ഗൗരി നേഘയുടെ മരണം: പൊലീസ് പ്രതികളെ തെരയുന്നതിന് പകരം തെൻറ പിന്നാലെ -പിതാവ് *സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ കൊല്ലം: ട്രിനിറ്റി ലൈസിയം സ്കൂളിൽ പത്താം ക്ലാസുകാരി ഗൗരി നേഘ മരണപ്പെട്ട സംഭവത്തിൽ സി.ബി.ഐ അന്വേഷണത്തിന് ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുയർത്തി ആക്ഷൻ കൗൺസിൽ രൂപവത്കരിച്ച് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാർ. സംഭവം നടന്ന് മൂന്നുമാസം പിന്നിട്ടിട്ടും ഗൗരിയുടെ മരണകാരണം വ്യക്തമാക്കാൻ പൊലീസ് തയാറാകുന്നില്ലെന്ന് ഗൗരിയുടെ പിതാവ് പ്രസന്നകുമാറും ബന്ധുക്കളും വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പ്രതികളെ തെരയുന്നതിന് പകരം പൊലീസ് തെൻറ പിന്നാലെ കൂടിയിരിക്കുകയാണ്. താൻ എവിടെ പോകുന്നു, ആരെയൊക്കെ കാണുന്നു എന്ന് അന്വേഷിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്ന് പ്രസന്നകുമാർ പറഞ്ഞു. സ്കൂൾ അധികൃതർ അവരുടെ സ്വാധീനം ഉപയോഗിച്ച് രക്ഷപ്പെടാനാണ് പരിശ്രമിക്കുന്നത്. തുടക്കം മുതൽതന്നെ പൊലീസ് മാനേജ്മെൻറിനൊപ്പമാണ് നിന്നത്. അവരുടെതന്നെ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. ഗൗരിയുടെ മരണത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന അധ്യാപികമാരെ തിരിച്ചെടുത്തതിെൻറ കാരണം അധികൃതർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മരിക്കുന്നതിന് തൊട്ടുമുമ്പുവരെ തെൻറ കുട്ടി ഈ അധ്യാപികമാർക്കൊപ്പമായിരുന്നു. ഗൗരിക്ക് എന്തുസംഭവിച്ചെന്ന് പറയാൻ ഇവർ തയാറാകണം. സ്കൂൾ മുഴുവൻ സി.സി.ടി.വി നിരീക്ഷണത്തിലായിരുന്നിട്ടും ഇവരോടൊപ്പമുള്ള അവസാന നിമിഷങ്ങളുടെ ദൃശ്യങ്ങളില്ലാത്തത് ദുരൂഹമാണ്. കേസിലെ സാക്ഷികൾ സ്കൂളിലെ കുട്ടികളാണ്. പ്രതികളെന്ന് സംശയിക്കപ്പെടുന്ന അധ്യാപകർ ഇനിയും അവിടെ തുടരുന്നത് തെളിവുകൾ ഇല്ലാതാക്കാനും കുട്ടികളെ സ്വാധീനിക്കാനും കാരണമാകുമെന്ന് പ്രസന്നകുമാർ ചൂണ്ടിക്കാട്ടി. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ തങ്ങൾക്ക് വിശ്വാസമില്ല. അന്വേഷണോദ്യോഗസ്ഥനായ സി.ഐയെ നേരിൽ കാണാൻപോലും സാധിക്കാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കെ.എസ്.യു ജില്ല പ്രസിഡൻറ് വിഷ്ണു വിജയൻ ചെയർമാനും യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി വി.എസ്. ജിതിൻദേവ് ജനറൽ കൺവീനറുമായാണ് ആക്ഷൻ കൗൺസിൽ രൂപവത്കരിച്ചത്. ഗുരുദേവ്, കുരീപ്പുഴ അജിത്, ഹരി പത്തനാപുരം (വൈസ് ചെയർമാൻ), വിജിത് കേരളപുരം, ബാലൻ, വിഷ്ണു രവീന്ദ്രൻ (സഹ കൺവീനർമാർ), പ്രകാശ് (കോഒാഡിനേറ്റർ), പാരിപ്പള്ളി ആർ. രവീന്ദ്രൻ (ലീഗൽ അഡ്വൈസർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.