ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതികളെ കസ്​റ്റഡിയിൽ വാങ്ങും

കൊല്ലം: പൊതുമേഖല, സർക്കാർ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന പ്രതികളെ തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സി.പി.എം തുവയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അടൂർ തുവയൂർ തെക്ക് പ്ലാന്തോട്ടത്തിൽ വീട്ടിൽ പ്രശാന്ത് പ്ലാന്തോട്ടം, പുരോഗമന കലാസാഹിത്യസംഘം പ്രവർത്തക തിരുവനന്തപുരം മലയിൻകീഴ് പ്രശാന്തത്തിൽ ജയസൂര്യ എന്നിവരാണ് പ്രതികൾ. തട്ടിപ്പിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നതടക്കം കാര്യങ്ങൾ ഇവരെ വിശദമായി ചോദ്യം ചെയ്താൽ വ്യക്തമാകുമെന്ന നിലപാടിലാണ് പൊലീസ്. കേസിൽ രണ്ടുപേർക്കുമാത്രമാണ് പങ്കെന്നത് പൊലീസ് മുഖവിലക്കെടുത്തിട്ടില്ല. വ്യാജരേഖ ഉപയോഗിച്ച് ആരെങ്കിലും ജോലി നേടിയിട്ടുണ്ടോെയന്നും അന്വേഷിക്കുന്നുണ്ട്. 20 പേരില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക വിവരം. ഓരോ പരാതിയും അതത് പൊലീസ് സ്റ്റേഷൻ അതിർത്തികളിലേക്ക് കൈമാറിയിട്ടുണ്ട്. കൊല്ലത്ത് ഒരു കേസാണുള്ളത്. പത്തനംതിട്ട ജില്ലയിലാണ് കൂടുതൽ പരാതിക്കാർ ഉള്ളത്. പ്രതികൾ പത്തനംതിട്ട കേന്ദ്രീകരിച്ചാണ് സജീവമായി പ്രവർത്തിച്ചിരുന്നത്. കൊല്ലം എ.സി.പി എ. പ്രദീപ്കുമാറിനാണ് അന്വേഷണ ചുമതല. കെ.ടി.ഡി.സി, നോർക്കാ റൂട്ട്സ്, സ്പോർട്സ് കൗൺസിൽ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, വിഴിഞ്ഞം പോർട്ട് എന്നിവിടങ്ങളിൽ ജോലിയാണ് തട്ടിപ്പിനിരയായവർക്ക് പ്രതികൾ വാഗ്ദാനം ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.