കാനനഛായ തൻ കാഴ്ചകാണാൻ ഞാനും വരട്ടയോ സ്കൂളിലേക്ക്...

ഗവ. ടൗൺ യു.പി സ്കൂളിലാണ് വിദ്യാർഥികളും അധ്യാപകരും ചേർന്ന് മനോഹരമായ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയത് കൊല്ലം: സ്കൂൾ മുറ്റത്ത് വേറിട്ട കാഴ്ചയായി കാനനഛായയുടെ ദൃശ്യചാരുത. ഗവ. ടൗൺ യു.പി സ്കൂളിലാണ് വനാന്തരീക്ഷ കാഴ്ചകളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. അധ്യാപകരും വിദ്യാർഥികളും ചേർന്നാണ് സ്കൂളിൽ ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിരിക്കുന്നത്. സ്കൂൾ മുറ്റത്തെ ഒരു ഭാഗത്താണ് മനോഹരമായി ഉദ്യാനം നിർമിച്ചിരിക്കുന്നത്. മൂന്ന് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർഥികളാണ് ഉദ്യാനനിർമാണത്തിലെ പങ്കാളികൾ. സംസ്ഥാന സർക്കാറി​െൻറ പൊതുവിദ്യാലയ ശാക്തീകരണ പദ്ധതിയിലും എസ്.എസ്.എയിലും ഉൾപ്പെടുത്തിയാണ് ജൈവ ഉദ്യാന പദ്ധതി നടപ്പാക്കുന്നത്. മുളകൊണ്ട് നിർമിച്ച കവാടമാണ് ഉദ്യാനത്തിലേക്ക് സ്വാഗതമേകുന്നത്. ഒപ്പം ചെറുമത്സ്യങ്ങൾ നീന്തിത്തുടിക്കുന്ന കുളവും അതിന് മുകളിൽ പാലവും. കൂടാതെ കാർഷിക സംസ്കൃതിയുടെ ഓർമപ്പെടുത്തലായി തടിയിൽ തീർത്ത ജലചക്രവും കാണാം. ഇതിന് സമീപത്തായി കരനെൽ കൃഷിപ്പാടം ഒരുക്കിയിട്ടുണ്ട്. ഉദ്യാനവളപ്പിലെ മരത്തിലെ ഏറുമാടവും ആകർഷകമാണ്. പ്ലാവും പുളിഞ്ചിയും പേരയും അമ്പഴവും ഉൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും ഓറഞ്ചും നാരകവും ഉദ്യാനവളപ്പിലുണ്ട്. ഇതിനൊപ്പം ശതാവരി, തിപ്പലി, നീല അമരി, ആടലോടകം, ആര്യവേപ്പ്, നീലക്കൊടുവേലി തുടങ്ങി ആയുർവേദ ഔഷധസസ്യങ്ങളുടെ നിരയും ഇവിടെയുണ്ട്. വിവിധതരം ചെമ്പരത്തികൾ ഉദ്യാനത്തിന് നിറക്കാഴ്ച പകരുന്നു. ചിത്രശലഭപാർക്കിൽ തെങ്ങിൻ കുറ്റികൾ കൊണ്ടുള്ള ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടാതെ സ്കൂൾ മതിൽ നിറയെ എസ്.എസ്.എ അധ്യാപകരായ അനിൽകുമാർ അഷ്ടമുടിയും ലീനസും വരച്ച വർണമനോഹരങ്ങളായ ചിത്രങ്ങളും തെളിയുന്നു. സർവശിക്ഷാ അഭിയാനിലെ ചിത്രകലാ അധ്യാപകനായ അജിമോനാണ് ഉദ്യാനത്തി​െൻറ രൂപകൽപന തയാറാക്കിയത്. സ്കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ഏറെനാളത്തെ അധ്വാനത്തി​െൻറ ഫലമാണ് ഉദ്യാനമെന്ന് പ്രധാനാധ്യാപകൻ അജയകുമാർ പറഞ്ഞു. നേരത്തേ സ്‌കൂളിലേക്ക് വരാൻ മടിച്ചിരുന്ന പല കുട്ടികളും ഇപ്പോൾ സ്കൂൾ വിട്ടാലും വീട്ടിലേക്ക് മടങ്ങാൻ മടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൂർവ വിദ്യാർഥികൾ ഉൾപ്പെടെയുള്ള പലരും ഉദ്യാനം കാണാൻ സ്കൂളിൽ എത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.