കരയെ കടൽ കവർന്നു; ഉപജീവനത്തിന് മാർഗമില്ലാതെ കരമടിക്കാർ

വിഴിഞ്ഞം: കരയെ കടൽ കവർന്നതോടെ ഉപജീവനത്തിനു മാർഗമില്ലാതെ കരമടിക്കാർ. ചെറുമണൽ, വലിയമണൽ, കോവളം, പനത്തുറ തുടങ്ങിയ കടൽ തീരങ്ങളിൽ കരമടി വലിച്ച് ഉപജീവനം കഴിച്ചുവന്ന നൂറുകണക്കിന് തൊഴിലാളികളും കുടുംബങ്ങളുമാണ് മത്സ്യബന്ധന മാർഗം അടഞ്ഞതോടെ ദുരിതത്തിലായിരിക്കുന്നത്. മുമ്പ് ഏതാനും ദിവസങ്ങളിൽ മാത്രമായിരുന്നു വേലിയേറ്റം മൂലം മത്സ്യബന്ധനം തടസ്സപ്പെട്ടിരുന്നത്. എന്നാൽ, ഏതാനും മാസങ്ങളായി തീരം പൂർണമായും കടൽ കവർന്ന അവസ്ഥയാണ്. ഇതോടെയാണ് മത്സ്യത്തൊഴിലാളികളുടെ ജീവിതം ബുദ്ധിമുട്ടിലായത്. വിഴിഞ്ഞം തുറമുഖ നിർമാണമാണ് വില്ലനായതെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. തുറമുഖത്തിനായി നടത്തിയ െഡ്രഡ്ജിങ്ങും പുലിമുട്ടു നിർമാണവുമാണ് തീരങ്ങളിൽ കടൽ കയറാൻ കാരണം. കടലിൽ പോയി വലവിരിച്ച ശേഷം കരയിൽനിന്ന് വല വലിച്ചുകയറ്റി മത്സ്യബന്ധനം നടത്തുന്ന കരമടികളിൽ ഓരോന്നിലും 25ഓളം മത്സ്യത്തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. 12ഓളം കരമടികൾ മത്സ്യബന്ധനം നടത്തിയിരുന്ന ചെറുമണൽതീരം പൂർണമായും കടൽ കയറിയിരിക്കുകയാണ്. രണ്ട് ഉയർന്ന സ്ഥലത്തിനിടയിലെ ഒരു ചെറിയ തീരമാണ് ചെറുമണൽ. കടൽ കയറി തീരമില്ലാതായതോടെ തങ്ങളുടെ വള്ളങ്ങളും മത്സ്യബന്ധനോപകരണങ്ങളും സ്ഥലം മാറ്റേണ്ട ഗതികേടിലായി മത്സ്യത്തൊഴിലാളികൾ. ചിലർ തീരത്തോട് ചേർന്നുള്ള പാറക്കൂട്ടങ്ങളുടെ മുകളിൽ വള്ളം കയറ്റിവെച്ച് കയർകൊണ്ട് ബന്ധിച്ചിരിക്കുകയാണ്. വരുമാനമാർഗം അടഞ്ഞതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്ന് ഇവർ പറയുന്നു. തുറമുഖ നിർമാണം തുടങ്ങിയതോടെ തൊഴിൽ നഷ്ടപ്പെട്ട തുറമുഖ കവാടത്തിലെയും അനുബന്ധ പ്രദേശത്തെയും കരമടി തൊഴിലാളികൾക്ക് നഷ്ടപരിഹാരം വിതരണം ചെയ്യാൻ തീരുമാനിച്ച അധികൃതർ തങ്ങളുടെ കാര്യത്തിലും അനുഭാവപൂർവമായ സമീപനം കൈക്കൊള്ളണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. മറ്റുള്ളവരെ പോലെ സമരരംഗത്തിറങ്ങാൻ താൽപര്യമില്ലെന്ന് പറയുമ്പോഴും തൊഴിൽ നഷ്ടപ്പെട്ട തങ്ങൾക്കും അർഹമായ ആനുകൂല്യം നൽകിയില്ലെങ്കിൽ സമരരംഗത്തിറങ്ങുകയല്ലാതെ മറ്റു മാർഗമില്ലെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.