ബോട്ടുടമകൾ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു; ഹാർബറുകൾ നിശ്ചലം

കൊല്ലം: കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ മത്സ്യബന്ധനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ മത്സ്യബന്ധനമേഖലയിലെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. സമരത്തെതുടർന്ന് വ്യാഴാഴ്ച സംസ്ഥാനത്തെ ഹാർബറുകൾ നിശ്ചലമായി. ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷ​െൻറ നേതൃത്വത്തിലാണ് പണിമുടക്ക്. സമരത്തി​െൻറ ആദ്യദിനം പരമ്പരാഗത മത്സ്യത്തൊഴിലാളികളും പങ്കെടുത്തു. അനുഭാവസൂചകമായി കേരളത്തിനൊപ്പം തമിഴ്നാട്ടിലെ മുട്ടം, കുളച്ചൽ ഹാർബറുകളിലും പണിമുടക്ക് നടത്തിയതായി ബോട്ടുടമ സംഘടന നേതാക്കൾ പറഞ്ഞു. സംസ്ഥാനത്തെ 3800ഓളം വരുന്ന ബോട്ടുകളാണ് സമരത്തെതുടർന്ന് കരയിൽ നിർത്തിയിട്ടിരിക്കുന്നത്. നാൽപതിനായിരത്തോളം മത്സ്യത്തൊഴിലാളികളാണ് യന്ത്രവത്കൃത ബോട്ടുകളിൽ മത്സ്യബന്ധനത്തിന് കടലിൽ പോയിരുന്നത്. ഒന്നരലക്ഷത്തോളം അനുബന്ധ തൊഴിലാളികളും സംസ്ഥാനത്ത് ഈ മേഖലയിൽ ജോലി ചെയ്യുന്നു. സമരം നീണ്ടാൽ മൊത്തത്തിൽ രണ്ട് ലക്ഷത്തിലേറെ പേർക്ക് ജോലിയില്ലാതാവുമെന്ന് മത്സ്യത്തൊഴിലാളി നേതാക്കൾ പറയുന്നു. അതിനാൽ സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്നതാണ് ഇവരുടെ ആവശ്യം. ഇന്ധനവില വർധന കുറച്ച് മത്സ്യബന്ധനമേഖലയെ സംരക്ഷിക്കുക, ഡീസൽ സബ്സിഡി യന്ത്രവത്കൃത മത്സ്യബന്ധന മേഖലക്കും നൽകുക, ഓഖി ദുരന്തത്തിൽ പൂർണമായും ഭാഗികമായും നഷ്ടം സംഭവിച്ച എല്ലാ യാനങ്ങൾക്കും അപകടം സംഭവിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്കും അടിയന്തര സാമ്പത്തികസഹായം നൽകുക, 58 ഇനം മത്സ്യങ്ങളുടെ മിനിമം ലീഗൽ സൈസ് നടപ്പാക്കുന്നതിൽ സി.എം.എഫ്.ആർ.ഐയുടെ നിർദേശങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.