കഴിഞ്ഞവർഷം വേനൽ കടുത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ സന്ദർഭത്തിൽ വെള്ളം വറ്റിച്ചതിനെച്ചൊല്ലി നാട്ടുകാരുടെ ഭാഗത്തുനിന്ന് രൂക്ഷമായ എതിർപ്പുകളുയർന്നതിനാൽ ഇത്തവണ നേരത്തേതന്നെ വെള്ളംവറ്റിച്ച് നിലമൊരുക്കുകയായിരുന്നു പരവൂർ: പോളച്ചിറ പാടശേഖരത്ത് കൃഷിയിറക്കിത്തുടങ്ങി. മുൻവർഷത്തെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ കർഷകർ താൽപര്യത്തോടെ മുന്നോട്ടുവന്നതായി ചിറക്കര കൃഷി ഓഫിസർ ഷെറിൻ കെ.സലാം അറിയിച്ചു. കഴിഞ്ഞവർഷം വേനൽ കടുത്ത് കുടിവെള്ളക്ഷാമം രൂക്ഷമായ സന്ദർഭത്തിൽ വെള്ളം വറ്റിച്ചതിനെച്ചൊല്ലി നാട്ടുകാരുടെ ഭാഗത്തുനിന്ന് രൂക്ഷമായ എതിർപ്പുകളുയർന്ന പശ്ചാത്തലത്തിൽ ഇത്തവണ നേരത്തേതന്നെ വെള്ളംവറ്റിച്ച് നിലമൊരുക്കിയതിനാൽ എതിർശബ്ദങ്ങളൊന്നുമുണ്ടായില്ല. കഴിഞ്ഞവർഷം 300 ഹെക്ടറിൽ കൃഷിയിറക്കുമെന്നാണ് പാടശേഖരസമിതിയും ചിറക്കര പഞ്ചായത്ത് പ്രസിഡൻറും പറഞ്ഞിരുന്നതെങ്കിലും 125 ഹെക്ടറിൽ മാത്രമാണ് കൃഷി നടന്നത്. ഇതിൽതന്നെ 45 ശതമാനത്തോളം ഭാഗത്തെ കൃഷി നശിച്ചിരുന്നു. പാടശേഖരത്തിലെ ഉപ്പിെൻറ സാന്നിധ്യംമൂലം വിത്ത് കിളിർത്തുവന്ന ഘട്ടത്തിൽത്തന്നെ കുറേ ഭാഗം കരിഞ്ഞുപോയി. വളർച്ചയുടെ ഘട്ടത്തിൽ കെ.ഐ.പി കനാലിൽനിന്ന് വെള്ളം തുറന്നുവിട്ടതിനെത്തുടർന്ന് നടുത്തോടുവഴിയെത്തിയ വെള്ളം കൃഷിയിടങ്ങളിലേക്ക് വ്യാപിച്ച് പിന്നെയും കൃഷിനാശം നേരിട്ടു. 230 ടൺ നെല്ലാണ് കഴിഞ്ഞതവണ ലഭിച്ചത്. കഴിഞ്ഞതവണ 175ഒാളം കർഷകരാണ് കൃഷിയിറക്കിയത്. നാട്ടുകാരുടെ എതിർപ്പുകളില്ലാത്തതിനെത്തുടർന്ന് ഇത്തവണ കൂടുതൽ പേർ രംഗത്തെത്തിയിട്ടുണ്ട്. മുൻവർഷത്തെക്കാൾ കൂടുതൽ സ്ഥലത്ത് കൃഷിയിറക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് കൃഷി ഓഫിസർ അറിയിച്ചു. 87 ഹെക്ടറിൽ ഇതിനകം കൃഷിയിറക്കിക്കഴിഞ്ഞു. കൂടുതൽ സ്ഥലത്ത് നിലമൊരുക്കൽ നടന്നുവരികയാണ്. വിത്തും വളവും ചിറക്കര സർവിസ് സഹകരണ ബാങ്ക് വഴിയാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്. തൃശൂരിൽനിന്നാണ് വിത്ത് എത്തിക്കുന്നത്. കഴിഞ്ഞതവണ കൃഷിനാശം സംഭവിച്ചതിെൻറ പേരിൽ കർഷകർക്ക് നഷ്ടപരിഹാരം ലഭിച്ചിരുന്നില്ല. കൃഷിഭവൻ മുഖേന സാമ്പത്തികസഹായം നൽകാൻ കഴിയില്ലെന്ന് കൃഷി ഓഫിസർ അറിയിച്ചു. ആരംഭഘട്ടത്തിൽ നാശനഷ്ടം സംഭവിച്ചാൽ പകരം വിത്തും വളവും നൽകാനാണ് വ്യവസ്ഥയുള്ളത്. മറ്റുള്ള കാര്യങ്ങൾ സർക്കാറാണ് നിശ്ചയിക്കേണ്ടത്. നാശം സംഭവിച്ചതിെൻറ വിവരങ്ങൾ അപ്പപ്പോൾത്തന്നെ സർക്കാറിനെ അറിയിച്ചെങ്കിലും തീരുമാനമെടുക്കാൻ സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായ കാലതാമസമാണ് പ്രശ്നമെന്നും അവർ പറഞ്ഞു. വെള്ളം വറ്റിക്കുന്നതിനുള്ള പണം പഞ്ചായത്താണ് ഓരോവർഷവും അനുവദിക്കുന്നത്. എന്നാൽ, വെള്ളം വറ്റിക്കുന്നതിെൻറ ചെലവിലേക്കെന്ന പേരിൽ ഓരോ കർഷകരിൽ നിന്നും പാടശേഖരസമിതി 1200 രൂപ വീതം വാങ്ങുന്നുണ്ട്. വരും വർഷങ്ങളിൽ വെള്ളം വറ്റിക്കുന്നതിനും അനുബന്ധ ചെലവുകൾക്കുമുള്ള ഫണ്ട് സ്വരൂപിക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ തുക ഈടാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പാടശേഖരസമിതി വിളിച്ചുചേർത്ത പൊതുയോഗത്തിലുണ്ടായ തീരുമാനപ്രകാരമാണ് തുക ഈടാക്കുന്നതെത്ര. എന്നാൽ, വെള്ളം വറ്റിക്കാൻ എല്ലാ വർഷവും പഞ്ചായത്ത് ലക്ഷങ്ങൾ അനുവദിക്കുമ്പോൾ കർഷകരിൽനിന്ന് ഇങ്ങനെ തുക ഈടാക്കുന്നതിനെക്കുറിച്ച് എതിർപ്പുകളും ഉയരുന്നുണ്ട്. പഞ്ചായത്തിലെ മറ്റ് പാടശേഖര സമിതികളും ഇത്തരത്തിൽ കർഷകരിൽനിന്ന് പണം ഈടാക്കുന്നതായാണ് വിവരം. ചിറക്കര, താഴംതെക്ക്, കുഴുപ്പിൽ എന്നിവിടങ്ങളിലാണ് മറ്റു സമിതികൾ. കർഷകർക്കാവശ്യമുള്ള കൊയ്ത്ത് മെതി യന്ത്രങ്ങളടക്കം വാങ്ങി നൽകിയിട്ടുണ്ടെന്നും കൃഷി ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.