ഇതരസംസ്ഥാന തൊഴിലാളി കണക്കെടുപ്പിനു വേഗം പോരാ

കൊല്ലം: കൃത്യമായ രേഖകളില്ലാതെ ഇതരസംസ്ഥാന തൊഴിലാളികളെ പാർപ്പിക്കുന്നവർക്കെതിരെ ക്രിമിനൽ ‍കേസെടുക്കുമെന്ന് പൊലീസ് പറയുമ്പോഴും ജില്ലയിലെ തൊഴിലാളികളുടെ വിവരം അപൂർണമായി തുടരുന്നു. താമസക്കാരായ മുഴുവൻ ഇതരസംസ്ഥാന തൊഴിലാളികളുടെയും പേരും മേൽവിലാസവും പൊലീസി​െൻറ കൈവശമില്ല. എറണാകുളം പെരുമ്പാവൂരിൽ ബിരുദ വിദ്യാർഥിനിയെ ഇതരസംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ സംഭവത്തെ തുടർന്നായിരുന്നായിരുന്നു ഇതു സംബന്ധിച്ച് കർശന നിർദേശം പുറപ്പെടുവിച്ചത്. വ്യക്തമായരേഖ സൂക്ഷിക്കാത്ത ഉടമകൾക്കെതിരെയും കരാറുകാർക്കെതിരെയും ക്രിമിനൽ കേസ് ഉൾെപ്പടെ നടപടി വരുമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാൽ, രേഖകളില്ലാത്ത തൊഴിലാളികളെക്കുറിച്ച് ജില്ലയിൽ കൃത്യമായ പരിശോധന നടന്നിട്ടില്ല. കോഴിയെ മോഷ്‌ടിച്ചെന്ന് ആരോപിച്ച് അഞ്ചലിൽ ആൾക്കൂട്ടം ബംഗാൾ സ്വദേശി മണിക് റോയിയെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ തൊഴിലാളികൾക്കിടയിലെ ആശങ്ക ഒഴിവാക്കാൻ പരിശോധന സാവധാനത്തിലാക്കിയിരുന്നു. എന്നാൽ, ജോലിക്കെത്തിക്കുന്ന പല കരാറുകാർക്കും തൊഴിലാളികളുടെ യഥാർഥ പേരും മേൽവിലാസവും കൃത്യമായി അറിയില്ല. ജില്ലയിൽ പണിയെടുക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ 16,000 പേരാണ് ഇതുവരെ തൊഴിൽ വകുപ്പി​െൻറ രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. അതേസമയം, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽനിന്ന് നേരിട്ടെത്തുന്ന തൊഴിലാളികൾക്ക് രജിസ്ട്രേഷൻ നടത്തി കാർഡ് നൽകാനുള്ള ദൗത്യത്തിലാണ് തൊഴിൽ വകുപ്പ്. ജില്ലയിലെ ഒമ്പത് അസി.ലേബർ ഓഫിസർമാരുടെ നേതൃത്വത്തിൽ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലുൾപ്പെടെ ക്യാമ്പ് നടത്തിയാണ് രജിസ്ട്രേഷൻ നടത്തുന്നത്. 2017 നവംബർ ഒന്നിന് സംസ്ഥാന സർക്കാർ ആരംഭിച്ച ഇൻഷുറൻസ് പദ്ധതിയായ ആവാസി​െൻറ അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ. ഐ.എസ്.എം ആക്ട് ( ഇൻറർസ്റ്റേറ്റ് മൈഗ്രൻറ് വർക്കേഴ്സ് ആക്ട്) ആനുസരിച്ച് അഞ്ചിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യണമെന്നാണ് വ്യവസ്ഥയെങ്കിലും അത് പാലിക്കപ്പെടുന്നില്ല. നിയമപരമായ റിക്രൂട്ട്മ​െൻറിലൂടെയല്ല ഇവിടേക്ക് തൊഴിലാളികളെത്തുന്നത്. രജിസ്ട്രേഷൻ പൂർത്തീകരിക്കാത്ത ആയിരക്കണക്കിന് തൊഴിലാളികൾ ജില്ലയിലുണ്ടെന്നാണ് പ്രാഥമിക കണക്ക്. ജില്ലയിൽ മാത്രം ഇതുവരെ ഇതരസംസ്ഥാന തൊഴിലാളികൾ പ്രതികളായി 72 കേസുകളുണ്ട്. ഏഴു കൊലക്കേസുകളും ഇതിൽപ്പെടും. 'ആവാസി'നും വേഗമില്ല തൊഴിൽ വകുപ്പി​െൻറ ആവാസ് ഇൻഷുറൻസ് പദ്ധതിക്കായി എല്ലാ ജില്ലകളിലും ഫെസിലിറ്റേഷൻ സ​െൻററുകൾ തുറന്ന് ഇതരസംസ്ഥാന തൊഴിലാളികളുടെ കണക്കെടുപ്പു നടത്തുന്നത് പൂർത്തിയായിട്ടില്ല. സംസ്ഥാനത്ത് എത്ര തൊഴിലാളികൾ ഉണ്ടെന്ന വ്യക്തമായ കണക്ക് തൊഴിൽവകുപ്പിന് ലഭ്യമല്ല. ഇൻഷുറൻസ് പദ്ധതിയിൽ കഴിഞ്ഞ നവംബർ മുതൽ ഇതുവരെ 2,89,324 പേരാണ് ചേർന്നത്. ഇതിൽ 16,095 എണ്ണം സ്ത്രീകളാണ്. ആവാസ് പദ്ധതിയിൽ രജിസ്ട്രർ ചെയ്യുന്നവർക്ക് വർഷം തോറും 15,000 രൂപയുടെ സൗജന്യ ചികിത്സസഹായ ലഭിക്കും. അപകട മരണ ഇൻഷുറൻസായി രണ്ട് ലക്ഷം, മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ 10,000 രൂപ സഹായം, തൊഴിലാളികളുടെ വ്യക്തിശുചിത്വവും സുരക്ഷയും ആരോഗ്യവും ശ്രദ്ധിക്കാൻ ഡി.എം.ഒ ഉൾപ്പെട്ട ടാസ്ക് ഫോഴ്സ് എന്നിവ ലഭ്യമാകും. ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ സൂക്ഷിക്കാൻ പൊലീസി​െൻറ 'ഇ-രേഖ' മൊബൈൽ ആപ്ലിക്കേഷൻ നിലവിലുണ്ടെങ്കിലും ജില്ലയിലെ സജീവമല്ല. വിവര ശേഖരത്തോടു തൊഴിലാളികൾ സഹകരിക്കുന്നില്ല. പൊലീസ് വിളിക്കുമ്പോൾ പല തൊഴിലാളികളും മുങ്ങുകയാണ് പതിവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.