കനാൽ തുറക്കുന്നില്ല; കരീപ്ര പാട്ടുപുരയ്ക്കൽ ഏലായിൽ നെൽകൃഷി കരിയുന്നു

* നശിക്കുന്നത് 70 ഏക്കറിലെ നെൽകൃഷിയും കർഷകരുടെ അധ്വാനവും കുണ്ടറ: കനാൽ തുറക്കാത്തതിനാൽ കരീപ്ര പഞ്ചായത്തിലെ പാട്ടുപുരയ്ക്കൽ ഏലായിലെ കൃഷി വെള്ളമില്ലാതെ കരിഞ്ഞുണങ്ങുന്നു. ജില്ലയിൽ നെൽകൃഷിക്ക് മാതൃക തീർത്തവരാണ് കരീപ്ര തളവൂർകോണം പാട്ടുപുരയ്ക്കൽ ഏലായിലെ കർഷകകൂട്ടായ്മ. 64 കർഷകർ ചേർന്ന് ലക്ഷങ്ങൾ വായ്പയെടുത്താണ് ഒരു തുണ്ട് വയൽപോലും തരിശ്ശിടാതെ കൃഷിയിറക്കുന്നത്. വേനൽ നേരത്തെയെത്തിയതിനെ തുടർന്നാണ് നാൽപത് ദിവസം പ്രായമെത്തിയ നെല്ല് കരിഞ്ഞ് തുടങ്ങിയത്. കനാൽ തുറക്കുമെന്ന പ്രതീക്ഷയിലാണ് നഷ്ടക്കച്ചവടമായിട്ടും കർഷകർ കൃഷിയിറക്കിയത്. പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതിന് പുറമേ കനാൽ തുറക്കാത്തതും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. കരീപ്ര പഞ്ചായത്തിൽ വെള്ളമെത്തുന്നത് ഇടതുകര കനാലി​െൻറ തൃപ്പിലഴികം- കടയ്ക്കോട് സബ് കനാലിലൂടെയാണ്. കഴിഞ്ഞ ആഴ്ച ഇടതുകര കനാൽ തുറന്നെങ്കിലും ഏല ഉൾപ്പെടുന്ന പ്രദേശത്തേക്ക് വെള്ളമെത്തിക്കുന്ന തൃപ്പിലഴികത്തുനിന്നുള്ള സബ് കനാലിലേക്ക് വെള്ളമെത്തുന്നതിന് മുമ്പേ പ്രധാന കനാൽ അടച്ചതാണ് തിരിച്ചടിയായത്. കഴിഞ്ഞ തവണ കർഷകരിൽനിന്ന് സപ്ലൈകോ സംഭരിച്ച നെല്ലി​െൻറ പണവും ഇതുവരെ നൽകിയിട്ടില്ല. കർഷകർക്ക് നെല്ലി​െൻറ വില ലോണായി നൽകണമെന്നും ലോൺ തുക സർക്കാർ പിന്നീട് അടക്കുമെന്നുമായിരുന്നു സപ്ലൈകോയും ബാങ്കും തമ്മിലുണ്ടായ ധാരണ. ഈ ധാരണയുടെ അടിസ്ഥാനത്തിൽ സപ്ലൈകോ നൽകിയ ടോക്കണുമായി കർഷകർ ബാങ്കിലെത്തി പണം കൈപ്പറ്റണമെന്നാണ്. എന്നാൽ ബാങ്കുകൾ കർഷകർക്ക് പണം നൽകാൻ തയാറാകുന്നില്ലെന്ന് കർഷകർ പറയുന്നു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ ഏല സന്ദർശിച്ച് ആശ്വാസവാക്കുകൾ പറയുന്നതല്ലാതെ കർഷകരെ രക്ഷിക്കുന്നതിനുള്ള ഒരു പ്രായോഗിക നടപടിയുണ്ടാകുന്നില്ലെന്ന് പാട്ടുപുരയ്ക്കൽ ഏല സമിതി സെക്രട്ടറി ബി. ചന്ദ്രശേഖരപിള്ള പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.