കൊല്ലം: ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്ന് വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് ആരോഗ്യവകുപ്പിെൻറ ജാഗ്രതനിര്‍ദേശം. പാമ്പുകടി, വൈദ്യുതാഘാതം, പരിക്കുകള്‍, പകര്‍ച്ച വ്യാധികള്‍ എന്നിവക്കെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു. പാമ്പുകടി ഏറ്റാല്‍ ശരീരത്തിെൻറ മറ്റ് ഭാഗങ്ങളിലേക്ക് വിഷം വ്യാപിക്കുന്നത് പരമാവധി തടയുന്നതിനുള്ള പ്രഥമശുശ്രൂഷ ലഭ്യമാക്കണം. പാമ്പ് കടിച്ചെന്ന് മനസ്സിലായാല്‍ പരിഭ്രാന്തരാവുകയോ കടിയേറ്റവരെ ഭയപ്പെടുത്തുകയോ െചയ്യരുത്. ഭയപ്പെട്ടാല്‍ രക്തയോട്ടം കൂടുകയും അതുവഴി വിഷം ശരീരത്തില്‍ പെട്ടെന്ന് വ്യാപിക്കുകയുംചെയ്യും. മുറിവേറ്റഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. കടിയേറ്റവ്യക്തിയെ ഒരു നിരപ്പായ പ്രതലത്തില്‍ കിടത്തണം. മുറിവിന് മുകളിലായി കയറോ തുണിയോ മുറുക്കിക്കെട്ടേണ്ടതില്ല. ഇത് രക്തയോട്ടം തടസ്സപ്പെടുത്തി കോശങ്ങള്‍ നശിക്കുന്നതിന് കാരണമാകും. മുറിവിന് മുകളില്‍ തുണി കെട്ടണമെന്നുണ്ടെങ്കില്‍ ഒരുവിരല്‍ ഇടാവുന്ന അയവുണ്ടാകണം. പാമ്പുകടിക്കുള്ള വിദഗ്ധചികിത്സ എത്രയുംവേഗം ലഭ്യമാക്കണം. വൈദ്യുതാഘാതമേറ്റാല്‍ വൈദ്യുതിബന്ധം സുരക്ഷിതമായി വേര്‍പെടുത്തണം. ബോധം നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ നിരപ്പായ പ്രതലത്തില്‍ കിടത്തി ഹൃദയസ്പന്ദനവും ശ്വാസോച്ഛാസവും സാധാരണ നിലയിലായെന്ന് ഉറപ്പുവരുത്തി വിദഗ്ധചികിത്സ നല്‍കണം. ബോധം നഷ്ടപ്പെട്ടെങ്കില്‍ നിരപ്പായ പ്രതലത്തില്‍ കിടത്തി കഴുത്ത് ഒരു വശത്തേക്ക് ചരിച്ച്, താടി അല്‍പം ഉയര്‍ത്തി ശ്വാസതടസ്സം ഇല്ലായെന്ന് ഉറപ്പുവരുത്തുകയും ഉടന്‍ വിദഗ്ധ വൈദ്യസഹായം നല്‍കുകയും ചെയ്യുക. പരിക്കേല്‍ക്കുന്നവര്‍ക്ക് മെഡിക്കല്‍ ക്യാമ്പുകളിലോ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റുകളിലോ പരിചരണവും ടെറ്റനസ് ടോക്‌സോയ്ഡ് ഇന്‍ജക്ഷനും ലഭ്യമാണ്. വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യരോഗങ്ങള്‍ ബാധിക്കുന്നവര്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. വെള്ളം ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യണം. പാത്രങ്ങളും പച്ചക്കറികളും കഴുകുന്ന വെള്ളവും ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കണം. ഭക്ഷണം പാചകം ചെയ്യും മുമ്പും കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുണം. വയറിളക്കം ബാധിച്ചാല്‍ ഒ.ആര്‍.എസ് ലായനി ആവശ്യാനുസരണം നല്‍കണം. കൂടെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവയും കൂടുതല്‍ അളവില്‍ നല്‍കാം. വയറിളക്കം ബാധിച്ചാല്‍ ഭക്ഷണവും വെള്ളവും കൂടുതലായി നല്‍കേണ്ടതുണ്ട്. വര്‍ധിച്ച ദാഹം, നാവും ചുണ്ടുകളും വരളുക, വരണ്ട ചര്‍മം, മയക്കം, മൂത്രക്കുറവ്, കടുത്ത മഞ്ഞനിറത്തില്‍ മൂത്രം തുടങ്ങിയ നിര്‍ജലീകരണ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആശുപത്രിയില്‍ എത്തിക്കണം. എലി, കന്നുകാലികള്‍, നായ്ക്കള്‍ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെള്ളവുമായുള്ള സമ്പര്‍ക്കമാണ് എലിപ്പനിക്ക് കാരണമാകുന്നത്. അതുകൊണ്ട് മലിനജലവുമായി സമ്പര്‍ക്കം പരമാവധി ഒഴിവാക്കണം. മലിനജലത്തില്‍ ജോലി ചെയ്യേണ്ടിവരുന്നവരും ദുരിതാശ്വാസ പ്രവര്‍ത്തനത്തിെൻറ ഭാഗമായി ശുചീകരണത്തില്‍ ഏര്‍പ്പെടുന്നവരും എലിപ്പനി പ്രതിരോധ പ്രതിരോധ ഗുളികയായ ഡോകസിസൈക്ലിന്‍ ആഴ്ചയില്‍ ഒരിക്കല്‍ 200 മില്ലിഗ്രാം നിര്‍ബന്ധമായും കഴിക്കണം. ഡെങ്കിപ്പനി, മലമ്പനി, ജപ്പാന്‍ ജ്വരം മുതലായ കൊതുകജന്യ രോഗങ്ങള്‍ വെള്ളപ്പൊക്കത്തിന് ശേഷം കൂടുതലായി ബാധിക്കാന്‍ സാധ്യതയുണ്ട്. ഇത് തടയുന്നതിന് കൊതുക് വളരാന്‍ സാധ്യതയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. കൊതുകിെൻറയോ കൂത്താടിയുടെയോ സാന്നിധ്യം ശ്രദ്ധയില്‍പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കുകയും പ്രതിരോധ നടപടികള്‍ സ്വീകരിക്കുകയുംവേണം. ചിക്കന്‍പോക്‌സ്, എച്ച്1 എന്‍1, വൈറല്‍പനി തുടങ്ങിയ വായുജന്യ രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. ഇവയെക്കുറിച്ച് ബോധവത്കരണം നടത്തണം. രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ രോഗികളെ മാറ്റിപ്പാര്‍പ്പിച്ച് പ്രത്യേകചികിത്സ നല്‍കണം. ത്വഗ്രോഗങ്ങളും, കണ്ണ്, ചെവി എന്നിവയിലെ അണുബാധകളും ഉണ്ടാകാതിരിക്കാന്‍ കഴിവതും ചര്‍മം ഈര്‍പ്പരഹിതമായി സൂക്ഷിക്കണം. മലിനജലത്തില്‍ ഇറങ്ങേണ്ടിവരുമ്പോള്‍ അതിനുശേഷം ക്ലോറിനേറ്റ് ചെയ്ത വെള്ളത്തില്‍ കൈകാലുകള്‍ കഴുകി വൃത്തിയാക്കി ഉണക്കണം. വളംകടി പോലെയുള്ള രോഗങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഉടന്‍ വൈദ്യസഹായം ഉറപ്പാക്കണം. ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവക്കും ചികിത്സ ഉറപ്പാക്കണമെന്ന് ഡി.എം.ഒ നിര്‍ദേശിച്ചു. മഴക്കെടുതി ദുരിതാശ്വാസം; അവധി മറന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ കൊല്ലം: മഴക്കെടുതിയെത്തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമായി തുടരുന്ന ജില്ലയില്‍ കലക്ടറുടെ ഉത്തരവനുസരിച്ച് ഞായറാഴ്ചയും സര്‍ക്കാര്‍ ജീവനക്കാര്‍ കര്‍മനിരതരായിരുന്നു. സിവില്‍ സ്റ്റേഷനിലെയും മറ്റ് സര്‍ക്കാര്‍ ഓഫിസുകളിലെയും ജീവനക്കാര്‍ ഹാജരായി. ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. ക്യാമ്പുകളില്‍ എത്തിക്കുന്നതിനുള്ള അവശ്യവസ്തുക്കളുടെ ശേഖരണം, തരംതിരിക്കല്‍, വിവിധ കേന്ദ്രങ്ങളിലേക്ക് ആവശ്യമനുസരിച്ച് എത്തിക്കല്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കല്‍ തുടങ്ങിയവയായിരുന്നു പ്രധാന ജോലികള്‍. ദുരിതബാധിത മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ല ദുരന്തനിവാരണ അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും സേവനമനുഷ്ഠിക്കുന്നു. പ്രകൃതിക്ഷോഭത്തിെൻറ പ്രത്യാഘാതങ്ങള്‍ കുറക്കാന്‍ കഴിയുംവിധം പ്രവര്‍ത്തിച്ച ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരെയും കലക്ടര്‍ എസ്. കാര്‍ത്തികേയന്‍ അഭിനന്ദിച്ചു. വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ജാഗ്രത പുലര്‍ത്തണം കൊല്ലം: വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വൈദ്യുതി ബോര്‍ഡ് അിറയിച്ചു. ഒന്നിലധികം ആളുകള്‍ വിളിക്കുന്ന സാഹചര്യത്തില്‍ ഫോണ്‍ കിട്ടാതെ വന്നാല്‍ 1912 ടോള്‍ ഫ്രീ നമ്പറിലോ 9496061061 എന്ന വാട്ട്‌സ്ആപ് നമ്പറിലോ ബന്ധപ്പെടാം. പൊതുനിരത്തുകളില്‍ മരങ്ങളും ശിഖരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടിവീഴാന്‍ സാധ്യതയുണ്ട്. ജലനിരപ്പുയര്‍ന്ന പ്രദേശങ്ങളില്‍ വൈദുതി ലൈനുകളുമായി സുരക്ഷിതമായ അകലമില്ലാത്ത സ്ഥിതിയുണ്ടാകാം. സുരക്ഷിതമായി വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിന് പൊതുജനങ്ങള്‍ വൈദ്യുതി വകുപ്പ് ജീവനക്കാരുമായി സഹകരിക്കണമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയര്‍ എന്‍. പ്രസന്നകുമാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.