കൈത്തറിസംഘത്തിലെ വനിത തൊഴിലാളികൾക്ക് വറുതിയുടെ വിഷുക്കാലം

കുളത്തൂപ്പുഴ: പട്ടികവർഗ വികസനവകുപ്പിന് കീഴിൽ കുളത്തൂപ്പുഴ പതിനാറേക്കറിൽ പ്രവർത്തിക്കുന്ന കൈത്തറി സഹകരണ സംഘത്തിലെ ആകെയുള്ള പതിമൂന്ന് വനിത തൊഴിലാളികൾക്കും ഇക്കുറി വറുതിയുടെ വിഷുക്കാലം. മൂന്നുമാസമായി ചെയ്ത ജോലിയുടെ വേതനം ഇനിയും ഇവർക്ക് ലഭിച്ചിട്ടില്ല. ഭൂരിഭാഗവും പട്ടികവർഗക്കാരായ തൊഴിലാളികളാണ്. സാമ്പത്തികപരാധീനത മൂലവും സർക്കാർ സംരക്ഷണമില്ലാതെയുമായതോടെ വർഷങ്ങളായി പ്രവർത്തനം നിലച്ചനിലായിലായിരുന്നു. തുടർന്ന് കഴിഞ്ഞവർഷമാണ് സ്കൂളുകളിലേക്കും മറ്റ് സർക്കാർ സ്ഥാപനങ്ങളിലേക്കും യൂനിഫോമിന് ആവശ്യമായ തുണി നെയ്ത് നൽകുന്നതിന് സർക്കാർ നിർദേശം നൽകുകയും തുടർന്ന് പ്രവർത്തനമാരംഭിക്കുകയും ചെയ്തത്. പത്തു തറികളാണ് പ്രവർത്തിക്കുന്നത്. ഓരോതവണയും വ്യവസായ വകുപ്പിൽനിന്ന് ഓർഡർ ലഭിക്കുന്ന തുണിത്തരങ്ങൾ സമയ ബന്ധിതമായി നെയ്തുനൽകുന്നതിന് സംഘത്തിന് കഴിയുന്നുണ്ട്. പത്ത് നെയ്തു തൊഴിലാളികളും മൂന്നു താരുചുറ്റുന്നവരും ഇവിടെ ജോലി നോക്കുന്നുണ്ടെന്നും ഓരോർത്തർക്കും വേതന ഇനത്തിൽ ഇരുപത്തയ്യായിരം മുതൽ നാൽപതിനായിരം വരെ ലഭിക്കാനുണ്ടെന്നും സംഘം പ്രസിഡൻറ് വിമല പറഞ്ഞു. സംസ്ഥാന സർക്കാർ കൈത്തറി സംഘങ്ങളുടെ നിലനിൽപ്പിനായി ധനസഹായമായി 9.50 കോടി രൂപ വകയിരുത്തുകയും വ്യവസായ വകുപ്പിന് കൈമാറുകയും ചെയ്തിട്ടും തൊഴിലാളികളുടെ കുടിശ്ശിക വേതനം പോലും നൽകാൻ ബന്ധപ്പെട്ട ജില്ല ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നാണ് വ്യാപക ആക്ഷേപം. വിഷു ഉത്സവാഘോഷങ്ങൾ മുൻനിർത്തിയെങ്കിലും ശമ്പള കുടിശ്ശിക അനുവദിച്ച് തരണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അപേക്ഷിച്ചിട്ടും 15ന് ശേഷം മാത്രമേ കഴിയുകയുള്ളൂവെന്ന കർശന നിലപാടിലാണ് ഇവരെന്നും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.