കൊട്ടിയം: ജനവാസ മേഖലയിൽ അനധികൃതമായി കുപ്പിവെള്ള പ്ലാൻറ് നിർമിക്കുന്നതായി ആരോപിച്ച് നാട്ടുകാർ സംഘടിച്ച് നിർമാണം തടഞ്ഞത് സംഘർഷത്തിനിടയാക്കി. ആദിച്ചനല്ലൂർ പഞ്ചായത്തിലെ 13ാം വാർഡിൽ മൈലക്കാട് കാടിയാത്തറ കാക്കരത്തോപ്പ് തോടിനോട് ചേർന്നാണ് വൻതോതിലുള്ള ജലചൂഷണത്തിന് വഴിയൊരുങ്ങുന്നത്. താഴ്ന്ന പ്രദേശത്തുനിന്ന് ദിവസേന ലക്ഷക്കണക്കിന് ലിറ്റർ വെള്ളം ഊറ്റിയെടുക്കുന്നതിനുള്ള കൂറ്റൻ കിണർ നിർമാണമാണിവിടെ നടക്കുന്നത്. പദ്ധതി പ്രാവർത്തികമായാൽ പ്രദേശത്ത് കടുത്ത ജലക്ഷാമത്തിന് കാരണമാകുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനിൽ പറഞ്ഞു. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന മുന്നൂറിലധികം വീട്ടുകാർക്ക് കുടിവെള്ളം ഇല്ലാതാകുമെന്ന് പഞ്ചായത്ത് അംഗം റംല ബഷീറും പറയുന്നു. ഇവിടെ ഏക്കർ കണക്കിന് വസ്തു കൈവശമുള്ള സ്വകാര്യ വ്യക്തി കൃഷിയുടെ മറവിലാണ് നിർമാണപ്രവർത്തനങ്ങൾ നടത്തുന്നത്. ഞായറാഴ്ച രാവിലെ 11ഒാടെ സംഘടിച്ചെത്തിയ നാട്ടുകാർ കിണർ നിർമാണം തടഞ്ഞതോടെ സ്ഥലത്ത് സംഘർഷാവസ്ഥയുണ്ടായി. നാട്ടുകാരെ ചെറുക്കാൻ സ്വകാര്യ വ്യക്തിയുടെ കൈയാളുകളും എത്തിയതോടെ ഇരുകൂട്ടരും കൈയാങ്കളിയുടെ വക്കോളമെത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം മൈലക്കാട് സുനിലിെൻറ ഇടപെടലാണ് സംഘട്ടനം ഒഴിവാക്കിയത്. കിണർ നിർമാണം നിർത്തിെവച്ചതോടെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.