ഭൂമി ഇടപാട്: ദിവ്യ അയ്യർക്ക്​ കലക്​ടറുടെ ക്ലീൻ ചിറ്റ്​

തിരുവനന്തപുരം: പുറേമ്പാക്ക് ഭൂമി സ്വകാര്യവ്യക്തിക്ക് നൽകിയെന്ന ആരോപണത്തിൽ സബ് കലക്ടർ ദിവ്യ എസ്. അയ്യർക്ക് കലക്ടറുടെ ക്ലീൻ ചിറ്റ്. 1964ലെ ഭൂപതിവ് ചട്ടപ്രകാരമാണ് നടപടിയെന്നും സ്വകാര്യവ്യക്തിക്ക് സ‍ര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കലക്ടര്‍ കെ. വാസുകി റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. ആരോപണത്തി​െൻറ പശ്ചാത്തലത്തില്‍ സബ് കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിനിടെയാണ് കുറ്റിച്ചല്‍ ഭൂമിയിടപാടില്‍ ദിവ്യക്ക് കലക്ടറുടെ ക്ലീൻ ചിറ്റ് എത്തിയത്. കോണ്‍ഗ്രസ് അനുകൂലിയായ വ്യക്തിക്ക് ദിവ്യ എസ്. അയ്യര്‍ 83 സ​െൻറ് പുറമ്പോക്ക് ഭൂമി പതിച്ചുനല്‍കിയെന്ന് പഞ്ചായത്താണ് പരാതി നല്‍കിയത്. സംഭവത്തില്‍ റവന്യൂ മന്ത്രി നിർദേശിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ദിവ്യയെ പിന്തുണക്കുന്ന നിലപാട് കലക്ടര്‍ സ്വീകരിച്ചത്. ഭൂമിയില്‍ പതിറ്റാണ്ടുകളായി അവകാശവാദം ഉന്നയിക്കുന്ന വ്യക്തിയോട് ഉയര്‍ന്ന കമ്പോളവില ഒടുക്കാനാണ് സബ് കലക്ടര്‍ ആവശ്യപ്പെട്ടത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരമാണ് ഈ നടപടി. എന്നാല്‍ തുക അടയ്ക്കാതെ സ്വകാര്യവ്യക്തി ഹൈകോടതിയില്‍ പോയിരിക്കുകയാണ്. അതിനാല്‍ ഭൂമി ആര്‍ക്കും പതിച്ചുനല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ക്കലയിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചുനല്‍കുന്നതിന് ക്രമവിരുദ്ധമായി ദിവ്യ ഇടപെട്ടതായ ആരോപണമാണ് ആദ്യം ഉയര്‍ന്നത്. ഇതിനുപിന്നാലെയാണ് തിരുവനന്തപുരം കുറ്റിച്ചല്‍ പഞ്ചായത്തിലെ ഭൂമി കൈമാറ്റത്തിലും ആരോപണം ഉയര്‍ന്നത്. 2010 മുതല്‍ തുടങ്ങിയ കേസില്‍ 2017ല്‍ മാത്രമാണ് പഞ്ചായത്ത് ആക്ഷേപമുന്നയിച്ചതെന്നും റിപ്പോർട്ടിലുണ്ട്. റവന്യൂ സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറും. വര്‍ക്കല ഭൂമി ഇടപാടില്‍ ദിവ്യക്കെതിരെ നടപടി വേണമെന്ന് സി.പി.എം ജില്ല നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കഴിഞ്ഞദിവസം തല്‍സ്ഥാനത്തുനിന്ന് നീക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.