വടയമ്പാടിയിലെ പൊലീസ് അതിക്രമം: ജാതിവിവേചനങ്ങൾക്കെതിരെ ശബ്ദിക്കുന്നവരെ പൊലീസ് വേട്ടയാടുന്നു -ഫ്രറ്റേണിറ്റി *പിണറായിയുടെ കോലം കത്തിച്ച് പ്രതിഷേധം കൊല്ലം: വടയമ്പാടിയിലെ ജാതിമതിൽ വിരുദ്ധ സമര പ്രവർത്തകരെയും മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി ജില്ല കമ്മിറ്റി കൊല്ലം ടൗണിൽ പ്രതിഷേധം സംഘടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയെൻറ കോലവും കത്തിച്ചു. ജാതിമതിലുകൾ പണിയുന്നവർക്കെതിരിലോ അതിെൻറ പേരിൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരിലോ ഒരു നടപടിയും എടുക്കാത്ത പൊലീസ് ജാതി വിവേചനങ്ങൾക്കെതിരിൽ ശബ്ദിക്കുന്നവരെ വേട്ടയാടുകയാണെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത ജില്ല പ്രസിഡൻറ് എസ്.എം. മുഖ്താർ പറഞ്ഞു. അനന്തുവിനെയും അഭിലാഷിനെയും ശശിയെയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചതിന്ഒരു ന്യായീകണങ്ങളുമില്ലായിരുന്നു. പൊലീസ് അതിക്രമങ്ങൾ യഥാസമയം പൊതുസമൂഹത്തിലെത്തിക്കുന്ന മാധ്യമപ്രവർത്തകരെ തിരഞ്ഞുപിടിച്ച് അറസ്റ്റ് ചെയ്യുന്നത് ആസൂത്രിതമാണ്. പൊലീസിന് പുറമെ സംഘ്പരിവാർ പ്രവർത്തകരും മാധ്യമപ്രവർത്തകർക്കെതിരെ അക്രമം നടത്തുകയാണ്. സംഘ്പരിവാർ അജണ്ടകൾക്കും കൂട്ടുനിൽക്കുന്ന ആഭ്യന്തരവകുപ്പ് നാടിന് അപമാനകരമാണ്. വടയമ്പാടിയിലെ പൊലീസ് -സംഘ്‌പരിവാർ ആക്രമണങ്ങൾക്കെതിരിൽ ശക്തമായ പ്രതിഷേധങ്ങൾ ഉണ്ടാകുമെന്നും മുഖ്താർ പറഞ്ഞു. ജില്ല വൈസ് പ്രസിഡൻറ് അനീഷ് ഖാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അസ്‌ലം അലി, ജില്ല സെക്രട്ടറി അസ്‌ലം പെഴുമുട്, കമ്മിറ്റി അംഗങ്ങളായ തൻസീർ ലത്തീഫ് ലുഖ്മാൻ, അംജദ് അമ്പലക്കുന്ന് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.