വനഭൂമിക്ക് പട്ടയം: കേന്ദ്രാനുമതി കാത്ത് സർക്കാർ

തിരുവനന്തപുരം: റവന്യൂ- വനം വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയ വനഭൂമിക്ക് പട്ടയം നൽകാൻ കേന്ദ്രാനുമതി കാത്ത് സർക്കാർ. 1977 ജനുവരി ഒന്നിനു മുമ്പ് വനഭൂമി കൈവശം വെച്ചിരിക്കുന്നവർക്ക് പട്ടയം നൽകുന്നതിന് പല ജില്ലകളിലും സംയുക്ത പരിശോധന നടത്തി കൈവശക്കാരെ കണ്ടെത്തി പട്ടിക തയാറാക്കിയിരുന്നു. കേന്ദ്രാനുമതി ലഭിക്കാതെ വനഭൂമിക്ക് പട്ടയം നൽകാനാവില്ല. തൃശൂർ, തലപ്പിള്ളി, താലൂക്കുകളിൽ സംയുക്ത പരിശോധന നടത്തി കേന്ദ്രാനുമതിക്ക് സമർപ്പിച്ച അപേക്ഷകളിൽ അനുമതി ലഭിച്ചിട്ടില്ല. തിരുവനന്തപുരം ജില്ലയിൽ 175 അപേക്ഷകളിൽ പരിശോധന പൂർത്തിയാക്കി. ഇവർക്ക് പട്ടയം നൽകുന്നതിന് കേന്ദ്ര സർക്കാറി​െൻറ അനുമതിക്ക് സമർപ്പിച്ചു. പാലക്കാട്ട് ലഭിച്ച അപേക്ഷകളിൽ വനംവകുപ്പുമായി ചേർന്ന് സംയുക്ത പരിശോധന നടത്തുകയും അർഹരുടെ പട്ടിക തയാറാക്കുകയും ചെയ്തു. കേന്ദ്ര സർക്കാറി​െൻറ അനുമതി ലഭിച്ചാൽ പട്ടയം നൽകുന്നതിന് നടപടി സ്വീകരിക്കാം. മലപ്പുറം ജില്ലയിൽനിന്ന് 674 പേരുടെ പട്ടിക അനുമതിക്ക് സമർപ്പിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ 1991-92 കാലത്ത് റവന്യൂ- വനംവകുപ്പുകളുടെ സംയുക്ത പരിശോധന പൂർത്തീകരിച്ചിരുന്നു. കൊല്ലം ജില്ലയിൽ പുനലൂർ, പത്തനാപുരം, കൊട്ടാരക്കാര താലൂക്കുകളിലും പരിശോധന പൂർത്തിയാക്കി. ഇതു കേന്ദ്രാനുമതിക്ക് അയക്കുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലാണ്. എറണാകുളം ജില്ലയിൽ ആലുവ താലൂക്കിലെ അയ്യമ്പുഴ വില്ലേജിലെ 101 പേർക്ക് പട്ടയം നൽകുന്നതിനുള്ള സ്കെച്ച്, മഹസർ എന്നിവ തയാറാക്കുന്നതിനുള്ള പരിശോധന പൂർത്തിയാക്കി. കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ, നേരിയമംഗലം, കടവൂർ, കീരംപാറ, കോട്ടപ്പടി, പിണ്ടിമന, കുട്ടമംഗലം വില്ലേജുകളിൽ സംയുക്ത പരിശോധന പൂർത്തിയാക്കി. വയനാട് ജില്ലയിൽ സംയുക്ത പരിശോധന പൂർത്തിയാക്കി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് പ്രപ്പോസൽ സമർപ്പിക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണ്. കണ്ണൂരിൽ ഇത്തരത്തിൽ 94 പ്ലോട്ടുകളിലെ 23 ഏക്കർ ഭൂമിക്ക് കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. ഇടുക്കി മലയോര മേഖലയിലും സംയുക്ത പരിശോധന നടത്തി. എന്നാൽ, സംയുക്ത പരിശോധന പട്ടികയിൽ ഉൾപ്പെടാത്ത 1977 ജനുവരി ഒന്നിനു മുമ്പ് കുടിയേറിയവർക്ക് പട്ടയം നൽകാൻ സാധിക്കില്ലെന്ന നിലപാടിലാണ് സർക്കാർ. ഒരിക്കൽ നിരസിച്ച അപേക്ഷകൾ വീണ്ടും പരിഗണിക്കേണ്ടെന്നാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.