കൊട്ടാരക്കര എക്സൈസ് സർക്കിൾ ഓഫിസിലുള്ളവർക്ക്​ ഇനി പാമ്പുകളെ പേടിക്കാതെ കഴിയാം

-കൊട്ടാരക്കര: എക്സൈസ് സർക്കിൾ ഓഫിസിലെ ജീവനക്കാർക്ക് ഇനി വിഷപ്പാമ്പുകളെ പേടിക്കാതെ ജോലി ചെയ്യാം. ഒാഫിസിനു സമീപത്തെ കാടുവെട്ടിത്തെളിച്ച് ചുറ്റുമതിൽ നിർമിക്കാൻ നടപടിയായി. 'മാധ്യമം' വാർത്തയെ തുടർന്നാണ് നടപടിയെന്നും ആദ്യഘട്ട പ്രവൃത്തി ആരംഭിച്ചതായും എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി. റോബർട്ട്‌ പറഞ്ഞു. റെയിൽവേ സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന എക്സൈസ് സർക്കിൾ ഓഫിസിന് ചുറ്റും കാടുകയറിയ നിലയിലാിരുന്നു. ഇവിടെനിന്നാണ് കരിമൂർഖൻ അടക്കമുള്ള പാമ്പുകൾ കെട്ടിടത്തിൽ പ്രവേശിച്ചിരുന്നത്. ഡ്യൂട്ടിയിലായിരുന്ന പാറാവുകാര​െൻറ ദേഹത്തേക്ക് മുറിയുടെ മുകളിൽനിന്ന് കരിമൂർഖൻ വീണ സംഭവവും ഉണ്ടായി. ഭാഗ്യം കൊണ്ട് കടിയേൽക്കാതെ ജീവനക്കാരൻ രക്ഷപ്പെട്ടു. മിനർവ ജങ്ഷന് സമീപം പഴയ കെട്ടിടത്തിലായിരുന്നു നേരത്തേ ഓഫിസ്. അവിടെ പാറാവ് ഡ്യൂട്ടി ചെയ്തിരുന്ന ജീവനക്കാരൻ പാമ്പുകടിയേറ്റ് മരിച്ചതിനെ തുടർന്നാണ് റെയിൽവേ സ്റ്റേഷന് സമീപത്തെ പഴയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിച്ചത്. ഇവിടെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. കൊട്ടാരക്കര നഗര ഹൃദയത്തിൽ കോടികൾ വില വരുന്ന സർക്കാർ ഭൂമികളും കെട്ടിടങ്ങളും ഉപയോഗ ശൂന്യമായി നശിക്കുമ്പോഴാണ് എക്സൈസ് സർക്കിൾ ഓഫിസ് ഓടിട്ട പഴയ കെട്ടിടത്തിൽ പ്രവർത്തിക്കേണ്ടി വരുന്നത്. പതിനഞ്ചോളം പേർ ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ 24 മണിക്കൂറും ജോലി ചെയ്യുന്ന ഇവിടെ കാട് വെട്ടിത്തെളിച്ച് ചുറ്റുമതിൽ കെട്ടാൻ നടപടിയായതോടെ ജീവനിൽ പേടിയില്ലാതെ ഡ്യൂട്ടി ചെയ്യാം എന്ന ആശ്വാസത്തിലാണ് ജീവനക്കാർ. കൊയ്ത്തുത്സവം കൊട്ടാരക്കര: കരീപ്ര തളവൂർകോണം പാട്ടുപുരയ്‌ക്കൽ പാടശേഖര സമിതിയുടെ ഒന്നാംവിള കൊയ്ത്തുത്സവം വെള്ളിയാഴ്ച ഉച്ചക്ക് 12ന് പ്ലാപ്പള്ളി ഇറയിൽ ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്യും. 29 ഏക്കർ നിലത്തിൽ കൃഷിയിറക്കിയിരിക്കുന്ന ഉമ നെല്ലാണ് കൊയ്യുന്നതെന്ന് ഏല സമിതി പ്രസിഡൻറ് സി. വിജയകുമാറും സെക്രട്ടറി ബി. ചന്ദ്രശേഖരൻപിള്ളയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.