കും. മണിക്കൂറുകൾക്കുള്ളിൽ പണം തിരികെ അക്കൗണ്ടിലെത്തും. പണം ഒരു അക്കൗണ്ടിൽനിന്ന് അടുത്തതിലേക്ക് വേഗം കൈമാറുമെങ്കിലും ആറു മണിക്കൂറിനുള്ളിൽ തിരിച്ചുപിടിക്കാമെന്നാണ് റിസർവ് ബാങ്കിെൻറ വിലയിരുത്തൽ. ഇതനുസരിച്ചാണ് പ്രവർത്തനം. ബാങ്കിൽനിന്ന് വരുന്ന ഒ.ടി.പി (വൺ ടൈംപാസ് വേഡ്) വഴിയാണ് പകുതിയിലേറെ തട്ടിപ്പും നടക്കുന്നത്. 35 വയസ്സിന് മുകളിലുള്ളവരാണ് കൂടുതലും ഇരയാകുന്നത്. സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷനുകൾ ഒഴിവാക്കുക കൊല്ലം: സോഷ്യൽ മീഡിയയിലും മെസേജ് ലിങ്കുകൾ വഴിയും ലഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യരുതെന്നാണ് പൊലീസിെൻറ മുന്നറിയിപ്പ്. സുരക്ഷിതമല്ലാത്ത ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്താൽ മൊബൈലിലേക്ക് വരുന്ന മെസേജ്, ഒ.ടി.പി, മറ്റ് സ്വകാര്യ വിവരങ്ങൾ എന്നിവ ചോർത്തിയെടുക്കാൻ കഴിയും. വിവരങ്ങൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകാർക്ക് നിങ്ങളറിയാതെ അക്കൗണ്ടിൽനിന്ന് പണം തട്ടിയെടുക്കാൻ കഴിയും. ഏതൊരു ആപ്ലിക്കേഷനും ആവശ്യപ്പെടുന്നതായ പെർമിഷനുകൾ ഏതൊക്കെ എന്ന് വിലയിരുത്തിയതിനുശേഷം മാത്രം ഇൻസ്റ്റാൾ ചെയ്യണം. ഇത്തരം തട്ടിപ്പുകൾക്ക് ഇരയായാൽ വേഗത്തിൽ ജില്ലാ സൈബർസെൽ, പൊലീസ് സ്റ്റേഷൻ, ബാങ്ക് എന്നിവയുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.