മലയിൻകീഴ് കുടിവെള്ള പൈപ്പ് പൊട്ടൽ തുടർക്കഥ; വാട്ടർ അതോറിറ്റിയുടെ അനാസ്ഥയെന്ന് ആക്ഷേപം

മലയിൻകീഴ്: പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോഴും പൈപ്പുപൊട്ടി ജലം പാഴാകുന്നത് തടയാൻ നടപടിയില്ല. മലയിൻകീഴ് ക്ഷേത്ര ജങ്ഷനിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടു. വാട്ടർ അതോറിറ്റി അധികൃതരെ വിവരം അറിയിച്ചെങ്കിലും പരിഹരിച്ചില്ല. പൊട്ടി ഒഴുകുന്ന വെള്ളം കെട്ടിക്കിടക്കുന്നത് യാത്രക്കാരെയും വലക്കുന്നു. കാൽനടക്കാരും ഇരുചക്ര വാഹനയാത്രക്കാരുമാണ് ഏറെ പ്രയാസപ്പെടുന്നത്. മലയിൻകീഴ് പഞ്ചായത്തിൽ രണ്ടുദിവസം കുടിവെള്ളം ലഭിച്ചാൽ ഒരാഴ്ചത്തേക്ക് വാട്ടർ അതോറിറ്റി പൈപ്പ് വെള്ളം നൽകാറില്ല. വെള്ളമുള്ളപ്പോഴും ബോധപൂർവമാണ് പ്രദേശത്ത് കുടിവെള്ളം നൽകാത്തതെന്ന് പൈപ്പ് പൊട്ടിയപ്പോഴാണ് പ്രദേശവാസികളറിയുന്നത്. കുടിവെള്ളത്തിന് മുടക്കം വരുത്തുന്ന വാട്ടർ അതോറിറ്റി അധികൃതർ പൈപ്പ് വെള്ളം പാഴാകുന്നത് പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. മലയിൻകീഴ് ജങ്ഷനിൽ അടുത്തടുത്തായി മൂന്നിടത്തും പൊതുമാ‌ർക്കറ്റിന് സമീപത്തും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്. വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ പഞ്ചായത്ത് പ്രദേശങ്ങളിലും നിരവധി സ്ഥലങ്ങളിലും സമാനസ്ഥിതിയാണ്. വിളവൂർക്കൽ, മലയം, ശാന്തുമൂല, ആൽത്തറ, പാലോട്ടുവിള, കരിപ്പൂര് എന്നീ സ്ഥലങ്ങളിൽ വല്ലപ്പോഴും മാത്രമാണ് പൈപ്പ് വെള്ളം ലഭ്യമാകുന്നത്. മങ്കാട്ടുകടവ് പമ്പിങ് സ്റ്റേഷനിൽനിന്ന് ലഭിക്കുന്ന കുടിവെള്ളത്തിന് നിറവ്യത്യാസവുമുണ്ട്. വിളവൂർക്കൽ പഞ്ചായത്തിലെ പ്രധാനസ്ഥലങ്ങളിലെല്ലാം ഇവിടത്തെ വെള്ളമാണ് ആശ്രയം. മാറനല്ലൂർ പഞ്ചാത്തി​െൻറ വിവിധസ്ഥലങ്ങളിൽ ദിവസങ്ങളായി പൈപ്പ് വെള്ളം കിട്ടുന്നില്ലെന്നാണ് പരാതി. വിളപ്പിൽ പഞ്ചായത്തിൽ വെള്ളൈക്കടവ് പമ്പിങ് സ്റ്റേഷനിൽ ഉൾപ്പെട്ട ഉയർന്നപ്രദേശങ്ങളിൽ കുടിവെള്ളം കിട്ടുന്നില്ലെങ്കിലും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.