പത്തനംതിട്ടയിൽ വെള്ളം ഇറങ്ങിത്തുടങ്ങി; ദുരിതത്തിന്​ അറുതിയാകുന്നില്ല

പത്തനംതിട്ട: ജില്ലയിൽനിന്ന് പ്രളയജലം പതിയെ പിൻവാങ്ങുന്നു. എങ്കിലും ദുരിതത്തിന് അറുതിയാകുന്നില്ല. ആറന്മുള, തിരുവല്ല മേഖലകൾ ഇപ്പോഴും െവള്ളക്കെട്ടിലാണ്. നൂറുകണക്കിന് വീടുകൾ ഇപ്പോഴും മുങ്ങിക്കിടക്കുന്നു. ഞായറാഴ്ച വെള്ളക്കെട്ടിൽ വീണ് ഒരാളെ കാണാതായി. ഒരാളുടെ മൃതദേഹം കിട്ടി. ഒരാൾകൂടി വെള്ളക്കെട്ടിൽ വീണതായി സംശയിക്കുന്നു. എല്ലായിടത്തും രക്ഷാപ്രവർത്തനം സജീവമായി നടക്കുന്നു. മത്സ്യത്തൊഴിലാളികൾ, എൻ.ഡി.ആർ.എഫ്, ൈസന്യം എന്നിവരെല്ലാം ദുരിതാശ്വാസ പ്രവർത്തനം നടത്തുന്നുണ്ട്. ഭക്ഷണവും വൈദ്യസഹായവും എത്തിക്കാന്‍ ഹബുകൾക്ക് രൂപം നൽകി. മരുന്ന് ഭക്ഷണ വിതരണം ഇൗ ഹബുകൾ ഏകോപിപ്പിക്കുന്നുണ്ട്. വ്യോമസേനയുടെയും നേവിയുടെയും ഹെലികോപ്ടറുകൾ അപ്പര്‍കുട്ടനാട്, ചെങ്ങന്നൂർ മേഖലകളിൽ ദുരിതാശ്വാസ പ്രവർത്തനം നടത്തിവരുന്നു. ജില്ലയിലെ നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി. തിരുവല്ല അപ്പര്‍കുട്ടനാട്ടിലും ആറന്മുളയിലും രക്ഷാപ്രവര്‍ത്തനം പൂര്‍ണതോതില്‍ നടക്കുന്നു. തിരുവല്ലയില്‍ മാത്രം 56 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. 516 ദുരിതാശ്വാസ ക്യാമ്പുകളിലായി 75,536 ആളുകള്‍ കഴിയുന്നു. വിവിധ ഏജന്‍സികളില്‍നിന്നും സന്നദ്ധസംഘടനകളില്‍നിന്നും 39 ട്രക്കുകളില്‍ ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ലഭ്യമായി. രക്ഷാപ്രവര്‍ത്തനത്തിന് കൈത്താങ്ങായത് മത്സ്യബന്ധന ബോട്ടുകള്‍ പത്തനംതിട്ട: ജില്ല ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പ്രളയക്കെടുതിയില്‍ നിരവധി ജീവനുകള്‍ രക്ഷിച്ചത് കൊല്ലം ജില്ലയിലെ വാടിയിലെയും നീണ്ടകരയിലെയും തിരുവനന്തപുരത്തെയും മത്സ്യബന്ധന ബോട്ടുകളും അവയിലെ തൊഴിലാളികളും. 122 മത്സ്യബന്ധന ബോട്ടുകളാണ് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പത്തനംതിട്ടയില്‍ എത്തിച്ചത്. 400 മത്സ്യത്തൊഴിലാളികളും എത്തി. സൈന്യത്തിനും ദുരന്ത രക്ഷാ സേനക്കും എത്താൻ കഴിയാത്തിടത്തുപോലും എത്തി ആൾക്കാരെ കരയിലെത്തിച്ചത് ഇവരാണ്. പതിനായിരങ്ങളെയാണ് ഇവർ കരകളിലെത്തിച്ചത്. ഇവരില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ആയിരങ്ങളുടെ ജീവൻ പൊലിയുന്ന മഹാദുരന്തമായി വെള്ളപ്പൊക്കം മാറുമായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർപോലും പറയുന്നു. മീന്‍പിടിത്തത്തിന് ഉപയോഗിക്കുന്ന ചെറുവള്ളങ്ങള്‍ മുതല്‍ വലിയ ബോട്ടുകള്‍വരെയുള്ളവയാണ് കഴിഞ്ഞ മൂന്നു ദിവസമായി രാവും പകലുമില്ലാതെ രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ അടിയന്തരസാഹചര്യം മനസ്സിലാക്കി ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ഇടപെടലും കൊല്ലം കലക്ടര്‍ ഡോ.എസ്. കാര്‍ത്തികേയൻ, തിരുവനന്തപുരം കലക്ടര്‍ കെ. വാസുകി എന്നിവരുടെ സമയോചിതമായ നടപടികളും മൂലമാണ് മത്സ്യബന്ധന ബോട്ടുകള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞത്. രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ട മിക്ക വള്ളങ്ങളും ബോട്ടുകളും മരങ്ങളിലും കൽക്കെട്ടുകളിലും മതിലുകളിലും ഇടിച്ച് ആകെ തകർന്ന നിലയിലാണ്. എഞ്ചിനുകൾ കേടുവന്നവയും നിരവധിയുണ്ട്. ഇവയുടെ കേടുപാടുകൾ തീർക്കലാണ് തൊഴിലാളികളെ ആശങ്കയിലാക്കുന്ന വലിയ പ്രശ്നം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.