ഓഖി: ധനസഹായ വിതരണോദ്ഘാടനം ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും 92 പേര്‍ക്കായി 18.40 കോടി രൂപ തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍പ്പെട്ട് ജില്ലയില്‍നിന്ന് കാണാതായ 92 പേരുടെ ആശ്രിതര്‍ക്ക് 20 ലക്ഷം രൂപ വീതം ധനസഹായം അനുവദിച്ചതി​െൻറ വിതരണോദ്ഘാടനം ചൊവ്വാഴ്ച വൈകീട്ട് ആറിന് വെട്ടുകാട് മാദ്രെ-ദെ-ദേവൂസ് ദേവാലയ പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷതവഹിക്കുന്ന ചടങ്ങില്‍ സഹകരണ ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം ആശംസിക്കും. ആകെ 18.40 കോടി രൂപയാണ് ആശ്രിതര്‍ക്ക് ധനസഹായമായി നല്‍കുന്നത്. 92 പേരെയാണ് കാണാതായത്. ഇതില്‍ ഒരാളുടെ മൃതദേഹം അടുത്തിടെ ലഭിച്ചു. 91 പേരെയും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മരിച്ചതായി കണക്കാക്കിയാണ് 20 ലക്ഷം രൂപ ധനസഹായം അനുവദിച്ചത്. തിരുവനന്തപുരം താലൂക്കില്‍നിന്ന് കാണാതായ 34 മത്സ്യത്തൊഴിലാളികളുടെ 127 ആശ്രിതര്‍ക്കും നെയ്യാറ്റിന്‍കര താലൂക്കില്‍നിന്ന് കാണാതായ 57 മത്സ്യത്തൊഴിലാളികളുടെ 225 ആശ്രിതര്‍ക്കും ധനസഹായം സ്ഥിരനിക്ഷേപ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതി​െൻറ രേഖകള്‍ നല്‍കും. നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി, ശശി തരൂര്‍ എം.പി, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, കെ. ആന്‍സലന്‍., എം. വിന്‍സ​െൻറ്, മേയര്‍ വി.കെ. പ്രശാന്ത്, കോര്‍പറേഷന്‍ അംഗങ്ങളായ കെ. ശ്രീകുമാര്‍, മേരി ലില്ലി രാജന്‍, സോളമന്‍ വെട്ടുകാട്, എ.ഡി.എം ജോണ്‍ വി. സാമുവല്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍, ഫാ. ടി. നിക്കോളസ്, ലെനിന്‍, ബെര്‍ബി ഫെര്‍ണാണ്ടസ്, ആൻറണി രാജു, ഒാള്‍സെയിൻറ്സ് അനില്‍, എം. പോള്‍, ഡാനി ജെ. പോള്‍, ഫിഷറീസ് അഡീഷണല്‍ ഡയറക്ടര്‍ കെ.എം. ലതി എന്നിവര്‍ പങ്കെടുക്കും. ജില്ലയില്‍ ഓഖി ദുരന്തത്തില്‍പ്പെട്ട് മരിച്ച 49 പേരുടെ കുടുംബാംഗങ്ങള്‍ക്ക് 22 ലക്ഷം രൂപ വീതം ധനസഹായം നേരത്തേ നല്‍കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.