താമ്പരം എക്സ്പ്രസിനെച്ചൊല്ലി കോൺഗ്രസിൽ അവകാശത്തർക്കം

കൊല്ലം: കൊല്ലം--ചെങ്കോട്ട മീറ്റർ ഗേജ് പാതയില്‍ ആദ്യമായി ഓടിയ ട്രെയിനി​െൻറ പേരില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ തര്‍ക്കം. ട്രെയിന്‍ അനുവദിക്കാന്‍ ഇടപെട്ടത് എൻ.കെ. പ്രേമചന്ദ്രന്‍ എം.പിയാണെന്ന കൊല്ലം ഡി.സി.സി നേതൃത്വത്തി​െൻറ നിലപാടാണ് തര്‍ക്കത്തിന് വഴിവെച്ചത്. കൊല്ലം- ചെങ്കോട്ടപാതയില്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് കോണ്‍ഗ്രസില്‍ തര്‍ക്കം മൂര്‍ച്ഛിച്ചത്. പാത വേഗത്തില്‍ പൂര്‍ത്തിയാക്കിയതും ആദ്യമായി ഓടിച്ച താമ്പരം എക്സ്പ്രസ് കൊണ്ടുവരാന്‍ നടപടികള്‍ സ്വീകരിച്ചതും പ്രേമചന്ദ്രനാണെന്നാണ് ഡി.സി.സി നേതൃത്വം പറയുന്നത്. എൻ.കെ. പ്രേമചന്ദ്രന് അഭിവാദ്യം അര്‍പ്പിച്ച് ചില നേതാക്കള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതില്‍ കടുത്ത വിയോജിപ്പാണ് കൊടിക്കുന്നില്‍ സുരേഷ് എം.പിയെ അനുകൂലിക്കുന്നവര്‍ക്കുള്ളത്. കൊടിക്കുന്നില്‍ സുരേഷ് എം.പിയെ മനഃപൂര്‍വം ഒഴിവാക്കുന്നെന്നാണ് ഒരു വിഭാഗത്തി​െൻറ പരാതി. കൊല്ലത്ത് ട്രെയിനിന് സ്വീകരണം നല്‍കാന്‍ തീരുമാനിച്ച ഡി.സി.സി നേതൃത്വം പിന്നീട് ഇത് ഒഴിവാക്കി. ട്രെയിന്‍ കൊല്ലത്തെത്തിയപ്പോള്‍ സ്വീകരണം നല്‍കാന്‍ ഡി.സി.സി പ്രസിഡൻറ് അടക്കമുള്ള മുതിർന്ന നേതാക്കൾ എത്താതിരുന്നതിലും കൊടിക്കുന്നിലിന് അതൃപ്തിയുണ്ട്. കൊടിക്കുന്നില്‍ കൂടി ആദ്യ യാത്രയില്‍ പങ്കെടുത്തതിലെ വിയോജിപ്പ് മൂലമാണ് ഡി.സി.സി നേതൃത്വം സ്വീകരണം ഒഴിവാക്കിയതെന്നാണ് വിവരം. പത്തനാപുരത്തുനിന്നെത്തിയ ഏതാനും കെ.എസ്.യു നേതാക്കളാണ് കൊല്ലം സ്റ്റേഷനില്‍ എം.പിമാര്‍ക്ക് സ്വീകരണം നല്‍കാനെത്തിയത്. കൊല്ലം റെയിൽവേ സ്റ്റേഷനിലൊഴിച്ച് മറ്റെല്ലാ സ്റ്റേഷനുകളിലും താമ്പരം എക്സ്പ്രസിന് കോൺഗ്രസി​െൻറ നേതൃത്വത്തിൽ വലിയ സ്വീകരണമാണ് നൽകിയത്. വരും ദിവസങ്ങളിൽ ഇക്കാര്യങ്ങൾ പാർട്ടിയിൽ വലിയ ചർച്ചക്ക് വഴിയൊരുക്കുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.