തിരുവനന്തപുരം: മൂല്യം കുറഞ്ഞ മുദ്രപത്രങ്ങളുടെ മൂല്യം ഉയർത്തി (റീവാല്യുവേറ്റഡ്) മുദ്രപത്രക്ഷാമം പരിഹരിക്കാൻ നടപടി. ആവശ്യക്കാരില്ലാത്തതിനെതുടർന്ന് ട്രഷറികളിൽ കെട്ടിക്കിടക്കുന്ന ഒന്നു മുതൽ 10 രൂപ വരെയുള്ള മുദ്രപത്രങ്ങളുടെ മൂല്യം ഉയർത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിെൻറ ഭാഗമായി നിലവിലുള്ള ഒന്ന്, രണ്ട്, അഞ്ച് രൂപയുടെ മുദ്രപത്രങ്ങൾ 50 രൂപയുടേതിന് സമാനമായി മുദ്രെവച്ചുനൽകും. ഏഴ്, പത്ത് രൂപയുടെ മുദ്രപത്രങ്ങൾ 100 രൂപയുടേതിന് തുല്യമാക്കി നൽകും. കേരള സ്റ്റാമ്പ് ഡ്യൂട്ടി ആക്ടിെൻറ റൂൾ ഒമ്പതിൽ ഭേദഗതി വരുത്തി ഇത് സംബന്ധിച്ച് ധനവിഭവ സെക്രട്ടറി മിൻഹാജ് ആലം ഉത്തരവ് ഇറക്കി. ജില്ല ട്രഷറി ഓഫിസർമാർ, സബ് ട്രഷറി ഓഫിസർമാർ എന്നിവരടക്കമുള്ള ഉദ്യോഗസ്ഥർക്ക് സ്റ്റാമ്പ് ഓഫിസർമാരുടെ ചുമതല നൽകിയാണിത്. സംസ്ഥാനത്തെ രജിസ്േട്രഷൻ ആവശ്യങ്ങൾക്ക് കൂടുതലായി ഉപയോഗിക്കുന്ന അടിസ്ഥാനവിലയുള്ള 50 രൂപയുടെയും 100 രൂപയുടെയും മുദ്രപത്രങ്ങൾക്ക് കടുത്തക്ഷാമം അനുഭവപ്പെട്ട സാഹചര്യത്തിലാണ് താഴ്ന്ന മൂല്യമുള്ള മുദ്രപത്രങ്ങളുടെ മൂല്യം ഉയർത്താൻ സർക്കാർ തീരുമാനിച്ചത്. ജനനം, വിവാഹം, മരണം എന്നിവയടക്കമുള്ള സർട്ടിഫിക്കറ്റുകൾക്കുപോലും 50, 100 രൂപയുടെ മുദ്രപത്രങ്ങളാണ് കൂടുതലായി ഉപയോഗിക്കുന്നത്. ഇവക്ക് ഇപ്പോൾ രൂക്ഷമായ ക്ഷാമമാണ്. എന്നാൽ, ഇവ ലഭ്യമല്ലാത്ത സാഹചര്യത്തിൽ 500 രൂപയുടെ മുദ്രപത്രങ്ങൾ ഉപയോഗിക്കേണ്ടിവന്നിരുന്നു. ഇത് സർക്കാറിലേക്ക് കൂടുതൽ വരുമാനം എത്തിക്കുമെങ്കിലും ജനങ്ങൾക്ക് വലിയ നഷ്ടമാണ് വരുത്തിയത്. അതേസമയം ചെറിയ മൂല്യമുള്ള 50 ലക്ഷത്തിലേറെ മുദ്രപത്രങ്ങൾ ട്രഷറികളിൽ കെട്ടിക്കിടക്കുകയാണ്. 10 രൂപയുടേത് മാത്രം 39.12 ലക്ഷം പത്രങ്ങളാണ് സംസ്ഥാനത്തെ വിവിധ ട്രഷറികളിൽ കെട്ടിക്കിടക്കുന്നത്. ഇതിൽ താഴെ തുകയിലുള്ള മുദ്രപത്രങ്ങളുടെ കണക്കെടുപ്പ് പൂർത്തിയായി വരുന്നുതേയുള്ളൂ. ഒന്ന്, രണ്ട്, അഞ്ച്, ഏഴ് രൂപയുടെ മുദ്രപത്രങ്ങൾ 10 ലക്ഷത്തിലേറെ എണ്ണം വരുമെന്നാണ് പ്രാഥമികമായി കണക്കാക്കുന്നത്. ഇതുവഴി സംസ്ഥാനത്തിന് കോടികളുടെ അധിക വരുമാനം നേടാനാകുമെന്നാണ് ധനവകുപ്പ് കരുതുന്നത്. അതേസമയം, പ്രധാന കരാറുകൾക്കെല്ലാം ഉപയോഗിക്കുന്ന 200 രൂപയുടെ മുദ്രപത്രം മൂല്യം ഉയർത്തിയ പട്ടികയിലില്ല. അതിനാൽ 100 രൂപയുടെ രണ്ടെണ്ണം വാങ്ങേണ്ട അവസ്ഥയാണ്. കൂടാതെ സ്റ്റാമ്പ് ഓഫിസറുടെ അധികാരം രജിസ്േട്രഷൻ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കുകൂടി നൽകണമെന്ന ആവശ്യവും സർക്കാർ പരിഗണിച്ചുവരികയാണ്. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.