വിമാനത്താവളം ഒന്നാമതെത്താൻ കുതിക്കുമ്പോൾ അടിസ്ഥാന സൗകര്യമില്ലാതെ കിതക്കുന്നു

യാത്രക്കാർക്ക് ടെര്‍മിനലിനുള്ളില്‍ ഇരിക്കാന്‍ ഇരിപ്പിടമില്ല, യാത്രക്കാരെ സ്വീകരിക്കാന്‍ എത്തുന്നവര്‍ക്ക് ടെര്‍മിലിന് പുറത്തും ഇരിക്കാനുള്ള സംവിധാനങ്ങളില്ല വള്ളക്കടവ്: സേവനങ്ങളുടെ റാങ്കിങ്ങില്‍ ഒന്നാമതെത്താനായി കുതിക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ തിരുവനന്തപുരം വിമാനത്താവള രാജ്യാന്തര ടെര്‍മിനല്‍ കിതക്കുന്നു. വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെ സ്വീകരിക്കാന്‍ മണിക്കൂറുകൾ മുമ്പേ എത്തുന്നവര്‍ക്ക് ടെര്‍മിലിന് പുറത്തിരിക്കാനുള്ള സംവിധാനങ്ങളില്ല. ഇത് കാരണം പ്രായമായവരും കൈക്കുഞ്ഞുങ്ങളുള്ള സ്ത്രീകളും ഉൾപ്പെടെ പ്രയാസത്തിലാവുന്നത് നിത്യസംഭവമാണ്. പലരും ആശ്വാസത്തിനായി നിലത്തിരിക്കാറാണ് പതിവ്. അതേസമയം, യാത്രക്കാർക്ക് ടെര്‍മിനലിനുള്ളില്‍ ഇരിക്കാന്‍ ഇരിപ്പിടമില്ലാത്തതിനാൽ അവരും നിലത്തിരിക്കേണ്ട അവസ്ഥയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രായമായ യാത്രക്കാര്‍ വിമാനങ്ങളില്‍ വന്നിറങ്ങി എമിഗ്രഷന്‍ പരിശോധനകള്‍ കഴിഞ്ഞ് ലഗേജിനായി കാത്തുനിൽക്കേണ്ട അവസ്ഥയാണ്. കോടികള്‍ മുടക്കി നിര്‍മാണങ്ങൾ നടക്കുമ്പോഴും വിമാനത്താവളത്തി​െൻറ വികസനത്തിനെന്ന പേരില്‍ യാത്രക്കാരില്‍നിന്ന് യൂസേഴ്സ് ഫീ പിരിക്കുമ്പോഴും അടിസ്ഥാന സൗകര്യം ഒരുക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പ്രതിദിനം നിരവധി വിമാനങ്ങള്‍ എത്തുന്ന രാജ്യാന്തര ടെര്‍മിനലില്‍ യാത്രക്കാരുടെ ലഗേജുകള്‍ എത് കണ്‍വേയര്‍ ബെല്‍റ്റിലാണ് എത്തുന്നതെന്ന് അറിയിക്കാന്‍ ആവശ്യമായ ബോര്‍ഡുകളോ മറ്റ് സംവിധാനങ്ങളോ ഇവിടെയില്ല. ഇത് കാരണം യാത്രക്കാര്‍ ടെര്‍മിനലിനുള്ളിലെ നാല് ബെല്‍റ്റുകളിലേക്കും മാറിമാറി ഓടുന്ന അവസ്ഥയാണ്. ഇതിനിടെ പലപ്പോഴും പലര്‍ക്കും ലഗേജുകള്‍ വരെ നഷ്ടമാകാറുണ്ട്. നൂറുകണക്കിന് യാത്രക്കാര്‍ ഒരേസമയം എത്തുന്ന വിമാനത്താവളത്തില്‍ ആകെയുള്ളത് നാല് കണ്‍വെയര്‍ ബെല്‍റ്റുകളാണ്. ഇതിന് പുറമേ ലഗേജുകള്‍ കിട്ടിയാല്‍ തന്നെ പുറത്തേക്ക് എത്തിക്കാന്‍ യാത്രക്കാര്‍ക്ക് ടെര്‍മിനലിനുള്ളില്‍നിന്ന് ട്രോളികള്‍ കിട്ടാത്ത അവസ്ഥയുമുണ്ട്. വിമാനത്താവളത്തിനുള്ളിലെ ട്രോളി സേവനം സ്വകാര്യ എജന്‍സിക്ക് നല്‍കിയതിനാൽ എജന്‍സിയുടെ ജീവനക്കാര്‍ പുറത്തേക്ക് എത്തുന്ന ട്രോളികള്‍ തിരികെ ടെര്‍മിനലിനുള്ളില്‍ കൊണ്ടിടാറില്ല. ഇവരുടെ സേവനം തേടിയാല്‍ മാത്രമേ ട്രോളികള്‍ ടെര്‍മിനലിനുള്ളില്‍ എത്തുകയുള്ളൂ. ഇതിന് പണം നല്‍കേണ്ടതിനാൽ യാത്രക്കാര്‍ ഇവരുടെ സേവനം പലപ്പോഴും തേടാറുമില്ല. ട്രോളികള്‍ കിട്ടാതെ യാത്രക്കാര്‍ പ്രതിഷേധിക്കുമ്പോള്‍ മാത്രമാണ് എയര്‍പോര്‍ട്ട് അതോറിറ്റിയിലെ ജീവനക്കാര്‍ പുറത്തുകിടക്കുന്ന ട്രോളികള്‍ എടുത്ത് ടെര്‍മിനലിനുള്ളില്‍ എത്തിക്കുന്നത്. എന്നാൽ, മിക്ക ട്രോളികളും കാലപ്പഴക്കം ചെന്നതിനാൽ ഉപയോഗശൂന്യമാണ്. ഇത് കാരണം യാത്രക്കാർക്ക് ലഗേജുകള്‍ ചുമന്ന് പുറത്തേക്കിറങ്ങേണ്ട അവസ്ഥയാണ്. യാത്രക്കാര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ മികവനുസരിച്ച് റാങ്കിങ്ങില്‍ വിമാനത്താവളം രണ്ടുവര്‍ഷം മുമ്പ് ഒന്നാമെതത്തിയിരുന്നു. പിന്നീട് ടെര്‍മിനലിനുള്ളിലെ ടോയ്ലറ്റ് മോശമായ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് റാങ്കിങ്ങില്‍ താഴേക്ക് പോവുകയായിരുന്നു. വീണ്ടും ഒന്നാമത് എത്തുന്നതിനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നതിനിടെയാണ് യാത്രക്കാര്‍ ടെര്‍മിനലിനുള്ളില്‍ സൗകര്യങ്ങളില്ലാതെ ബുദ്ധിമുട്ടുന്നത്. അഞ്ച് മില്യണ്‍ യാത്രക്കാര്‍ വരെയുള്ള വിമാനത്താവളങ്ങളുടെ ലോക റാങ്കിങ്ങില്‍ തിരുവനന്തപുരം അഞ്ചാമതാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.