തിരുവനന്തപുരം: ഹിന്ദുസ്ഥാൻ ലാറ്റക്സിനുവേണ്ടി (എച്ച്.എൽ.എൽ) ഇരുമ്പയിര് ഇറക്കുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിെൻറ കുറ്റപത്രം കോടതി അംഗീകരിച്ചു. ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന രമാ ഷിപ്പിങ് സർവിസ് കമ്പനിയുടെ മുൻ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ രാജേഷ് നാരായണനാണ് കേസിലെ ഏക പ്രതി. വിദേശത്തുനിന്ന് കൊണ്ടുവരുന്ന ഇരുമ്പയിര് എച്ച്.എൽ.എൽ കമ്പനിയിലേക്ക് ഇറക്കിക്കൊടുക്കാമെന്ന കരാർ രണ്ടുകോടി രൂപക്ക് ഒപ്പിട്ടിരുന്നു. വിശാഖപട്ടണം പോർട്ടിൽ ഇറക്കി അത് കേരളത്തിൽ എത്തിച്ചാൽ ലാഭകരമായിരിക്കുമെന്ന വ്യവസ്ഥയിലാണ് കരാർ. ഇതനുസരിച്ച് രണ്ടുകോടി രൂപയുടെ ബാങ്ക് ഗ്യാരൻറി എച്ച്.എൽ.എൽ കമ്പനിക്ക് രമാ ഷിപ്പിങ് സർവിസ് കമ്പനി നൽകണമായിരുന്നു. എന്നാൽ, രമാ ഷിപ്പിങ് സർവിസ് കമ്പനി നൽകിയ ബാങ്ക് ഓഫ് ബറോഡയുടെ ബംഗളൂരുശാഖയിലെ ചെക്ക് വണ്ടിച്ചെക്കായിരുന്നു. കരാർ പ്രകാരം ഇരുമ്പയിര് പലതവണ വിശാഖപട്ടണം പോർട്ടിൽ ഇറക്കി നൽകിയിരുന്നില്ല. എച്ച്.എൽ.എൽ കമ്പനി അധികാരികൾ അന്വേഷിച്ചപ്പോൾ കർണാടകയിലെ ബല്ലിക്കര പോർട്ടിൽ ഇറക്കിയാൽ കൂടുതൽ ലാഭകരമാണെന്ന് പറഞ്ഞു. എന്നാൽ, ഈ കരാർവ്യവസ്ഥകൾ നടപ്പാക്കാതെ രമാ ഷിപ്പിങ് സർവിസ് കമ്പനി ഹിന്ദുസ്ഥാൻ ലാറ്റക്സ് കമ്പനിയെ കബളിപ്പിച്ചു എന്നാണ് പൊലീസ് കേസ്. പൂജപ്പുര പൊലീസാണ് കേസന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. 13 സാക്ഷികളും 10 രേഖകളും അന്വേഷണ ഉദ്യോഗസ്ഥനായ കെ. മണികണ്ഠൻ സമർപ്പിച്ച കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നു. സമാനമായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം നടത്തി എച്ച്.എൽ.എൽ കമ്പനി മുൻ ചെയർമാൻ അടക്കം ഏഴു പേർക്കെതിരെ എഫ്.ഐ.ആർ നൽകിയിരുന്നു. കോഴിക്കാൽ ഇറക്കുമതി അഴിമതിക്കേസിലും പ്രതിയായിരുന്നു ഈ കേസിലെ പ്രതിയായ രാജേഷ് നാരായണൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.