തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന്‍ ചുമതലയേറ്റു. വൈസ് ചാന്‍സലര്‍റായിരുന്ന പ്രഫ. പി.കെ. രാധാകൃഷ്ണന്‍ സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്കാണ് നിലവില്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായ ഡോ. ഗോപിനാഥ് രവീന്ദ്രന് ഗവർണര്‍ ജസ്റ്റിസ് പി. സദാശിവം അധികചുമതല നല്‍കിയത്. സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. ആര്‍. ജയചന്ദ്രന്‍ അദ്ദേഹത്തെ സ്വീകരിച്ചു. കോളജ് െഡവലപ്മെൻറ് കൗണ്‍സില്‍ ഡയറക്ടര്‍ ഡോ. എം. ജയപ്രകാശ്, പരീക്ഷാ കണ്‍ട്രോളര്‍ ഡോ. കെ. മധുകുമാര്‍, പ്ലാനിങ് ആൻഡ് െഡവലപ്മെൻറ് ഡയറക്ടര്‍ ഡോ. മിനി ഡിജോ കാപ്പന്‍, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, യൂനിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പരീക്ഷ നടത്തിപ്പ്, ഗവേഷണം എന്നീ മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ചുമതലയേറ്റ ശേഷം ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. അതിനുശേഷം സിന്‍ഡിക്കേറ്റ് അംഗങ്ങളുമായും സ്റ്റാറ്റ്യൂട്ടറി ഓഫിസര്‍മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയിലെ ചരിത്ര വിഭാഗം മേധാവിയായും ഇന്ത്യന്‍ ചരിത്ര കൗണ്‍സില്‍ മെംബര്‍ സെക്രട്ടറിയായും സ്ഥാനം വഹിച്ചിട്ടുള്ള ഡോ. ഗോപിനാഥ് രവീന്ദ്രന്‍ മികച്ച ഒരു ചരിത്രപണ്ഡിതനും ഒട്ടേറെ ചരിത്രഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണ്. ഡല്‍ഹി സെൻറ് സ്റ്റീഫന്‍സ് കോളജ്, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല (ജെ.എന്‍.യു) എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ബിരുദവും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍നിന്ന് പോസ്റ്റ് ഡോക്ടറല്‍ ബിരുദവും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.