കുണ്ടറ: മൺറോതുരുത്തിനിത് നല്ലകാലം. ഭരണാധികാരികളും സാങ്കേതികവിദഗ്ധരും സാമൂഹിക പ്രവർത്തകരും മൺറോതുരുത്തിനായി രംഗത്തെത്തിയത് പ്രതീക്ഷ പകരുകയാണ്. രണ്ടുദിവസം മുമ്പ് കാലാവസ്ഥാ വ്യതിയാനവകുപ്പിെൻറയും സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ നടന്ന ദ്വിദിന ശിൽപശാല പ്രതീക്ഷകൾ പകർന്നാണ് സമാപിച്ചത്. മൺറോതുരുത്തിെൻറ ദൈനംദിന ജീവിതം സുരക്ഷിതമാക്കാനും കൃഷിയും മറ്റും മെച്ചപ്പെടുത്താനും ഉതകുന്ന ചിന്തകളാണ് ശിൽപശാലയിൽ പങ്കുെവച്ചത്. ശിൽപശാലക്ക് പിന്നാലെ ബംഗ്ലാദേശ്, വിയറ്റ്നാം, ജപ്പാൻ തുടങ്ങി വെള്ളപ്പൊക്ക ഭീഷണി നിരന്തരം നേരിടുന്ന രാജ്യങ്ങളിൽ നിർമിക്കുന്ന സുരക്ഷിത വീടുകളുടെ മാതൃകയുമായി തിരുവനന്തപുരം എൻജിനീയറിങ് കോളജ് ആർക്കിടെക്ട് വിഭാഗം മൺറോതുരുത്തിൽ എത്തുന്നുണ്ട്. കേരളത്തിലും ഇതിെൻറ സാധ്യത പരിശോധിക്കുന്നതിനായി മൺറോതുരുത്തിൽ മാതൃക വീടുകൾ നിർമിക്കുന്നതിനാണ് ഒരുങ്ങുന്നത്. ഇതിനാവശ്യമായ പദ്ധതി തയാറാക്കി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. 'പൊയ്ക്കാൽ വീടു'കൾ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയാണ് വികസിപ്പിച്ചിട്ടുള്ളത്. ഭൂമിയിൽ സ്ഥാപിക്കുന്ന വീട് ജലനിരപ്പ് ഉയരുന്നതനുസരിച്ച് മുകളിലേക്കുയരുന്ന രീതിയാണുള്ളത്. വെള്ളത്തിൽ ഉയരുന്ന സ്ഥലം വീടിെൻറ അടിയിലായതിനാൽ അത് പുറത്തുകാണില്ല. വെള്ളം ഉയരുമ്പോൾ ഇതും ഉയരുകയും വീടിന് ഉൾവശം സുരക്ഷിതമായിരിക്കുകയും ചെയ്യും. വെള്ളത്തിലും കരയിലും ഒരേപോലെ ബലം നൽകുന്ന വസ്തുക്കളും സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് നിർമാണം. തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ വാസ്തുശിൽപ വിഭാഗമാണ് മൺറോതുരുത്തിനായി പൊയ്ക്കാൽ വീടുകൾ നിർമിക്കാനൊരുങ്ങുന്നത്. ഫാക്കൽറ്റി മനോജ്കുമാർ കിണിയുടെ നേതൃത്വത്തിലാണ് പദ്ധതി സമർപ്പിച്ചിട്ടുള്ളത്. സർക്കാർ പദ്ധതിക്ക് മുമ്പായി രണ്ട് വീടുകൾ നിർമിക്കാനാണ് സി.പി.എം ജില്ല സെക്രട്ടറിയും മുൻ എം.പിയുമായ കെ.എൻ. ബാലഗോപാലിെൻറ ശ്രമം. മൺറോതുരുത്തിെൻറ പ്രശ്നം പാർലമെൻറിലും ലോകപരിസ്ഥിതി സമ്മേളനത്തിെൻറ ശ്രദ്ധയിലും കൊണ്ടുവന്ന ബാലഗോപാൽ നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹകരണത്തോടെയാണ് ആംഫീബിയസ് വീട് ഒരുക്കാൻ ശ്രമിക്കുന്നത്. വിവിധ മേഖലകളിൽനിന്ന് മൺറോതുരുത്തിനെ കരകയറ്റാൻ നടത്തുന്ന ശ്രമങ്ങൾ ആശാവഹമാണെന്നും പരിസ്ഥിതിക്കിണങ്ങിയ നിർമാണരീതികളും കാർഷികരീതികളും നടപ്പാക്കുന്നത് പ്രയോജനം ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡൻറ് ബിനു കരുണാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.