നികുതി ചോർച്ച: ഇൻറലിജന്‍സ് സ്‌ക്വാഡുകൾ കാര്യക്ഷമമാക്കാൻ ജി.എസ്.ടി വകുപ്പ്

തിരുവനന്തപുരം: ഇൻറലിജന്‍സ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ആധുനീകരിക്കാനൊരുങ്ങി സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്. സംസ്ഥാനത്തി​െൻറ നികുതി ചോര്‍ച്ച തടയാനായാണ് വകുപ്പി​െൻറ ഇൻറലിജൻസ് വിങ്ങിനെ പൊടിതട്ടിയെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. നികുതി ചെക്‌പോസ്റ്റുകള്‍ക്ക് പകരം ഇ-വേബില്‍ സംവിധാനം നിലവില്‍ വന്നതോടെ സംസ്ഥാനത്തെ വാഹന പരിശോധനാ രീതിയിലും വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. പദ്ധതി യാഥാർഥ്യമായതോടെ അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനായി പ്രതിദിനം ശരാശരി 10,000 ഇ-വേബില്ലുകളാണ് കേരളത്തിലേക്ക് എടുക്കുന്നത്. സംസ്ഥാനത്തിനകത്തെ ചരക്ക് നീക്കത്തിനുകൂടി ഇ-വേബില്‍ നിര്‍ബന്ധമാക്കുന്നതോടേ പ്രതിദിന ഇ-വേ ബില്ലി​െൻറ എണ്ണത്തിൽ പതിന്മടങ്ങ് വർധനയുണ്ടാകുമെന്നാണ് വകുപ്പി​െൻറ കണക്കുകൂട്ടൽ. ഇ-വേബില്‍ സംവിധാനത്തില്‍ ഒരു ചരക്ക് വാഹനത്തെ ഏതെങ്കിലും സംസ്ഥാനത്ത് പരിശോധിച്ചാല്‍ പുനര്‍പരിശോധന നടത്തണമെങ്കില്‍ കാരണം വ്യക്തമാക്കണം. അതുകൊണ്ടുതന്നെ ഇൻറലിജൻസ് വിങ്ങി​െൻറ പ്രവർത്തനം ശക്തമാക്കിയാൽ മാത്രമേ നികുതി ചോർച്ച ഒഴിവാക്കാനാകൂ. നിലവില്‍ ജി.എസ്.ടി വകുപ്പിന് കീഴില്‍ 80 ഇൻറലിജന്‍സ് സ്‌ക്വാഡുകളാണ് പ്രവർത്തിക്കുന്നത്. നടപടികളുടെ ഭാഗമായി ഇൻറലിജന്‍സ് സ്‌ക്വാഡുകള്‍ കഴിഞ്ഞ അഞ്ച് വര്‍ഷം പിടിച്ച നികുതി വെട്ടിപ്പി​െൻറ വിവരങ്ങൾ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ലഭ്യമാക്കും. നികുതി വെട്ടിപ്പ് വിവരങ്ങള്‍ ഓണ്‍ലൈനാക്കുന്ന ജോലികള്‍ തിരുവനന്തപുരം സോണ്‍ ഇതിനകം തന്നെ പൂര്‍ത്തീകരിച്ചിട്ടുണ്ട്. വിവരങ്ങള്‍ ഓണ്‍ലൈന്‍ ആകുന്നതോടെ നികുതി വെട്ടിപ്പുകാരുടെ പ്രവര്‍ത്തനരീതി, സ്ഥിരം നികുതി വെട്ടിപ്പുകാരായ വ്യാപാരികള്‍ തുടങ്ങിയ ഒട്ടനവധി ഇൻറലിജന്‍സ് വിവരങ്ങള്‍ സംസ്ഥാനത്തെ മുഴുവന്‍ ഇൻറലിജന്‍സ് സ്‌ക്വാഡുകള്‍ക്കും ലഭ്യമാകും. മുന്‍ വര്‍ഷത്തെ വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അഞ്ച് മുതല്‍ ഏഴ് അംഗങ്ങള്‍ വരെയുള്ള സ്‌ക്വാഡിലെ ഒരംഗത്തിനാണ് ചുമതലയെന്നും ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.