ഇന്ത്യൻ ഫുട്ബാൾ രാജക്കന്മാരെ ആവേശപൂർവം എതിരേറ്റ് തലസ്ഥാനം

തിരുവനന്തപുരം: ഇല്ലായ്മകളുടെ പ്രതീകങ്ങളാണ് സന്തോഷ് ട്രോഫിയിലെ താരങ്ങളെന്നും അവരെ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുന്നതിന് വേണ്ട നടപടികൾ സർക്കാറി​െൻറ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. സന്തോഷ് ട്രോഫി നേടിയ കേരള ടീമിന് സർക്കാർ നൽകിയ സ്വീകരണയോഗവും വിജയദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവത്വമാണ് വിജയത്തിന് പിന്നിൽ. കഴിവ് മാത്രം മാനദണ്ഡമാക്കിയാണ് ടീമിനെ തെരഞ്ഞെടുത്തത്. കളിക്കാരുടെ മികവ് വർധിപ്പിക്കുന്നതിന് എല്ലാപിന്തുണയും സർക്കാർ നൽകും. ഭാവിയിൽ പ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്കാവശ്യമായ പ്രോത്സാഹനം നൽകാനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ടീം അംഗങ്ങൾക്കും പരിശീലകർക്കും സർക്കാർ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ ചടങ്ങിൽ മുഖ്യമന്ത്രി വിതരണംചെയ്തു. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കായികമന്ത്രി എ.സി. മൊയ്തീൻ അധ്യക്ഷത വഹിച്ചു. വീടില്ലാത്ത രണ്ട് കളിക്കാർക്ക് സർക്കാർ വീടുവെച്ചുകൊടുക്കുമെന്ന് മന്ത്രി അറിയിച്ചു. ഇന്ത്യൻ ഫുട്ബാളി​െൻറ രാജക്കന്മാർക്ക് ആവേശകരമായ സ്വീകരണമാണ് വെള്ളിയാഴ്ച സർക്കാർ ഒരുക്കിയത്. വാദ്യഘോഷങ്ങളുടെയും ആയിരക്കണക്കിന് ആരാധകരുടെയും അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് സന്തോഷ് ട്രോഫിയുമായി ടീമിനെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് വരവേറ്റത്. അശ്വാരൂഢ സേന, ബാന്‍ഡ് മേളം, പൊലീസ് ട്രെയിനിങ് കോളജ് അംഗങ്ങള്‍, സ്റ്റുഡൻറ്സ് പൊലീസ് കാഡറ്റുകള്‍, യുവജനക്ഷേമ ബോര്‍ഡ് വളൻറിയര്‍മാര്‍, നെഹ്റു യുവകേന്ദ്ര അംഗങ്ങള്‍, എന്‍.എസ്.എസ് കാഡറ്റുകള്‍, സി.ആര്‍.പി.എഫ് സേന, റോളര്‍ സ്‌കേറ്റിങ് പ്രകടനം, വിവിധ ക്ലബുകളിലെയും സ്‌കൂള്‍ ഹോസ്റ്റലുകളിലെയും ഫുട്ബാള്‍ ടീമുകള്‍, എല്‍.എന്‍.സി.പി.ഇ വിദ്യാര്‍ഥികള്‍, കുടുംബശ്രീ യൂനിറ്റുകള്‍, പഞ്ചവാദ്യം, പൂക്കാവടി എന്നിവ ഘോഷയാത്രയെ വർണാഭമാക്കി. മന്ത്രിമാരായ മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രഫ. സി. രവീന്ദ്രനാഥ്, കെ. രാജു, വി.എസ്. സുനിൽകുമാർ, എം. വിൻസൻറ് എം.എല്‍.എ, മേയര്‍ വി.കെ. പ്രശാന്ത്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് ടി.പി. ദാസന്‍, കേരള ഫുട്‌ബാള്‍ അസോസിയേഷന്‍ പ്രസിഡൻറ് കെ.എം.ഐ. മേത്തര്‍, പ്രമുഖ കായികതാരങ്ങള്‍, മുന്‍കാല സന്തോഷ് ട്രോഫി താരങ്ങള്‍, ജില്ലയിലെ ജനപ്രതിനിധികള്‍ എന്നിവര്‍ വിജയദിനാഘോഷ പരിപാടിയിൽ പങ്കെടുത്തു. കായികവകുപ്പ് സെക്രട്ടറി ടി.ഒ. സൂരജ് സ്വാഗതവും കായിക യുവജനകാര്യാലയം ഡയറക്ടര്‍ സഞ്ജയന്‍ കുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.