വീട് ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്​ടിച്ച യുവാവിനെ നാട്ടുകാർ പിടികൂടി

നേമം: വീട്ടുകാർ ഉറങ്ങിക്കിടക്കെ വീടാക്രമിച്ച് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. വെള്ളായണി ക്ഷേത്രത്തിന് സമീപം തെന്നൂർ ശാന്തിവിള കീർത്തി നഗറിൽ അനീഷ് ശങ്കറിനെയാണ് (34) ശനിയാഴ്ച പുലർച്ചെ മൂന്നോടെ നാട്ടുകാർ പിടികൂടിയത്. വെള്ളായണി ക്ഷേത്രത്തിന് സമീപം കുഴിവിളാകത്ത് വീട്ടിൽ ശ്രീകണ്ഠൻ നായരുടെ വീട്ടിലാണ് ഇയാൾ ആക്രമണം നടത്തിയത്. സംഭവസമയത്ത് ശ്രീകണ്ഠൻ നായരും ഭാര്യയും രണ്ടു പെൺമക്കളുമാണ് വീട്ടിലുണ്ടായിരുന്നത്. അർധരാത്രി 12ഒാടെ ഇവരുടെ വീട്ടിലെത്തിയ ഇയാൾ വീട്ടുകാരോട് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വാതിൽ തുറക്കാൻ വിസമ്മതിച്ചതോടെ ഇയാൾ വാതിൽ ചവിട്ടിത്തുറന്ന് വീടിനുള്ളിലുണ്ടായിരുന്ന സ്ത്രീകളെയും ശരീരത്തി​െൻറ ഒരുവശം തളർന്ന ശ്രീകണ്ഠൻ നായരെയും ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് അയൽവാസികൾ ഓടിക്കൂടിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. നേമം പൊലീസ് എത്തി ഇയാൾക്കായി പരിസരത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുലർച്ചെ മൂന്നോടെ പിൻവാതിലിലൂടെ വീണ്ടും വീടിനകത്ത് കയറാൻ ശ്രമിച്ച ഇയാളെ വീട്ടുകാർ തടഞ്ഞുെവച്ചു. ബലപ്രയോഗത്തിനിടയിൽ പിൻവാതിൽ ഭാഗികമായി തകർന്നു. ഈ സമയം ഇയാൾ കൈയിൽ കരുതിയ കൊടുവാൾ വീട്ടുകാർക്കുനേരെ വീശിയെങ്കിലും ആർക്കും പരിക്കേറ്റില്ല. ബഹളത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു. അക്രമത്തിൽ നിസ്സാര പരിക്കുകളേറ്റ വീട്ടുകാർ ശാന്തിവിള ആശുപത്രിയിൽ ചികിത്സതേടി. വീട്ടിലെ വാഷ്ബേസിനും മറ്റും അടിച്ചുടക്കുന്നതിനിടയിൽ പ്രതിക്കും പരിക്കേറ്റു. ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ഏപ്രിലിൽ നേമം എ.എസ്.ഐ മദിമാനെ വെട്ടിപ്പരിക്കേൽപിച്ചതുമായി ബന്ധപ്പെട്ട കേസിൽ അനീഷ് ശങ്കർ ജാമ്യത്തിലിറങ്ങിയിട്ട് മാസങ്ങളേ ആയിട്ടുള്ളൂവെന്ന് എന്ന് നേമം പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.