പട്ടികജാതി പട്ടികഗോത്രവർഗ കമീഷൻ സിറ്റിങ്​​: പരാതികളേറെയും പൊലീസിനെതിരെ

കൊല്ലം: പട്ടികജാതി-ഗോത്രവർഗ കമീഷൻ സിറ്റിങ്ങിൽ പരാതികളിലേറെയും പൊലീസിനെതിരെ. പൊലീസ് അകാരണമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുെന്നന്നാണ് കൂടുതലും പരാതികൾ. കൊല്ലത്ത് വെള്ളിയാഴ്ച നടന്ന സിറ്റിങ്ങിൽ 60 കേസ് പരിഗണിച്ചതില്‍ 35 കേസുകളും പൊലീസ് അതിക്രമവുമായി ബന്ധപ്പെട്ടായിരുന്നു. പലപ്പോഴും പൊലീസ് പട്ടികജാതിക്കാരായ ചെറുപ്പക്കാരെ സംശയത്തി​െൻറ പേരിൽ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ചശേഷം വിട്ടയക്കുകയാണ് ചെയ്യുന്നത്. കേസെടുക്കുന്നത് അപൂര്‍വമാണ്. ചിലപ്പോള്‍ പെറ്റിക്കേസ് ചാര്‍ജ് ചെയ്യും. മര്‍ദനത്തെ കുറിച്ച് മേലുദ്യോഗസ്ഥരോട് പരാതിപ്പെട്ടാല്‍ നടപടി ഉണ്ടാകുന്നില്ലെന്നും സിറ്റിങ്ങിൽ പരാതിയുമായെത്തിയ നിരവധി പേർ കമീഷ​െൻറ ശ്രദ്ധയിൽപെടുത്തി. മര്‍ദനമേറ്റ ചെറുപ്പക്കാരും മാതാപിതാക്കളും കണ്ണീരോടെയാണ് സംഭവങ്ങള്‍ വിവരിച്ചത്. ഇത്തരം സംഭവങ്ങള്‍ ഗൗരവമായി എടുക്കുമെന്ന് ചെയര്‍മാന്‍ പി.എന്‍. വിജയകുമാര്‍ അറിയിച്ചു. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് കമീഷൻ ശിപാർശചെയ്യും. ഡി.ജി.പി, എ.ഡി.ജി.പി തുടങ്ങിയവര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേർത്തു. ജാതി പറഞ്ഞ് അധിക്ഷേപിക്കുക, വഴി തടഞ്ഞ് വേലികെട്ടുക, പൊതുമേഖല സ്ഥാപനങ്ങളില്‍ എക്‌സിക്യൂട്ടിവ് തസ്തികകളില്‍ സംവരണം പാലിക്കാതിരിക്കുക തുടങ്ങിയ പരാതികളും സിറ്റിങ്ങിൽ പരിഗണിച്ചു. കശുവണ്ടി വികസന കോര്‍പറേഷനിൽ സംവരണം പാലിക്കുന്നില്ലെന്ന പരാതിയില്‍ മാനേജിങ് ഡയറക്ടര്‍ ടി.എഫ്. സേവ്യർ മൊഴിനല്‍കാനെത്തി. 40 കേസുകൾ തീര്‍പ്പാക്കി. സിറ്റിങ്ങില്‍ പുതുതായി 35 പരാതി കൂടി ലഭിച്ചു. കമീഷന്‍ അംഗങ്ങളായ എഴുകോണ്‍ നാരായണൻ, കെ.കെ. മനോജ് എന്നിവരും സിറ്റിങ്ങില്‍ പങ്കെടുത്തു. കലക്ടർ എസ്. കാര്‍ത്തികേയൻ, സിറ്റി പൊലീസ് കമീഷണര്‍ അജിതാ ബീഗം എന്നിവരും എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.