സി.പി.എം ഏരിയ സമ്മേളനം സമാപിച്ചു; എതിർശബ്​ദങ്ങളുമായി ലോക്കൽ കമ്മിറ്റി പ്രവർത്തകർ

ചവറ: മൂന്ന് ദിവസമായി നടന്ന സി.പി.എം ചവറ ഏരിയ സമ്മേളനം സമാപിച്ചതോടെ എതിർശബ്ദങ്ങളും അസ്വാരസ്യങ്ങളും മറനീക്കി പുറത്തുവന്നു തുടങ്ങി. ഏരിയ കമ്മിറ്റിയെ തെരഞ്ഞെടുത്തതിനെ ചൊല്ലി നേതൃത്വത്തിനെതിരെ വിവിധ ലോക്കലുകളിൽ പ്രവർത്തകർ പരസ്യ പ്രതികരണവുമായി രംഗത്തുവന്നു. ഏരിയയിലെ പ്രധാന ലോക്കൽ കമ്മിറ്റികളായ ചവറ ഈസ്റ്റ്, വെസ്റ്റ് എന്നിവിടങ്ങളിലെ പ്രവർത്തകരാണ് സോഷ്യൽമീഡിയ വഴി എതിർശബ്ദം ഉയർത്തിയത്. 21 അംഗ ഏരിയ കമ്മിറ്റിയിൽ മൂന്നംഗങ്ങൾ മാത്രമാണ് ഇരു ലോക്കലുകളിൽനിന്നുമുള്ളത്. അതിൽ രണ്ടുപേർ ലോക്കൽ സെക്രട്ടറിമാരാണ്. ജില്ല നേതൃത്വം ഇടപെട്ട് പ്രതിനിധിയാക്കിയ കെ.പി. വിശ്വവൽസലൻ, ഈസ്റ്റ് എൽ.സി അംഗം സോമശേഖരപിള്ള എന്നിവരെ പരിഗണിച്ചതുമില്ല. അതേസമയം വടക്കുംതല, പന്മന ലോക്കൽ പരിധിയിൽനിന്നായി ഒമ്പതുപേരാണ് കമ്മിറ്റിയിലുള്ളത്. വടക്കുംതല ലോക്കൽ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കിയ കെ.എ. നിയാസ് ഏരിയ കമ്മിറ്റിയിൽ ഇടം പിടിച്ചതിനെതിരെയും ഒരു വിഭാഗം രംഗത്തുവന്നു. വടക്കുംതല എൽ.സി സെക്രട്ടറി എൽ. വിജയൻ നായരെ വെട്ടിയാണ് നിയാസിനെ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. ചവറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായ നിയാസ് ലോക്കൽ അംഗമാകാതെ നേരിട്ട് ഏരിയ കമ്മിറ്റിയിലെത്തുകയായിരുന്നു. കഴിഞ്ഞതവണ ഉൾപ്പെടുത്താതെ ഒതുക്കിയ തേവലക്കര നോർത്തിലെ എൻ.ആർ. ബിജുവിനെ ഇത്തവണയും പരിഗണിക്കാത്തതിനെതിരെ പ്രതിഷേധം ഉയർന്നു. പുതിയ ഏരിയ കമ്മിറ്റിയിൽ പാർട്ടിയുടെ ചവറയിലെ വലിയ അടിത്തറയായ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മതിയായ പ്രാധാന്യം നൽകാത്തതും ചർച്ചയായിട്ടുണ്ട്.- വർഷങ്ങളായി ഏരിയ കമ്മിറ്റിയിൽ തുടരുന്നവരെ ഒഴിവാക്കാതിരുന്നതും അർഹതയുള്ളവരെ ഉൾപ്പെടുത്താതിരുന്നതിനും എതിരെ സോഷ്യൽമീഡിയയിൽ ഒരു വിഭാഗം വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.